Skip to main content

സ്വന്തം വഴിയടച്ച് കോൺഗ്രസ്

സന്തോഷ്‌
Congress
സന്തോഷ്‌

 ദേശീയരാഷ്ട്രീയത്തിൽ തിരിച്ചുവരവിനായി കൊതിക്കുന്ന കോൺഗ്രസിനു മുന്നിൽ, കോൺഗ്രസ് തന്നെ സ്വന്തം വഴി കൊട്ടിയടയ്ക്കുകയാണ്. മോദിവിരോധമെന്ന ഒറ്റയജണ്ടയിൽ കോൺഗ്രസ് സ്വയം തളച്ചിടുമ്പോൾ, ദേശീയവികാരവും ഹിന്ദുവികാരവും ജാതിവികാരവുമെല്ലാം അനുകൂലമാക്കി ബീജേപ്പീ സ്വന്തം നില കൂടുതൽ ഭദ്രമാക്കിയിരിക്കുകയാണ്.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏതുവിധേനെയും ഇകഴ്ത്താനുള്ള അമിതാവേശത്തിൽ ദേശീയധാരയിൽ നിന്ന് സ്വയം അകന്നുപോവുകയാണ് കോൺഗ്രസ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ, കുംഭമേള, പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ തുടങ്ങി സകല വിഷയങ്ങളിലും പൊതുവികാരത്തിനെതിരായി കോൺഗ്രസ് നീങ്ങുന്നത് ആത്മഹത്യാപരമായിരുന്നുവെന്ന് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു തെളിയിക്കും. ഈ വർഷവും അടുത്ത വർഷവും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അതു പ്രകടമാകും. ജാതി സെൻസസിനായി വാദിച്ച് രണ്ടായിരത്തിയിരുപത്തിനാലിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയെടുത്ത മുന്നേറ്റം, മോദി സർക്കാർ ജാതിസെൻസസ് പ്രഖ്യാപിച്ചതോടെ ഇല്ലാതായെന്നത് പാർട്ടിയുടെ സ്ഥിതി കൂടുതൽ ദയനീയമാക്കാനേയിടയുള്ളൂ. 

പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, ജാതിസെൻസസ് തുടങ്ങിയ സമീപകാല സംഭവങ്ങളെല്ലാം ബീജേപ്പീ സുന്ദരമായി അനുകൂലമാക്കുമ്പോൾ  മോദിവിരോധമെന്ന ഒറ്റയജണ്ടയുമായി നിൽക്കുന്ന കോൺഗ്രസിന് അടിപതറുകയാണ്. പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയവയെല്ലാം ദേശീയവികാരം സമർഥമായി ഉയർത്താൻ ബീജേപ്പീക്കു കഴിഞ്ഞപ്പോൾ ബീജേപ്പീയുടേത് കപടദേശീയതയാണെന്ന ഏഐസീസീ പ്രഖ്യാപനവുമായി കാലിടറി നിൽക്കുന്ന കോൺഗ്രസിനെയാണ് കാണാനാവുക. 

പഹൽഗാം കൂട്ടക്കൊലയുണ്ടായതിനു പുറകേ കോൺഗ്രസ് കേന്ദ്ര സർക്കാരിനു പിന്തുണയുമായെത്തിയെങ്കിലും പിന്നീട് കൃത്യമായൊരു നിലപാടില്ലാതെ പാർട്ടിയിൽ നിന്ന് പലവിധ ശബ്ദങ്ങളുയർന്നു. പെട്ടെന്ന് വെടിനിർത്തലുണ്ടാവുകയും യൂഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താനിടപെട്ടാണ് അതിനിടയാക്കിയതെന്നു പറയുകയും ചെയ്തതോടെ, മോദി സർക്കാരിനെ വെട്ടിലാക്കാൻ, കോൺഗ്രസ് സജീവമായി രംഗത്തിറങ്ങുകയും ചെയ്തു. സുരക്ഷാവീഴ്ച, മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ, ട്രംപിനു കീഴടങ്ങൽ, തകർന്ന പോർവിമാനങ്ങളുടെ എണ്ണം തുടങ്ങി പലതും ഉന്നയിച്ച് കോൺഗ്രസ് മുന്നോട്ടുവന്നു. അതോടെ ഇന്ത്യക്കെതിരെ പാക്കിസ്ഥാനും, കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസും ഒരു നുകത്തിനുകീഴിൽ ഒന്നിച്ച്അണിചേർന്നതുപോലെയായി കാര്യങ്ങൾ. ഒന്നും സംഭവിച്ചിട്ടില്ലെന്നു ആദ്യം പറഞ്ഞിരുന്ന പാക്കിസ്ഥാൻ പതിയെപ്പതിയെ നഷ്ടങ്ങളുടെ കണക്കു പറഞ്ഞുതുടങ്ങിയിട്ടും ഇന്ത്യക്കാണ് നഷ്ടമുണ്ടായതെന്ന മട്ടിൽ നീങ്ങുന്ന കോൺഗ്രസിന്റെ സമീപനം വിചിത്രമായി. 

കശ്മീർ സംബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതിനേക്കാൾ ട്രംപും യൂഎസ് വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോയും പറയുന്നത് ഉയർത്തിപ്പിടിച്ച കോൺഗ്രസിന്റെ വിശ്വാസ്യതയിൽ അതോടെ വിള്ളൽ വീണു. യുക്രെയ്ൻ പ്രശ്നം, ചൈനയുമായുള്ള താരിഫ് യുദ്ധം, കാനഡയുമായുള്ള തർക്കം തുടങ്ങി എത്രയോ വിഷയങ്ങളിലാണ് വീണ്ടും അധികാരത്തിലെത്തിയ ട്രംപിനെ ലോകം കളിയാക്കുന്നത്. ലോകം മുഴുവൻ ട്രംപിനെ ട്രോൾ ചെയ്യുമ്പോഴാണ്, കോൺഗ്രസുകാർ തുറുപ്പുചീട്ടാക്കുന്നത്.

ഇന്ത്യക്കെതിരായുണ്ടായ ഭീകരാക്രമണത്തിൽ ഒറ്റക്കെട്ടായി നിന്ന ഇന്ത്യൻ ജനതയുടെ മുന്നിൽ ഭരണനേതൃത്വത്തെ ഏതുവിധേനെയും ചെളിവാരിയെറിയാനുള്ള അമിതാവേശമാണ് പല കോൺഗ്രസ് നേതാക്കളും കാട്ടിയത്. അതു കോൺഗ്രസിനു തന്നെ തിരിച്ചടിയാവുമെന്നു മനസ്സിലായിട്ടാണ് ഇക്കാര്യത്തിൽ പല അഭിപ്രായങ്ങൾ പറയരുതെന്ന് ഏഐസീസീ നിലപാടെടുത്തത്. ഇന്ത്യയിലെ അഭിപ്രായവ്യത്യാസങ്ങൾ പാക്ക് മാധ്യമങ്ങൾ നന്നായി മുതലെടുക്കുകയും ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായ കാലത്തൊന്നും ചരിത്രത്തിൽ ഇന്നേവരെ ഇങ്ങനെയുണ്ടായിട്ടില്ല. ജനങ്ങളും പാർട്ടികളും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച്, അന്നത്തെ സർക്കാരിനു പിന്നിൽ അണിനിരക്കുകയാണ് ചെയ്തിട്ടുള്ളത്. 
  
അതേസമയം, ഓപ്പറേഷൻ സിന്ദൂരിന്റെ ബലത്തിൽ ബീജേപ്പീ ജനങ്ങളെ വശത്താക്കാതിരിക്കുന്നതിനുള്ള രാഷ്ട്രീയനീക്കമാണ് പിന്നീട് കോൺഗ്രസ് നടത്തിയത്. പാർലമെന്റ് വിളിച്ചുകൂട്ടി ചർച്ച ചെയ്യണമെന്ന വാദം ശരദ് പവാർ പോലും തള്ളിക്കളഞ്ഞു. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാനാവില്ലെന്നു പവാർ പറഞ്ഞു. കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് മുതൽ പലരും മോദിയെ അടിക്കാൻ ചൂലെടുത്തപ്പോൾ ശശീതരൂരും മനീഷ് തിവാരിയും സ്വതന്ത്രമായ നിലപാട് സ്വീകരിച്ചു. അസദ്ദുദ്ദീൻ ഒവൈസിയും ഒമർ അബ്ദുള്ളയും വരെ ഇന്ത്യയോടുള്ള അചഞ്ചലമായ കൂറു പ്രകടിപ്പിച്ചു രംഗത്തുവന്നു.  ഇതിനെല്ലാമിടയിൽ പ്രതിപക്ഷ നേതാവായിട്ടും രാഹുൽ ഗാന്ധി ഏറെക്കുറെ നിശബ്ദത പാലിച്ചു മാറിനിന്നുവെന്നതാണ് വിചിത്രം. വഫഫ് നിയമഭേദഗതിക്കെതിരെ പുറത്ത് ശക്തമായ നിലപാടെടുത്തിട്ടും  ലോക്സഭയിൽ പ്രസംഗിക്കാതിരുന്നതുപോലെ ഇതും വിചിത്രമായി. 

ആയുധമില്ലാതെ അടരാടുന്നതെങ്ങനെ എന്ന അവസ്ഥയിലാണ് കോൺഗ്രസ്. ദേശീയ താൽപര്യങ്ങളോ പാർട്ടി താൽപര്യങ്ങളോ വലുതെന്ന സ്ഥിതി വരുമ്പോൾ പാർട്ടിതാൽപര്യങ്ങൾക്കു മുൻതൂക്കം നൽകുന്നതാണ് രാഹുലിന്റെ രീതി.  ഭീകരപ്രവർത്തനത്തിനെതിരായ ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കാൻ എംപിമാരുടെ സംഘത്തെ നിയോഗിച്ച സമയത്ത്  അതിൽനിന്നു കോൺഗ്രസ് ശശി തരൂരിനെ ഒഴിവാക്കിയപ്പോൾ അതു പ്രകടമാവുകയും ചെയ്തു.

ഭീകരരെ പരിശീലിപ്പിച്ച് ഇന്ത്യയിലേക്ക് അയച്ച് പാക്കിസ്ഥാൻ  നടത്തുന്ന ഭീകരാക്രമണങ്ങൾക്കെതിരെ ഇന്ത്യൻ ചരിത്രത്തിൽ ഇന്നേവരെയുണ്ടായിട്ടില്ലാത്ത തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ നൽകിയത്. അതിനു സൈന്യത്തെ മാത്രമായി വേർതിരിച്ചു പുകഴ്ത്തിയ കോൺഗ്രസ്, കേന്ദ്ര സർക്കാർ എടുത്ത ധീരമായ നിലപാടിനെ രാഷ്ട്രീയകാരണങ്ങളാൽ നിസ്സാരമാക്കിക്കളയാനാണ് നോക്കിയത്. യുദ്ധസമാന സാഹചര്യങ്ങളിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഒന്നിച്ചുനിന്നിട്ടുള്ളതാണ് ഇന്ത്യയുടെ മുൻകാലചരിത്രം. അതേസമയം കൊച്ചുവിഷയങ്ങൾ എടുത്തിട്ട് കോൺഗ്രസ് സ്വന്തം മുഖം വികൃതമാക്കുന്നതാണ് കണ്ടത്. ഏറ്റവുമൊടുവിൽ, പാക്കിസ്ഥാനെ  സഹായിച്ച തുർക്കിക്കും അസർബെയ്ജാനുമെതിരെ ഉയരുന്ന ജനരോഷം കണ്ടിട്ടും അവിടെയും ജനത്തോടൊപ്പം നിൽക്കുവാൻ കോൺഗ്രസിനു കഴിയുന്നില്ല. ജയ്റാം രമേശും പവൻ ഖേരയും തമ്മിൽ നിലപാട് പറയാൻ വിഷമിക്കുന്ന വീഡിയോ തന്നെ കോൺഗ്രസിലെ പ്രതിസന്ധി  വിളിച്ചുപറയുന്നു. കോൺഗ്രസ് നയിക്കുന്ന ഇന്ത്യാമുന്നണിയുടെ ദയനീയാവസ്ഥ മുൻധനകാര്യമന്ത്രി പി. ചിദംബരം ചൂണ്ടിക്കാട്ടിയിട്ടും കോൺഗ്രസ് നേതൃത്വത്തിനു കുലുക്കമില്ല.