Skip to main content
ന്യൂഡല്‍ഹി

കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് എന്‍.ഐ.എ കേന്ദ്രആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കൊലക്കുറ്റം ചുമത്തുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിർത്ത സാഹചര്യത്തിലാണ് എൻ.ഐ.എ പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

 

കടലിലെ അതിക്രമങ്ങള്‍ തടയുന്നതിനുള്ള 'സുവ' നിയമത്തിന്‍്റെ മൂന്നാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും പ്രകാരമാണ് നിലവില്‍ എന്‍.ഐ.എ കേസെടുത്തിരിക്കുന്നത്. അക്രമം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ആണെന്നും അതിനാല്‍ സുവാ നിയമം ബാധകമാണെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.

 

കടല്‍ക്കൊല കേസില്‍ എന്‍.ഐ.എ സംഘത്തെ ഇറ്റലിയിലേക്ക് അയക്കാനുള്ള തീരുമാനം ആഭ്യന്തര വകുപ്പ് മാറ്റിവെച്ചിരുന്നു. സാക്ഷികളെ ചോദ്യം ചെയ്യാന്‍ ഇറ്റാലിയന്‍ കോടതിയുടെ സഹായം തേടാനും തീരുമാനിച്ചിരുന്നു. 

 

കൊല്ലം നീണ്ടകരയില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ലെസ്റ്റോറെ മാര്‍സി മിലിയാനോ, സാല്‍വതോറെ ഗിറോണ്‍ എന്നിവര്‍ക്കെതിരെയാണ് എന്‍.ഐ.എ അന്വേഷണം നടത്തുന്നത്. നേരത്തെ നാവികര്‍ക്ക് വധശിക്ഷ ഒഴിവാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഇറ്റലിക്ക് ഉറപ്പു നല്‍കിയിരുന്നു.