സലിം രാജ് ആര്? ചോദ്യം ഉന്നയിക്കുന്നത് കേരളാ ഹൈക്കോടതി. പല രീതിയിൽ പല സന്ദർഭങ്ങളിൽ ഹൈക്കോടതി ഈ ചോദ്യമുന്നയിക്കുന്നു. ഉത്തരം പറയേണ്ടത് സംസ്ഥാന സർക്കാരാണ്. ഇതുവരെ കോടതിക്ക് ഉത്തരം കിട്ടിയില്ല. ഒടുവിൽ ചോദിച്ചിരിക്കുന്നു, സലിം രാജ് ആരുടേയെങ്കിലും ബിനാമിയാണോ എന്ന്. ഒരു കോൺസ്റ്റബിളായ സലിം രാജിന്റെ പക്കൽ ഇത്രയും പണം എങ്ങിനെ വന്നുവെന്നും കോടതി ചോദിച്ചിരിക്കുന്നു. ആദ്യം കോടതിയുടെ ചോദ്യം സംസ്ഥാന പോലീസ് മേധാവിയോട് തന്നെയായിരുന്നു. അദ്ദേഹത്തിന് സലിം രാജിനെ പേടിയാണോ എന്നും കോടതി ആരാഞ്ഞു. ആ ചോദ്യത്തിനു ശേഷമാണ് സലിം രാജ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നും കാണിച്ച് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നുവെന്ന് വെളിപ്പെട്ടത്. എന്നാൽ അന്ന് മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലിം രാജിനെതിരെ നടപടിയുണ്ടായില്ല. വീണ്ടും കേസ്സുകൾ വന്നപ്പോൾ കോടതി സലിം രാജിന്റെ ടെലിഫോൺ സംഭാഷണങ്ങളുടെ രേഖ ഹാജരാക്കാൻ ഉത്തരവിട്ടു. ഒപ്പം അദ്ദേഹം ഉൾപ്പെട്ട കേസ്സിലെ ഭൂമിയുടെ യഥാർഥ തണ്ടപ്പേരിന്റെ രേഖകളും. ഇത് സിംഗിൾ ബഞ്ചിന്റെ ഉത്തരവായിരുന്നു. അതിനെതിരെ അഡ്വക്കേറ്റ് ജനറൽ തന്നെ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകി ടെലിഫോൺ സംഭാഷണങ്ങളുടെ രേഖ ഹാജരാക്കുന്നതിനെതിരെ സ്റ്റേ സമ്പാദിച്ചു.
ഭൂമി തട്ടിപ്പുകേസ്സ് ഹൈക്കോടതിയുടെ മുന്നിൽ വീണ്ടും പരിഗണനയ്ക്കു വന്നപ്പോൾ വെറുമൊരു കോൺസ്റ്റബിളായ സലിം രാജിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് അറിയിച്ചു. എന്നാൽ സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്ന് കോടതി അഭിപ്രായപ്പെട്ടതിനെത്തുടർന്ന് പിന്നീട് സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചു. അപ്പോഴും തണ്ടപ്പേർ സംബന്ധമായ രേഖകൾ സർക്കാർ കോടതിയിൽ ഹാജരാക്കിയില്ല. കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും. സലിം രാജിനെതിരെ കോടതിയിൽ നൽകപ്പെട്ട സ്വകാര്യ അന്യായത്തിലാണ് സർക്കാർ ഈ നിലപാടുകൾ സ്വീകരിച്ചത്. ഇതു കണ്ടപ്പോൾ ഹൈക്കോടതി ജഡ്ജി ഹാറൂൺ അൽ റഷീദ് പറഞ്ഞു, സലിം രാജ് അധികാര കേന്ദ്രമാണെന്ന്. എന്നിട്ടും ഹൈക്കോടതി വീണ്ടും ആവർത്തിച്ചു ചോദിക്കുന്നു സലിം രാജ് ആരാണ്? ഈ ഭൂമി തട്ടിപ്പുകേസ്സിൽ അന്തിമ വിധി വരുന്നതിനു മുൻപ് ഈ വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അന്വേഷണത്തിൽ ആരെങ്കിലും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നെങ്കിൽ കോടതിയെ അറിയിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
സലിം രാജിന്റെ കാര്യത്തിൽ ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത് അദ്ദേഹത്തിന് അധികാരമുണ്ട്. ആ അധികാരം ധനമുണ്ടാക്കാനും മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും ഉപയോഗിക്കുന്നു. അധികാരം എന്നാൽ സർക്കാർ അധികാരം തന്നെ. അദ്ദേഹം മുഖ്യമന്ത്രിയുടെ ഗൺമാൻ ആയിരുന്നു എന്നതാണ് കോൺസ്റ്റബിൾ പദവി കഴിഞ്ഞാൽ അധികാരവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം. ഒടുവിൽ ഹൈക്കോടതി ചോദിക്കുന്നു സലിം രാജ് ആരുടെയെങ്കിലും ബിനാമിയാണോ എന്ന്. ഈ ചോദ്യം നേരേ തറയുന്നത് മുഖ്യമന്ത്രിയുടെ നേർക്കാണ്. വർഷങ്ങളായി ഉമ്മൻചാണ്ടിയുടെ ഗൺമാനായി തുടരുന്നയാളാണ് സലിംരാജ്. സോളാർ കേസ്സിൽ സലിംരാജും ഉൾപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹം സസ്‌പെൻഷനിലായത്. ഈ ഘട്ടത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സലിം രാജിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നത് ഉചിതമല്ല. ആരുടെയെങ്കിലും ബിനാമിയാണോ എന്നുവരെ ഹൈക്കോടതി ചോദിച്ചുവച്ചിരിക്കുകയാണ്. ആ ചോദ്യം സമൂഹത്തിലേക്കുമാണ് ചെല്ലുന്നത്. കോടതി ഉന്നയിച്ച സംശയങ്ങളെല്ലാം തന്നെ ജനമനസ്സിലും അവശേഷിക്കുന്നു.
സലിം രാജിന്റെ പേരിലുള്ള ഭൂമി തട്ടിപ്പ് കേസ്സ് പ്രഥമദൃഷ്ട്യാ വിശ്വസിക്കപ്പെടാമെങ്കിൽ അത് അങ്ങേയറ്റം ഗൗരവമേറുന്ന ഒന്നാണ്. കേരളത്തിലെ ഓരോ വീട്ടുടമയും ആശങ്കയിൽ കഴിയാൻ വിധിക്കപ്പെടുന്നു. കാരണം തങ്ങളുടെ വീടും പറമ്പും മറ്റാരുടേതാണെന്നും പറഞ്ഞ് ആർക്കുവേണമെങ്കിലും രംഗപ്രവേശം ചെയ്യാൻ പ്രേരിപ്പിക്കുന്ന സാഹചര്യത്തെ അതു സൃഷ്ടിക്കുന്നു. സലിം രാജിനു എതിരായ സ്വകാര്യ അന്യായത്തിൽ അയാൾക്കുവേണ്ടി അഡ്വക്കേറ്റ് ജനറൽ ഹാജരാകുന്നു, സർക്കാർ നിലപാടുകൾ സ്വീകരിക്കുന്നു. സംസ്ഥാന പോലീസ് മേധാവി അയാളെ പേടിക്കുന്നു. കോൺസ്റ്റബിളിന് ചേരാത്ത ധനം. അവശേഷിക്കുന്ന ചോദ്യം ന്യായമാണ്. ആരാണിയാൾ? ആരുടെയെങ്കിലും ബിനാമിയോ? എങ്കിൽ ആരുടെ? നീതിന്യായ വ്യവസ്ഥയ്ക്കും കേരളത്തിനും ഇതിന്റെ ഉത്തരം കിട്ടാൻ അവകാശമുണ്ട്.