ഗുരുവായൂരിനടുത്ത് ബ്രഹ്മകുളത്ത് സി.പി.ഐ.എം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. ബ്രഹ്മകുളം ഈസ്റ്റ് കുന്നംകോരത്ത് ഫാസിലാ (21)ണ് കൊല്ലപ്പെട്ടത്. ആര്.എസ്.എസ്. പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ഫാസിലിന്റെ വീട്ടില്‍ നിന്നും തൊട്ടടുത്ത ജംഗ്ഷനിലേക്ക് പോകുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. നാട്ടുകാര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കിയ ഫാസില്‍ എസ്.എഫ്.ഐ മണലൂര്‍ ഏരിയ കമ്മിറ്റി ജോയന്റ് സെക്രട്ടറിയായിരുന്നു. സി.പി.ഐ.എം അംഗവും ഡി.വൈ.എഫ്.ഐയുടെ തൈക്കാട് മേഖലാ കമ്മിറ്റി ജോയന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയായിരുന്നു.
സംഭവത്തില്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാനവ്യാപക പഠിപ്പുമുടക്കിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. എല്‍.ഡി.എഫ് മണലൂര്‍ നിയോജകമണ്ഡലത്തില്‍ പകല്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം നല്കി.
കുന്നംകോരത്ത് സലീമിന്റെയും ബുഷറയുടെയും മകനാണ്. സഹോദരന്: ഫൈസല്‍. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഖബറടക്കം തൈക്കാട് ജുമാ മസ്ജിദില്‍.