Skip to main content

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ മഹേഷ് നാരായണന്‍ ചിത്രം മാലിക് ആമസോണ്‍ പ്രൈം വീഡിയോയില്‍ ജൂലായ് പതിനഞ്ചിന് റിലീസ് ചെയ്യും. കൊവിഡ് വ്യാപനം മൂലം സിനിമയുടെ തീയറ്റര്‍ റിലീസ് ഏറെ കാലമായി മുടങ്ങിയിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുകയാണെന്നുള്ള തീരുമാനം ഇപ്പോള്‍ ഔദ്യോഗികമായി വന്നിരിക്കുന്നത്.

ആമസോണ്‍ പ്രൈം വീഡിയോ പോലുള്ള പോപ്പുലര്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ സിനിമ റിലീസ് ചെയ്യുന്നത് ഗ്ലോബല്‍ ഓഡിയന്‍സിന് മുന്നില്‍ സിനിമ കാണിക്കാനുള്ള വലിയ അവസരമായിരിക്കുമെന്ന് സിനിമയുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞു. ഇന്ത്യന്‍ പരിസരത്തില്‍ ജീവിക്കുന്ന ചില കഥാപാത്രങ്ങളുടെ ജീവിതവും അവരുടെ സൂക്ഷമമായ വികാരങ്ങളുമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ നിറവേറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നുതായി സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള ആമസോണ്‍ പ്രൈമിന്റെ അറിയിപ്പില്‍ അദ്ദേഹം പറഞ്ഞു.

നേരത്തെ പെരുന്നാള്‍ റിലീസായി പ്രഖ്യാപിച്ചെങ്കിലും കൊവിഡ് രൂക്ഷമായതോടെ തീയറ്ററുകള്‍ വീണ്ടും അടച്ചിടേണ്ട സാഹചര്യമുണ്ടായി. ഫഹദിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലൊരുങ്ങുന്ന പിരീഡ് ത്രില്ലര്‍ ചിത്രമാണ് മാലിക്. 27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മ്മിച്ചത് 

സിനിമയ്ക്ക് വേണ്ടി ഫഹദ് ഫാസില്‍ 20 കിലോയോളം ഭാരം കുറച്ചിരുന്നു. മാലിക് ലൊക്കേഷനില്‍ നിന്ന് പുറത്തുവന്ന ഫഹദിന്റെ മെലിഞ്ഞ ഗെറ്റപ്പ് അമ്പരപ്പിക്കുന്നതുമായിരുന്നു. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കിലുണ്ട്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ആക്ഷന്‍ കൊറിയോഗ്രഫി. ചിത്രത്തിനായി കൂറ്റന്‍ സെറ്റാണ് കൊച്ചിയിലും തിരുവനന്തപുരത്തും ഒരുക്കിയിരുന്നത്. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. അന്‍വര്‍ അലിയാണ് ഗാനരചന. വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈന്‍. ധന്യാ ബാലകൃഷ്ണനാണ് കോസ്റ്റിയൂം.