തദ്ദേശ തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് കടുത്ത തിരിച്ചടിയായിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി കൂടുതല്‍ സജീവമാകണമെന്നുള്ള ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സജീവമല്ലാതിരുന്നത് പാര്‍ട്ടിയുടെ സാധ്യതകളെ ബാധിച്ചതായി വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ സജീവ പ്രവര്‍ത്തനം അനിവാര്യ ഘടമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തിയിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേയും കോണ്‍ഗ്രസിനേയും ഉമ്മന്‍ചാണ്ടി നയിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്മാന് പദവിയും അദ്ദേഹത്തിന് നല്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വര്‍, കെസി വേണുഗോപാല്‍, കെ മുരളീധരന്, കെ സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, വിഎം സുധീരന് എന്നിവരും കമ്മറ്റിയിലുണ്ട്. പത്ത് പേരടങ്ങിയതാണ് കമ്മിറ്റി.
തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ചുമതലയും ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെയാണ് ഏല്പിച്ചിരിക്കുന്നത്. സംഘടനാ ജനറല്‍ സെക്രട്ട കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മുസ്ലീം ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി സജീവമായി ഇടപെണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കേന്ദ്രനേതൃത്വം സജീവമായി ഇടപെടുമെന്നാണ് വിവരം. എ കെ ആന്റണിക്കാണ് കേരളത്തിന്റെ ചുമതല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എകെ ആന്റണി മുഴുവന്‍ സമയവും കേരളത്തില്‍ ഉണ്ടാവും. സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലാകും ഉണ്ടാകുക എന്നതുറപ്പാണ്.