Skip to main content
ന്യൂയോര്‍ക്ക്

യു.എന്‍ സെക്രട്ടറി ബാന്‍ കി മൂണുമായി സിറിയന്‍ പ്രതിപക്ഷ നേതാവ് അഹമ്മദ് ജര്‍ബ കൂടിക്കാഴ്ച നടത്തി. യു.എന്‍ പൊതുസഭാ സമ്മേളനത്തിനിടെയായിരുന്നു ചര്‍ച്ച. സിറിയന്‍ പ്രതിസന്ധി സംബന്ധിച്ച് പരിഹാരം കാണുന്നതിനായി നവംബറില്‍ നടക്കുന്ന രണ്ടാം ജനീവ സമ്മേളനത്തിലേക്ക് സിറിയന്‍ പ്രതിപക്ഷം പ്രതിനിധികളെ അയക്കുമെന്ന് ജര്‍ബ ബാന്‍ കി മൂണിനെ അറിയിച്ചു.

 

അതേസമയം ജനീവ സമ്മേളനത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനകത്ത് തന്നെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതായാണ് സൂചന. ജര്‍ബ പറഞ്ഞത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മറ്റു രാജ്യങ്ങളുടെ സമ്മര്‍ദഫലമായാണ് ഇത്തരത്തിലുള്ള അഭിപ്രായം അദ്ദേഹം പറഞ്ഞതെന്നും  സഖ്യത്തിലെ അംഗമായ കമാല്‍ ലബ്വാനി പ്രസ്താവിച്ചു.

 

ജനീവ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും അതേസമയം ഇതിലൂടെ ഒരു അധികാര കൈമാറ്റമല്ല നടക്കുന്നതെന്നും സിറിയന്‍ വിദേശകാര്യ മന്ത്രി വലീദ് അല്‍മു അലെം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇതിനിടെ സിറിയയില്‍ രാസായുധാക്രമണം നടന്ന സ്ഥലങ്ങളില്‍ യു.എന്‍ സംഘം ഞായറാഴ്ച വീണ്ടും പരിശോധന നടത്തി. ഒക്ടോബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്ന് യു.എന്‍ അധികൃതര്‍ അറിയിച്ചു.

 

അതേസമയം സിറിയയിലെ രാസായുധ ശേഖരം നശിപ്പിക്കണമെന്ന് അഭിപ്രായപ്പെടുന്ന പ്രമേയം യു.എന്‍ രക്ഷാ സമിതിയില്‍ വെള്ളിയാഴ്ച പാസ്സായി.