അഞ്ചേരി ബേബി വധക്കേസില്‍ സി.പി.ഐ.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരെ തെളിവുണ്ടെന്ന് അന്വേഷണ സംഘം. നിലവിലെ സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയായ കെ.കെ ജയചന്ദ്രനെതിരേയും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. മണി ഉള്‍പ്പടെ കേസിലെ ഏഴു പ്രതികള്‍ക്കെതിരെയും വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
എന്നാല്‍ ഗൂഡാലോചനയില്‍ പങ്കുണ്ടെങ്കിലും കെ.കെ.ജയചന്ദ്രനെ കേസില്‍ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിക്കും. 1982 നവംബര്‍ 12-നാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. എം.എം. മണി കഴിഞ്ഞ വര്‍ഷം മണക്കാട്ട് നടത്തിയ പ്രസംഗത്തോടെയാണ് ബേബി വധം വീണ്ടും ചര്‍ച്ചയായതും പുനരന്വേഷണം നടന്നതും.
അതേ സമയം, കെ.കെ ജയചന്ദ്രനെ രക്ഷപ്പെടുത്തുന്നതിനു വേണ്ടിയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിക്കുന്നതെന്ന് ബേബിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസില്‍ ജയചന്ദ്രനെ പ്രതിയാക്കിയില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.