Skip to main content
പാലക്കാട്

സി.പി.ഐ.എമ്മിന്റെ സംസ്ഥാന പ്ലീനത്തിന് പാലക്കാട്ട്  തുടക്കമായി. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രതിനിധി സമ്മേളന വേദിയായ ടൗണ്‍ ഹാളില്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചതിനു ശേഷം പൊതു സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ സംഘടനാ രേഖ അവതരിപ്പിക്കും. തുടര്‍ന്ന്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തും.

 

പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിളള, സീതാറാം യെച്ചൂരി എന്നിവരും 3 ദിവസത്തെ പ്ലീനത്തില്‍ പങ്കെടുക്കും. പൊതു സമ്മേളന വേദിയായ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച മുതിര്‍ന്ന നേതാവ് ടി.ശിവദാസ മേനോന്‍ പതാക ഉയര്‍ത്തിയിരുന്നു. വിഭാഗീയതയും സംഘടനാ ദൗര്‍ബല്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കുകയാണ് പ്ലീനത്തിന്റെ ലക്ഷ്യം. 

 

സംസ്ഥാന കമ്മറ്റിയംഗങ്ങള്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങള്‍, ഏരിയാ സെക്രട്ടറിമാര്‍ തുടങ്ങി 408 പേരാണ് സി.പി.ഐ.എം സംസ്ഥാന പ്ലീനത്തില്‍ പ്രതിനിധികളായി ഉണ്ടാവുക.

 

87 സംസ്ഥാന കമ്മറ്റിയംഗങ്ങളും, 202 ഏരിയാ സെക്രട്ടറിമാരും, ഇരുന്നൂറോളം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളുമാണ് സമ്മേളനത്തിനെത്തിയിരിക്കുന്നത്.

 

സി.പി.ഐ.എമ്മിന്റെ ചരിത്രത്തിലെ തന്നെ നാലാമത്തെ സംസ്ഥാന പ്ലീനമാണിത്. 1968-ല്‍ കൊച്ചി, 1970-ല്‍ തലശ്ശേരി, 1981-ല്‍ തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇതിന് മുമ്പ് പ്ലീനം നടന്നിട്ടുള്ളത്.