ഇതാണ് ട്രംപ് , യുക്രെയിനിലൂടെ കാണാം

താൻ അധികാരത്തിൽ വന്നാൽ പിറ്റേദിവസം റഷ്യ - യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ വീരവാദം. ട്രംപ് അധികാരത്തിൽ വന്ന് നൂറു ദിവസം കഴിഞ്ഞു. ഇതിനിടയിൽ ട്രംപിൻ്റെ സുഹൃത്തായ റഷ്യൻ പ്രസിഡൻറ് വ്ലാഡിമര്‍ പൂടിൻ മിസൈൽ വർഷം നടത്തി യുക്രെയിനിന്റെ നട്ടെല്ലൊടിച്ചു. ഇപ്പോൾ യുക്രെനിൻറെ അഞ്ചിൽ ഒന്നു ഭാഗം റഷ്യയുടെ പക്കൽ . കഴിഞ്ഞ ഏപ്രിൽ 30ന് ട്രംപ് യുക്രൈനുമായി ധാതുലവണ പങ്കിടൽ കരാറിൽ ഏർപ്പെട്ടു. അതിവിശിഷ്ടവും അസുലഭവുമായ യുക്രെയിനിൻറെ ധാതുലവണ ശേഖരത്തിൽ പകുതിക്ക് അധികാരം ഉറപ്പിച്ചുകൊണ്ടുള്ള കരാറിൽ.
കരാർ ഒപ്പിട്ടതിന്റെ പിന്നാലെ അമേരിക്ക പ്രഖ്യാപിച്ചു തങ്ങൾ റഷ്യ- യുക്രെയിൻ യുദ്ധത്തിൻറെ മാധ്യസ്ഥത്തിൽ നിന്ന് ഇതാ പിൻവാങ്ങുന്നു. വേണമെങ്കിൽ റഷ്യയും യുക്രെയിനും തമ്മിൽ യുദ്ധം തീർക്കട്ടെ. തീർന്നില്ല, റഷ്യയുമായി പൊരുതാനുള്ള ആയുധങ്ങൾ അമേരിക്കയിൽ നിന്ന് യുക്രൈന് അനുവദിച്ച് അയക്കുകയും ചെയ്തു.
ഒരുമാസം മുൻപാണ് പ്രസിഡൻറ് വ്ലാഡിമർ സെലൻസ്കിയും ട്രംപും വൈറ്റ് ഹൗസിൽ വച്ച് വഴക്കിട്ട് പിരിഞ്ഞത് ലോകം കണ്ടത്. എന്നാൽ പോപ്പിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ട്രംപും സെലൻസ്കിയും മാറിയിരുന്നു ചർച്ച ചെയ്തു. പിന്നാലെ വരുന്നു കരാർ. കരാർ പ്രകാരം അതി സമ്പന്നമായ യുക്രെയിനിലെ ധാതു ലവണങ്ങളിൽ ഇനി രണ്ട് രാജ്യങ്ങൾക്കും ഒരുപോലെ അധികാരം ലഭ്യമാക്കുന്നതാണ് കരാർ. എന്നാൽ അതിൻറെ പേരിൽ യുക്രെയിന് പ്രത്യേകിച്ച് സംരക്ഷണം നൽകുകയുമില്ല. നല്ല ഒന്നാന്തരം കച്ചവടം. ഇനി ഇതിൻറെ സംസ്കരണം ട്രംപ് പുട്ടിനുമായി ചേർന്ന് നടത്തിയാലും ലോകത്തിന് ഒട്ടും അത്ഭുതത്തിന് വകയില്ല.