Skip to main content

Sachin Farewell Test

 

ആചാരങ്ങൾ സമൂഹത്തിന് ആവശ്യം. ആ കാഴ്ചപ്പാടിൽ അവ നിർവഹിക്കപ്പെടണം. അതേസമയം അതിന്റെ സർഗാത്മകത നഷ്ടപ്പെടാനും പാടില്ല. അത് അങ്ങേയറ്റം സൂക്ഷ്മവും സങ്കീർണ്ണവുമായ നടവഴിയാണ്. അത് നഷ്ടമായാൽ ആചാരങ്ങൾ അനാചാരങ്ങളിലേക്ക് വഴുതിവീഴും. അനാചാരങ്ങൾക്ക്, ഒരുപക്ഷേ, ആചാരങ്ങളിലേക്കാൾ സർഗാത്മകത ഉണ്ടെന്ന് തോന്നും. എന്നാല്‍, തോന്നലുകള്‍ക്ക് യാഥാർഥ്യവുമായി ഛായ മാത്രമേ ഉണ്ടാവുകയുള്ളു. തോന്നലുകളെ യാഥാർഥ്യമായി കണ്ടാലുള്ള അപകടം എന്താവുമെന്ന് പറയേണ്ടതില്ലല്ലോ. അവിടെയാണ് ആചാരം അനാചാരമായി മാറുന്നത്. അത്യാചാരങ്ങൾ മുതൽ നരബലി വരെ ആചാരങ്ങളുടെ പേരിൽ അരങ്ങേറുന്നു. തങ്ങളെ എങ്ങനെ വേണമെങ്കിലും വിനിയോഗിക്കാൻ പാകത്തിൽ ശിരസ്സും കുനിച്ച് സ്വമേധയാ നിന്നുകൊടുക്കുന്നവരെ കണ്ട് അവരുടെ മേൽ ആധിപത്യം സ്ഥാപിക്കാന്‍ നിക്ഷിപ്ത താൽപ്പര്യക്കാരായ ന്യൂനപക്ഷം ആചാരങ്ങളെ അതിവിദഗ്ധമായി അനാചാരമായി മാറ്റിക്കൊണ്ടിരിക്കുന്നു. അനാചാരത്തിലേക്ക് വഴുതി വീഴുന്ന സമൂഹം എല്ലാവിധ ജീർണ്ണതകൾക്കും ഇരയാകുന്നു. ആരെങ്കിലും അതിലേക്ക് വിരൽ ചൂണ്ടിയാൽ അവരുടെ വിരൽ ഈ അനാചാരത്തിലേർപ്പെട്ടിരിക്കുന്നവർ ഛേദിക്കും. അതാണ് അനാചാരം ഒരുക്കുന്ന അവസരം. ഇന്ത്യയിലെ മുഖ്യധാരാ സമൂഹത്തിന്റെ മനശ്ശാസ്ത്രം ഏതാണ്ട് ആ വിധത്തിലായിരിക്കുന്നു. മുഖ്യധാരയെന്നു പറയുമ്പോൾ മധ്യവർഗ്ഗം. രാജ്യകാര്യങ്ങളെല്ലാം നേതൃത്വതലത്തിൽ കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷം. അവർ ഔപചാരിക വിദ്യാഭ്യാസമുള്ളവർ, ഭരണം കൈയ്യാളുന്നവർ, സമ്പദ്‌വ്യവസ്ഥയെ നിർണ്ണയിക്കുന്നവർ -  എല്ലാ രീതിയിലും രാജ്യത്തിന്റെ ഗതി നിർണ്ണയിക്കുന്നവര്‍. ഒപ്പം, വർത്തമാന കാലത്തിൽ അതിന്റെയെല്ലാം തന്നെ ഗതി നിശ്ചയിക്കുന്ന മാധ്യമങ്ങൾ. ഇവരെല്ലാം ചേർന്ന് ഒരേപോലെ ഏർപ്പെടുന്ന അനാചാരങ്ങളിൽ നിന്ന് മുക്തമാവുക അത്ര എളുപ്പമുള്ള കാര്യമല്ല.  ഈ അനാചാര പ്രതിഷ്ഠാകർമ്മത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്രിക്കറ്റ്താരം സച്ചിൻ ടെൻഡുൽക്കറുടെ വിടവാങ്ങൽ ചടങ്ങ് അഥവാ വിടവാങ്ങൽക്കളി.

 

സച്ചിൻ എന്ന ആചാരം ആചാരമായി നിലനിൽക്കുമ്പോൾ തന്നെ അദ്ദേഹം അനാചാരവും അന്ധവിശ്വാസവും ആയി മാറിയ കാഴ്ചയുടെ പരിസമാപ്തിയാണ് വിടവാങ്ങൽക്കളിയിലൂടെ പ്രകടമായത്. ആ അനാചാരത്തിൽ ഒരു രാഷ്ട്രം മുഴുവൻ പങ്കെടുത്തു.

 

ഇംഗ്ലീഷുകാർ കൊടുംതണുപ്പിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി വികസിപ്പിച്ചെടുത്ത  ക്രിക്കറ്റ് നമ്മളുൾപ്പടെയുള്ളവർ എരിയാണിയെരിയുന്ന വെയിലത്തും കളിക്കുന്നു. നൂറ്റാണ്ടിന്റെ കളിയായി തന്നെ അതുമാറി. അതുതന്നെ ടെലിവിഷൻ എന്ന മാധ്യമത്തിന്റെ സ്വാധീനം വിളിച്ചറിയിക്കുന്നു. ഇന്ത്യയുടെ ഏതു കുഗ്രാമത്തിലും ഇന്ന് ആവേശത്തോടെ കുട്ടികളും യുവാക്കളും ക്രിക്കറ്റ് കളിക്കുന്നു. അതോടൊപ്പം പ്രാദേശികമായി നിലനിന്നിരുന്ന പല കളികളും അന്യം നിന്നുപോവുകയും ചെയ്തിട്ടുണ്ട്. ആ കളികളൊക്കെ അതതു പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സവിശേഷതകളുമായി ജൈവബന്ധമുണ്ടായിരുന്നതാണ്. ആ നാടിന്റെ കൂട്ടായ്മയുടെ പൊക്കിൾക്കൊടി ബന്ധമൊക്കെ അത്തരം കളികളുടെ ഉള്ളിലേക്കു നോക്കിയാൽ കണ്ടെത്താനാകും. അതായത് ആ പ്രദേശത്തിന്റെ പ്രത്യേകതയുടെ ഡി.എൻ.എ. തൽക്കാലം അതവിടെ നിൽക്കട്ടെ.  ലോകം പരസ്പരം കൊണ്ടും കൊടുത്തും തന്നെയാണ് മുന്നേറുന്നത്. അത് അങ്ങനെ തന്നെ വേണം താനും. അതില്ലായിരുന്നെങ്കിൽ ഈ കുറിപ്പിപ്പോൾ വായിക്കുക സാധ്യമാകുമായിരുന്നില്ല. എന്നാൽ ഇതൊന്നുമല്ല സച്ചിന്റെ കാര്യത്തിൽ നടന്നത്. അൽപ്പം ആലങ്കാരികമായി പറയുകയാണെങ്കിൽ സച്ചിൻ എന്ന ആചാരം ആചാരമായി നിലനിൽക്കുമ്പോൾ തന്നെ അദ്ദേഹം അനാചാരവും അന്ധവിശ്വാസവും ആയി മാറിയ കാഴ്ചയുടെ പരിസമാപ്തിയാണ് വിടവാങ്ങലിലൂടെ പ്രകടമായത്. ആ അനാചാരത്തിൽ ഒരു രാഷ്ട്രം മുഴുവൻ പങ്കെടുത്തു.

 

 

ശരിയാണ്, സച്ചിൻ രണ്ട് വ്യാഴവട്ടക്കാലം ക്രിക്കറ്റ് പ്രേമികൾക്ക് കാഴ്ചവച്ചത് അവാച്യസുന്ദരമായ കളിതന്നെയാണ്. വളരെ മാന്യതയോടെ അദ്ദേഹം കളിക്കാലം പൂർത്തിയാക്കി പിൻവാങ്ങുകയും ചെയ്തു. മൂന്ന് കാര്യങ്ങൾ നോക്കൂ, സച്ചിൻ അനാചാരമായി മാറിയത് കാണാൻ കഴിയും. അദ്ദേഹത്തിന്റെ അവസാനത്തെ കളിയും വിടവാങ്ങൽ ചടങ്ങും വീക്ഷിക്കുന്നതിന് വാംഖഡ സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റഴിക്കപ്പെട്ടത് പതിനായിരം രൂപയ്ക്ക് മേൽ. കേന്ദ്ര സർക്കാർ അദ്ദേഹം വിടവാങ്ങുന്ന ദിവസം ഭാരതരത്നം പുരസ്‌കാരം നൽകി ആദരിക്കുന്നു. പിന്നെ മാധ്യമങ്ങൾ. ചാനലുകളും പത്രങ്ങളും വിടവാങ്ങൽ ഉൾക്കൊള്ളാൻ കഴിയാത്തതു പോലെ വികാരങ്ങൾക്കും ഭാഷയ്ക്കും വേണ്ടി ശ്വാസം മുട്ടനുഭവിച്ചു. മലയാള പത്രങ്ങളുൾപ്പടെ        എല്ലാ മാധ്യമങ്ങളും സച്ചിന്റെ വിടവാങ്ങൽ വാർത്തകളുടെ തലവാചകമായി ഉപയോഗിച്ചത് സച്ചിൻ മാനിയ എന്നാണ്. മാനിയ എന്നാൽ കിറുക്ക്, ഭ്രാന്ത്, ഉന്മാദം, അമിതാവേശം എന്നൊക്കെയാണ് നിഘണ്ടുവിലെ അർഥങ്ങൾ. യഥാർഥത്തിൽ മാധ്യമങ്ങൾ സ്വയം കുറ്റസമ്മതം കൂടി നടത്തുന്നതുപോലെ അനുഭവപ്പെട്ടു. കാണികളേക്കാളും ആ മാനിയയിൽ പെട്ടത് മാധ്യമങ്ങളാണ്. വിശേഷിച്ചും ചാനലുകൾ.  അതിന് ഈ അനാചാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാരണവുമുണ്ട്. സച്ചിൻ മാനിയ പരമാവധി വിൽക്കാൻ പറ്റിയ അവസരമാണ്. പരസ്യക്കാരിൽ നിന്നും കുറഞ്ഞ സമയത്തിന് പരമാവധി പണം വാങ്ങിയെടുക്കാൻ പറ്റിയ അവസരം.

 

രാഷ്ട്രീയം-മാധ്യമം-മാനിയ

 

ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണം കൊഴുക്കുന്നു. കൊഴുപ്പ് കൂടാൻ കാരണം ആം ആദ്മി പാർട്ടിയുടെ സാന്നിദ്ധ്യമാണ്. ഇംഗ്ലീഷ് ചാനലുകൾ തങ്ങളുടെ പാർട്ടിയെന്നോണമാണ് ആം ആദ്മി പാർട്ടിയുടെ വാർത്ത കൈകാര്യം ചെയ്യുന്നത്. മാധ്യമങ്ങളെ എങ്ങിനെ വിനിയോഗിക്കാമെന്നത് അതിന്റെ നേതാവായ അരവിന്ദ് കേജ്രിവാളിനറിയാം. അതിനാൽ ഏതു സാഹചര്യവും തങ്ങൾക്കനുകൂലമാക്കാനും അവർക്കു കഴിയുന്നു. ആം ആദ്മി പാർട്ടി രാഷ്ട്രീയമായല്ല വളർന്നത്. പ്രസ്ഥാനത്തിന്റെ ആശയം പ്രചരിപ്പിച്ച് അതിനോട് ജനങ്ങൾക്ക് ആഭിമുഖ്യമുണ്ടാക്കി ജനങ്ങളെ കൂടെനിർത്തി ജനങ്ങളുടെയിടയിൽ പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു പ്രസ്ഥാനം രാഷ്ട്രീയമായി പരിണമിക്കുന്നത്. കേജ്രിവാൾ ചുരുങ്ങിയ സമയം കൊണ്ട് ഈ പിന്തുണ നേടിയത് ബഹുജന മാധ്യമങ്ങളെ തന്റെ അജണ്ടയുടെ മാധ്യമമാക്കി മാറ്റിക്കൊണ്ടാണ്. അതിന് ആദ്യം അദ്ദേഹം മാധ്യമമാക്കിയത് അണ്ണാ ഹസ്സാരെയെയാണ്. അണ്ണാ ഹസ്സാരയിലൂടെ ഇന്ത്യൻ ജനതയുടെ കോശസ്മൃതികളിലുറങ്ങിക്കിടക്കുന്ന ഗാന്ധി സ്നേഹം തട്ടിയുണർത്തി.  ഹസ്സാരെയെക്കൊണ്ട് ഒരു മിമിക്രിക്കാരനെപ്പോലെ റിയാലിറ്റി ഷോ നടത്തി. ഇംഗ്ലീഷ് ചാനലുകളും ഇന്ത്യയിലെ മറ്റു മാധ്യമങ്ങളും ഹസ്സാരെയിൽ ഗാന്ധിയെക്കണ്ടു. അത് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചു. ഇന്ത്യയിലെ നഗരകേന്ദ്രീകൃത മധ്യവർഗ്ഗസമൂഹം സടകുടഞ്ഞ് പുറത്തിറങ്ങി.

 

 

സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയുടെ സാന്നിധ്യം സൃഷ്ടിച്ചതിനേക്കാൾ മാനിയയാണ് അണ്ണായിലൂടെ പ്രകടമായത്. ഉപവാസത്തിലേക്കു പ്രവേശിക്കുമ്പോൾ ഗാന്ധിജിക്ക്  അത് സമരായുധത്തിനൊപ്പം സ്വയം നവീകരണത്തിനുള്ള അവസരം കൂടിയായിരുന്നു. ഗാന്ധിജി ശാരീരികമായും മാനസികമായും ശാന്തതയിലേക്ക് നീങ്ങുകയായിരുന്നു പതിവ്. അതുകൊണ്ടാണ് ഉപവാസം എന്ന പേര് അതിന് കൈവന്നത്. അത് വെറും പട്ടിണികിടപ്പല്ല. ഈശ്വരന്റെ സമീപത്തു വസിക്കുക എന്നതാണ് ആ വാക്കിന്റെ അർഥവും ഗാന്ധിജി പ്രയോഗിച്ചതും. ഈശ്വരൻ പുറത്തല്ല തന്റെയുള്ളിലാണെന്നും ഗാന്ധിജി അറിഞ്ഞിരുന്നു. ആ ഈശ്വരന്റെ സമീപത്തെത്തി വസിക്കുമ്പോൾ ശാരീരികമായും മാനസികമായും അസ്വസ്ഥമാവുക അസാധ്യം. പാവം അണ്ണാ ഹസ്സാരെ പട്ടിണി കിടന്ന് അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം ഉയർന്ന് മറ്റുരോഗങ്ങളും മൂർച്ഛിച്ചു. അണ്ണായ്ക്കിതാവുമെങ്കിൽ പിന്നെന്തിന് താൻ മടിച്ചുനിൽക്കണമെന്ന ചിന്തയിലാണ്  വയറുളുക്കി നട്ടെല്ലുകാണിച്ച് അനുയായികളെ വിസ്മയിപ്പിക്കുന്ന രാംദേവ് ദില്ലിയിലേക്കെത്തിയത്. അണ്ണാ മോഡല്‍ സമരത്തിനായി.  അതിനായി ദില്ലി വിമാനത്താവളത്തിൽ വന്നിറങ്ങിയ രാംദേവിനെ എയർപോർട്ടിൽ ചെന്ന് സ്വീകരിച്ച് സമരത്തിൽ നിന്ന് പിന്തിരിയണമെന്ന്  കേന്ദ്രമന്ത്രിസഭയ്ക്കുവേണ്ടി യാചിക്കാൻ പോയത് ഇന്നത്തെ രാഷ്ട്രപതിയായ അന്നത്തെ ധനമന്ത്രി പ്രണബ് കുമാർ മുഖർജി. വാസ്തവത്തിൽ രാജ്യം മുഴുവൻ ആ നടപടിയിൽ ചെറുതായിപ്പോയി. എന്തായാലും യോഗാചാര്യൻ പോലീസ് വരുന്നതുകണ്ട് സ്റ്റേജിൽനിന്നും ചാടിയിറങ്ങി ആരാധികയുടെ ചുരിദാറും സംഘടിപ്പിച്ച് അതുമിട്ട് കടക്കുന്നതിനിടയിൽ പിടിയിലായത് ചരിത്ര തമാശ. തമാശകൾ ഓരോന്നു കഴിഞ്ഞു. കേജ്രിവാളിന്റെ കൂടെ കുത്തിയിരുന്നവരും ആടുകയും പാടുകയും ഒക്കെ ചെയ്ത കിരൺബേദിയുൾപ്പടെയുള്ള എല്ലാവരും പിൻവാങ്ങി.  കേജ്രിവാൾ പിന്നീടു വരുന്നത് രാഷ്ട്രീയപാർട്ടിയുമായി. കൂട്ടിന് പ്രസിദ്ധ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും. അദ്ദേഹത്തിന്റെ അച്ഛൻ ശാന്തിഭൂഷണും തുടക്കത്തിൽ അണ്ണാ റിയാലിറ്റി ഷോയിൽ പങ്കെടുക്കാനുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം ഒരുകോടി രൂപ ആം ആദ്മി പാർട്ടിക്ക് സംഭാവന നൽകി ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പശ്ചാത്തലത്തിലുണ്ട്.

 

രാജ്യം മുഴുവൻ മാനിയയിൽ പെട്ടപ്പോൾ കേന്ദ്രസർക്കാരും ആ മാനിയയ്ക്ക് അടിമയായി. ഇനി, രാജ്യത്തിന്റെ പരമോന്നത ബഹമതിയായ ഭാരതരത്നം നേടിയ വ്യക്തി ബൂസ്റ്റാണ് എന്റെ ഊർജത്തിന്റെ രഹസ്യമെന്ന് ടെലിവിഷൻ പരസ്യത്തിൽ പറയുമ്പോൾ കാണികൾ ബൂസ്റ്റ് വാങ്ങുക.

 

ഇന്നിപ്പോൾ എല്ലാവരും കരുതുന്നു, ചൂൽ ചിഹ്നവുമായി മത്സരരംഗത്തുള്ള ആം ആദ്മി പാർട്ടി വന്നാൽ രാജ്യത്തെ അഴിമതി തുടച്ചുനീക്കപ്പെടും, അഴിമതി മൂലം ഉണ്ടാകുന്ന എല്ലാ ജീർണ്ണതകളും തുടച്ചു നീക്കപ്പെടും എന്നൊക്കെ. എന്നാല്‍, അഴിമതിക്കെതിരെ പോരാടുക അതു വെളിച്ചത്തു കൊണ്ടുവരിക എന്ന ശൈലിയുമായി മാധ്യമങ്ങൾ, വിശേഷിച്ചും ചാനലുകളും ന്യൂസ് പോർട്ടലുകളും, കണ്ണടച്ചു തുറക്കുന്നതിനു മുൻപ് പ്രചാരത്തിലും തുടർന്ന് സാമ്പത്തികമായും വിജയിക്കുന്നത് കണ്ട്, അതേ മാധ്യമ തന്ത്രം പ്രയോഗിച്ചു കൊണ്ടാണ് അരവിന്ദ് കേജ്രിവാൾ അധികാരം പിടിക്കാൻ നോക്കുന്നത്. മാധ്യമങ്ങൾ അഴിമതിക്കെതിരെ ആഞ്ഞടിക്കുമ്പോൾ സാധാരണ ജനം അതുകണ്ട് ബലേ ഭേഷ് പറയുന്നു. ഒളിക്ക്യാമറ വച്ചും അല്ലാതെയും ആക്ടിവിസ്റ്റ് ശരീരഭാഷയിൽ കോപാഗ്നിജ്വലനത്തോടെ ഈ അഴിമതി വാർത്തകൾ അവതരിപ്പിക്കുമ്പോൾ അവരോട് കാണികളും താദാത്മ്യം പ്രാപിക്കുന്നു. അഴിമതി കാണികൾക്ക് സഹിക്കാനാവില്ല. അത്തരക്കാരെ തൊലിപൊളിച്ചു കാണിക്കുമ്പോൾ കാണികൾ വല്ലാത്ത ഒരു സുഖം അനുഭവിക്കുന്നുണ്ട്. അവരറിയുന്നില്ല, അഴിമതിക്കെതിരെയുള്ള തങ്ങളുടെ മൂല്യബോധമല്ല സക്രിയമാകുന്നതെന്ന്. മറിച്ച് ബഹുമാന്യരെന്ന് കരുതപ്പെടുന്ന വ്യക്തികളുടെ മൂടുപടം വലിച്ചുകീറപ്പെടുന്നത് ആസ്വദിക്കുകയാണെന്ന്. അതെ, കാണികൾ ഒരു വിനോദ പരിപാടി കണ്ട് ആസ്വദിക്കുകയാണ്. അല്ലാതെ  ഉയർന്ന മൂല്യബോധത്തില്‍ അധിഷ്ഠിതമായ വൈകാരികത കൊണ്ടല്ല അത്തരം പരിപാടികൾക്ക് കൈയ്യടിക്കുന്നത്. സംശയം വേണ്ട, ചാനലുകൾ അവ കാണിക്കുന്നത് അഴിമതിയോടുള്ള തങ്ങളുടെ സ്വയം പ്രഖ്യാപിത നയം കൊണ്ടല്ല. ഹരം പകരുന്ന പരിപാടി അവതരിപ്പിച്ച് കാണികളെക്കൂട്ടി വരുമാനം വർധിപ്പിക്കുക എന്നതു തന്നെയാണ് അവരുടെ മുന്‍ഗണന.

 

 

ഇതെല്ലാം സാധ്യമാകുന്നത് എന്തുകൊണ്ട്? ഉത്തരം ആലോചിച്ചാൽ ആർക്കും മനസ്സിലാവുന്നതേയുള്ളു. നിക്ഷിപ്തമായ താൽപ്പര്യം മുൻനിർത്തി ഉദാത്തമായി ഉപയോഗിക്കേണ്ട സംവിധാനങ്ങളെ ഒരു ന്യൂനപക്ഷം തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു. ആചാരങ്ങളിൽ അർപ്പിക്കപ്പെട്ടിട്ടുള്ള വിശ്വാസത്തിനുള്ളിലൂടെ അനാചാരത്തെ കടത്തിവിട്ടാൽ അറിയാൻ കഴിയില്ല. വിശ്വാസികൾ അതിനെ ഏറ്റവും കൂടുതൽ വിശ്വസിക്കുകയും ആ പ്രയോഗം നടത്തുന്നവരെ അമാനുഷരായി കണ്ട് ഭയഭക്തിബഹുമാനങ്ങളോടെ വിനീത വിധേയരായി തുടരുകയും ചെയ്യുന്നു. ആചാരം നടത്തുന്നവർ പറയുന്നത് എന്തും അവർക്ക് പിന്നെ വേദവാക്യം. അതാണവരുടെ മുന്നിലെ ശരി.  സച്ചിന്റെ വിടവാങ്ങൽ ദിവസം ഉത്തർപ്രദേശിൽ നിന്നൊരു വാർത്തയും ഉണ്ടായിരുന്നു. ഒരു യുവാവ് അഭിമാനക്കൊലയ്ക്കിരയായതിന്റെ. അതു ചെയ്തതും  ആചാരവും വിശ്വാസവും അനാചാരത്തിലേക്ക് കടന്നതുകൊണ്ട്. അതിന് അവർക്ക് അവരുടേതായ ആചാരനിഷ്ട ന്യായങ്ങൾ ഉണ്ടായെന്നിരിക്കും. രാജ്യം മുഴുവൻ മാനിയയിൽ പെട്ടപ്പോൾ കേന്ദ്രസർക്കാരും ആ മാനിയയ്ക്ക് അടിമയായി. നാൽപ്പതാം വയസ്സിൽ അന്നേദിവസം സച്ചിന് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി ആദരിക്കുന്നു. കൂട്ടത്തിൽ ഒരു ജീവിതകാലം മുഴുവൻ ശാസ്ത്രസപര്യയിൽ മുഴുകി വിദേശത്തേക്കു കുടിയേറാതെ രാജ്യത്തിനു വേണ്ടി സംഭാവനകൾ നൽകിയ പ്രൊഫ. സി.എൻ.ആർ റാവുവിനും ഭാരതരത്നം. സച്ചിൻ മറ്റ് ക്രിക്കറ്റ് കളിക്കാരിൽ നിന്നും വ്യത്യസ്തനും അതുപോലെ ക്രിക്കറ്റ് സംസ്കാരം സൃഷ്ടിച്ച ജീർണ്ണതയിൽ നിന്ന് പൂർണ്ണമായിട്ടല്ലെങ്കിലും ഒരു പരിധിവരെയെങ്കിലും മുക്തനാണ്. ഒരു ക്രിക്കറ്റ് താരമെന്നതിനേക്കാൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വഭാവ സവിശേഷതകളാണ് അദ്ദേഹത്തെ ഇന്നത്തെ അവസ്ഥയിലേക്കുയർത്തിയത്. വ്യക്തിയെന്ന നിലയിലുള്ള ജീവിത മൂല്യങ്ങൾ. എന്നാൽ സച്ചിന്റെ ഉയർച്ചയുടെ തന്നെ കാലത്തുണ്ടായ ക്രിക്കറ്റ് ഭ്രാന്തും സംസ്കാരവും ആ കളിയെ വിനോദവാണിജ്യമാക്കി മാറ്റി. അതോടെ കളിയെന്ന നിലയിൽ നിന്നും ക്രിക്കറ്റ് പറിച്ചുമാറ്റപ്പെട്ടു. ആ സംസ്കാരം സച്ചിന്റെ വ്യക്തിജീവിതത്തിൽ അദ്ദേഹത്തിനു നിലനിർത്താൻ കഴിഞ്ഞ മൂല്യങ്ങൾ സമൂഹത്തിൽ നഷ്ടപ്പെടുന്നതിന് കാരണമായി. അതു തുടർന്നുകൊണ്ടിരിക്കുന്നു. അതാണ് സച്ചിൻ മാനിയ എന്ന്, തെല്ലും മടിയില്ലാതെ, എഴുതുന്ന അല്ലെങ്കിൽ പറയുന്ന മാധ്യമപ്രവർത്തകൻ സ്വയം ബഹുമാനമില്ലാതെ ഉപയോഗിക്കുന്നതും അതിലേക്ക് ജനങ്ങളെ ആകർഷിച്ച് കൊണ്ടുവന്ന് കുരുക്കിയിടുന്നതും. തങ്ങൾക്കുവേണ്ടി തങ്ങൾ ഒന്നും ചെയ്യാതെ തന്നെ മുഖ്യപണി ചെയ്യുന്ന മാധ്യമപ്രവർത്തകരെ കണ്ട് വിനോദവാണിജ്യ മുതലാളിമാർ ചിരിക്കുന്നുണ്ടാകും. എന്നിരുന്നാലും ഇനി, രാജ്യത്തിന്റെ പരമോന്നത ബഹമതിയായ ഭാരതരത്നം നേടിയ  വ്യക്തി ബൂസ്റ്റാണ് എന്റെ ഊർജത്തിന്റെ രഹസ്യമെന്ന് ടെലിവിഷൻ പരസ്യത്തിൽ പറയുമ്പോൾ കാണികൾ ബൂസ്റ്റ് വാങ്ങുക. ചില ആചാരങ്ങളിൽ ചില പൂജാരികൾ പറയും കൊഴിക്കുരുതിയും ആട് കുരുതിയും പിന്നെ ശൂലം നാവിലൂടെ കുത്തിയിറക്കുകയുമൊക്കെ വേണമെന്ന്. ആചാരത്തിന്റെ ഭാഗമെന്നോണം ഭക്തന് അതു ചെയ്യുകയല്ലാതെ നിവൃത്തിയില്ല. ക്രിക്കറ്റിലെ ദൈവമെന്ന് വിളിക്കപ്പെട്ടു തുടങ്ങിയ സച്ചിൻ വിടവാങ്ങൽ റിപ്പോർട്ട് ചെയ്ത എല്ലാ മാധ്യമങ്ങളും തലവാചകത്തിലെ ക്രിക്കറ്റ് ഒഴിവാക്കി ദൈവമെന്നു മാത്രമാണ് പ്രയോഗിച്ചത്.

 

വിശ്വാസത്തേക്കാൾ സർഗാത്മകത അന്ധവിശ്വാസത്തിനും ആചാരത്തേക്കാൾ ഭംഗിയും ദുരൂഹതയും അനാചാരങ്ങൾക്കുമാണ്. അതു മനസ്സിലാക്കിയാണ് പൂർവ്വസൂരികൾ സാധാരണക്കാരന് മൂല്യങ്ങൾ പകർന്നുകൊടുക്കുകയും അതോടൊപ്പം അതവനറിഞ്ഞില്ലെങ്കിലും ആ മൂല്യങ്ങളിലധിഷ്ഠിതമായി ജീവിക്കുന്നതിനും വേണ്ടിയാണ് ഇതിഹാസങ്ങളും പുരാണങ്ങളും രചിച്ചതും അതിനെ പിൻപറ്റി ആചാരങ്ങൾ ചിട്ടപ്പെടുത്തിയതും. സമൂഹത്തെ നയിക്കുന്ന ന്യൂനപക്ഷം ഇവയിൽ പൊതിഞ്ഞ് വച്ചിട്ടുള്ളത് കണ്ടെടുത്ത് സാധാരണക്കാരന് പറഞ്ഞുകൊടുക്കുമെന്ന വിശ്വാസത്തിൽ. അവർ തന്നെയാണ് ഇന്ന്  ബോധപൂർവ്വം ആചാരങ്ങളെ അനാചാരങ്ങളുടെ തലത്തിലേക്ക് മാറ്റുന്നത്.

(തുടരും)

Tags
Ad Image