അസൂയയെ താലോലിക്കുന്ന അനസൂയ

ഗ്ലിന്റ് ഗുരു
Mon, 13-07-2020 07:00:45 PM ;

 

Image Credit; What_Art2020

ആത്മവിശ്വാസത്തിന്റെയും ഉത്സാഹത്തിന്റെയും പ്രതീകമായ വനിത. സുന്ദരിയും വിശാലാക്ഷിയുമൊക്കെയാണെങ്കിലും മുന്നില്‍ നില്‍ക്കുന്ന ഭാവം പ്രസരിപ്പ്. എത്ര വിഷാദാത്മകമായ അന്തരീക്ഷത്തിലും ഈ വനിതയുടെ സാന്നിദ്ധ്യം ഇരുട്ടില്‍ നല്ല വെളിച്ചം വിതറുന്ന ലൈറ്റിട്ടപോലെ  ചിരിച്ചുകൊണ്ടുള്ള സംഭാഷണം മധുരതരം. സ്ത്രൈണതയുടെ സൗകുമാര്യം തുളുമ്പുന്നത്. ആദ്യമായി ഉച്ചരിക്കപ്പെടുന്ന പുതുമ നിറഞ്ഞ സ്വരം. അതു കേള്‍ക്കുന്നതു തന്നെ മധുരതരം. ആരെങ്കിലും അല്‍പ്പം കുസൃതി കാണിക്കാന്‍ മനസ്സില്‍ ആശയം ഇടുന്ന നേരം അതറിഞ്ഞ് മറുമരുന്ന് പുരട്ടി ആ വിരുതനെ മറ്റുള്ളവര്‍ കാണാതെ പരിക്കേല്‍പ്പിക്കാതെ പറഞ്ഞയയ്ക്കാനുള്ള ശേഷി. ബന്ധുക്കളുടെയിടയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവുകയാണെങ്കില്‍ അത് രമ്യമായി പറഞ്ഞ് പരിഹാരം കണ്ട് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കുന്നു. ആ പ്രത്യേകത ബന്ധുക്കളുടെയിടയില്‍ സ്വീകാര്യത. 'എന്റെ കാര്യത്തില്‍ രണ്ടു തല മാത്രമേ ബാധകമാകുന്നുള്ളു' എന്ന് ഒരു സങ്കോചവുമില്ലാതെ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയുമിടയില്‍ വിവാഹത്തിനു മുന്‍പു തന്നെ തട്ടിവിടുന്ന യുവതി. അതേ സമയം തന്റെ അതിസമൃദ്ധവും ആകാരസമ്പുഷ്ടുവുമായ മാറിടങ്ങളെക്കുറിച്ച് നല്ല ബോധവതിയുമായ വനിത. തന്റെ ചുണ്ടിനും മാറിടത്തിനും ഒരേ ഭാവമാണെന്ന് ഒരിക്കല്‍ ഒരാരാധകന്‍ പറഞ്ഞത് ചില സുഹൃത്തുക്കളോട് പങ്കുവയ്ക്കുന്ന യുവതി. എന്നുവെച്ചാല്‍ ചിരിക്കുന്ന മാറിടമെന്ന്. അങ്ങനെ ആരാധനയോടെ തന്നെ നോക്കുന്ന യുവാവ് പറഞ്ഞതിനെ താന്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയല്ലാതെ അയാള്‍ തന്നെ ലൈംഗികമായി ആക്ഷേപിക്കുകയാണെന്ന് പറയുന്നതിലെ യുക്തി എന്താണെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്ന് പറയാന്‍ മടിക്കാത്ത വനിത. മറ്റേതെങ്കിലും സ്ത്രീകളുടെയടുത്ത് അവ്വിധം പരാമര്‍ശം ഏതെങ്കിലും ആണുങ്ങള്‍ നടത്തിയാല്‍ ചിലപ്പോള്‍ ഭൂകമ്പം സൃഷ്ടിക്കുമെന്ന വസ്തുത ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അത് പറയുന്നത്. അത് വെറും നാട്യമാണെന്നും സ്ത്രീമനശ്ശാസ്ത്രം പുറത്തുവിടുന്ന രീതിയില്‍ സംസാരിക്കാനും മടിയില്ല.

            
കൊടുമ്പിരികൊണ്ട കാമ്പസ്സ് പ്രണയത്തിലൂടെ വിവാഹം കഴിഞ്ഞു. കുട്ടികളായി. മകളെ കല്യാണം കഴിപ്പിച്ചയച്ചു. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നം വിരമിച്ചു. ഇതിനിടെ ഇവര്‍ വല്ലാതെ തടിച്ചു. തടിയും അലങ്കാരമായി പൂര്‍വ്വാധികം ആഘോഷത്തോടെ കുടുംബജീവിതം കൂടുതല്‍ യൗവ്വനത്തോടെ അടിച്ചു പൊളിച്ചു നീങ്ങുന്നു. സാധാരണ പെണ്ണുങ്ങളുടെ പൈങ്കിളിത്തമോ അസൂയയോ തന്നെ ബാധിച്ചിട്ടില്ലെന്ന വിശ്വാസമായിരുന്നു ഈ വനിതയ്ക്കുണ്ടായിരുന്നത്. അതുകൊണ്ട് അസൂയയും. ഒരു സമയവും വെറുതെ കളയുന്ന ഏര്‍പ്പാടുമില്ല. കുട്ടികളെ വളര്‍ത്തേണ്ട സമയത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ലീവെടുത്ത് കുട്ടികള്‍ക്ക് അമ്മയുടെ സാന്നിദ്ധ്യം മുഴുവന്‍ സമയവും കൊടുത്തുകൊണ്ട് അവരുടെ കാര്യം നോക്കുകയൊക്കെ ആഘോഷമാക്കി നടത്തി. കുട്ടികള്‍ മുതിര്‍ന്നതിനു ശേഷമാണ് വീണ്ടും ജോലിക്കു പോയിത്തുടങ്ങിയത്. ആരെങ്കിലും തന്റെ തടിയെ പരാമര്‍ശിച്ചു പറയുകയാണെങ്കില്‍ അവരെ വാചകം പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ വായടപ്പിക്കും.
      
 

Image Credit; What_Art2020

ഒരിക്കല്‍ അവര്‍ പറഞ്ഞു, 'ജീവിതത്തില്‍ ആദ്യമായി എനിക്ക് സ്ത്രീകളോട് അസൂയയും സ്ത്രൈണമായ ആ അസൂയയില്‍ നിന്നുടലെടുക്കുന്ന ദേഷ്യവും തോന്നി. കാരണം എനിക്ക് തടി കൂടുതലാണെന്ന് അറിയാം. എന്നുവെച്ച് ഒന്നിനും ഒരു ബുദ്ധിമുട്ടുമില്ല. അതുകൊണ്ട് തന്നെ ഞാന്‍ ആഘോഷമായി കൊണ്ടു നടക്കുകയായിരുന്നു. പക്ഷേ ഇടയ്ക്ക് വച്ച് ചെറിയ അസുഖം വന്നു . അതിനു ശേഷം നമ്മളുദ്ദേശിക്കുന്ന വിധം ശരീരം നീങ്ങുന്നില്ല. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് രണ്ടു പെണ്ണുങ്ങള്‍ , സ്വയം സുന്ദരിമാരാണെന്ന് വിശ്വസിക്കുന്ന കോതകള്‍. ആ കോതകള്‍ കാണാനും സുന്ദരിമാരാണെന്നുള്ളതും സ്ത്യമാ. എന്റെ പ്രായമുണ്ടെങ്കിലും ഇപ്പോഴും നല്ല ഷേപ്പൊക്കെ നിലനിര്‍ത്തുന്നവര്‍. അവര് പറയുകയാ, എന്നെക്കൊണ്ട് തറയില്‍ ഇരിക്കാന്‍ പറ്റാത്തത്തതുകൊണ്ടാ അവരും കസേരയിലിരിക്കുന്നതെന്ന്. ഒരു ബന്ധുവീട്ടില്‍ വിശേഷത്തിനു കൂടിയതായിരുന്നു ഞങ്ങള്‍ ബന്ധുക്കള്‍. അതു കേട്ടപ്പോ, എന്റെ ശരീരം മുഴുവന്‍ ചൂടെടുത്ത് വിറച്ചു. രണ്ടെണ്ണെത്തിനേയും ഒറ്റ ചവിട്ടിന് തള്ളി താഴെയിട്ടിട്ട് എനിക്കും താഴെയിരിക്കണമെന്നു തോന്നിയതാ. പക്ഷേ ചവിട്ടാന്‍ പോയിട്ട് കസേരയുടെ കൈച്ചാരില്‍ അമര്‍ത്താതെ എഴുന്നേല്‍ക്കാന്‍ പോലും പറ്റുന്നില്ല. ആ ഒര്ു നിമിഷം പോലെ എന്റെ ജീവിതത്തില്‍ ഇത്രയും വിഷമിച്ച നിമിഷം ഉണ്ടായിട്ടില്ല. അതുവരെ സാധാരണ സ്ത്രീകള്‍ക്കുള്ള അസൂയയും കുശുമ്പുമൊന്നുമെനിക്കില്ലെന്നുള്ള എന്റെ അഹങ്കാരം ഉടഞ്ഞു വീണു.അതുവരെ ഉണ്ടാകാതിരുന്നതെല്ലാം കൂടി ഒറ്റയടിക്ക് കൂടുപൊട്ടിച്ചു പുറത്തു വന്നപോലെയായി. വിഷാദമെന്താണെന്ന് രുചിയറിഞ്ഞുപോയി. അന്നു ഞാന്‍ തീരുമാനിച്ചു ഇനി ഈ രൂപം മാറ്റിയിട്ടേ ബാക്കിക്കാര്യമുള്ളുവെന്ന്. പിറ്റേന്നു മുതല്‍ തുടങ്ങി ഞാന്‍ യോഗ.ഇപ്പോ, രണ്ടു മാസം കൊണ്ട് ഞാന്‍ പത്തു കിലോ കുറച്ചു. അവളുമാരേക്കാട്ടി വേഗത്തില്‍ തറയില്‍ ഇരിക്കണമെങ്കിലോ ഓടണമെങ്കിലോ ഇപ്പോ എനിക്കു പറ്റും. പക്ഷേ യോഗ ചെയ്തു തുടങ്ങുന്നതിനു മുന്‍പ് അവളുമാരെ ഒന്നു കാണിക്കണമെന്നുണ്ടായിരുന്നു. പക്ഷേ യോഗ തുടങ്ങുമ്പോഴാണ് നമ്മള്‍ സുഖമെന്താണെന്നറിയുന്നത്. ശരിക്കുമിപ്പോള്‍ എനിക്ക് എന്റെ ആ അടുത്ത ബന്ധുസുന്ദരിക്കോതമാരോട് സ്നേഹം തോന്നുന്നു. കാരണം അവളുമാരുടെ ആ വാചകമില്ലായിരുന്നുവെങ്കില്‍ ഞാന്‍ യോഗ തുടങ്ങില്ലായിരുന്നു. ഇപ്പോ അനുഭവിക്കുന്ന സുഖം എന്താണെന്നറിയാതെ പോകുമായിരുന്നു. '
        
സര്‍വ്വീസില്‍ നിന്നു വിരമിച്ചെങ്കിലും ഇവര്‍ ഇപ്പോഴും യുവതിയാണ്. ഒരുപക്ഷേ അരനൂറ്റാണ്ടിനുമുന്‍പുണ്ടായിരുന്നതിനേക്കാള്‍ യുവത്വം. തന്റെ ആര്‍ത്തവവിരാമത്തെക്കുറിച്ചൊക്കെ പറയുന്നത് രസകരമായിട്ടാണ്. ആര്‍ത്തവിരാമകാലത്ത് മാധ്യമങ്ങളും ചാനലുകളില്‍ ഡോക്ടര്‍മാര്‍ വന്നിരുന്നു പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് പേടിയുണ്ടാക്കി ആര്‍ത്തവവിരാമെമെന്നാല്‍ സ്ത്രീത്വം കഴിഞ്ഞു എന്നു പ്രചരിപ്പിച്ച് ആവശ്യമില്ലാത്ത കുണ്ടാമണ്ടിയൊക്കെ പെണ്ണുങ്ങളെക്കൊണ്ട് ചിന്തിപ്പിക്കുന്നതു പോലെ ഒന്നും തനിക്കനുഭവപ്പെട്ടിട്ടില്ലെന്നും അവര്‍ പറയുന്നു. അതില്‍ ശരിക്കും പ്രതിഫലിക്കുന്നതാണ് യുവത്വം. കാരണം എന്തിനെയും ധൈര്യമായി നേരിടുന്നതിനാണ് ഊര്‍ജ്ജം വേണ്ടത്. അത് ശാരീരികമായും മാനസികമായും ഒരേ പോലെ പ്രകടമാകേണ്ടത് യൗവ്വനകാലത്താണ്. എന്നാല്‍ മാനസികമായി ഭീതി മാറുമ്പോഴാണ് യഥാര്‍ത്ഥത്തത്തില്‍ പേടി അകലുന്നത്. ആ പേടി അകല്‍ച്ചയാണ് പ്രായത്തിന്റെ കെണിയില്‍ നിന്നുള്ള പുറത്തു ചാടല്‍.  ആ പുറത്തു ചാടലില്‍ ഈ വനിത ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു. തന്നിലെ സ്ത്രീയെ സത്യസന്ധമായി നോക്കിക്കാണുന്നതിനും അവര്‍ക്ക് പ്രാപ്തിയുണ്ടായിരിക്കുന്നു. അതാണ് യുവത്വം. അതുകൊണ്ട് അവര്‍ യുവതി തന്നെയാണ്.
       
ഒരു കാര്യം സമ്മതിച്ചേ മതിയാവൂ. എന്നിലും പെണ്ണിന്റെ ആ കുശുമ്പും മത്സരവുമൊക്കെയുണ്ട്. അത് നമ്മളില്‍ നിന്നു പോകാതെ പോയെന്നു പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ. ആരെ ബോധിപ്പിക്കാനാ. നമ്മള്‍ക്ക് ബോധ്യമായില്ലെങ്കില്‍. ഇപ്പോ നല്ല തമാശയാ. യോഗ പഠിക്കാന്‍ പോന്നിടത്തെത്തുന്ന  പിള്ളാരൊക്കെ പറയും ആന്റിയെ  കണ്ടു പടിക്കാന്‍. ആന്റി ചെയ്യുന്ന കണ്ടില്ലേ എന്ന്. ചിലര്‍ ചില സംശയങ്ങളുമായി പഠിക്കാനെത്തുമ്പോള്‍ യോഗടീച്ചര്‍ എന്നെ ചൂണ്ടിക്കാണിച്ചിട്ടു പറയും . അതൊടെ വരുന്നവരുടെ ആത്മവിശ്വാസം മാറുന്ന മാറ്റം കാണണം. എന്നാലും എന്റെ ആ കുശുമ്പ് ഇപ്പോഴുമുണ്ട്. ഞാന്‍ സൂര്യനമസ്‌കാരം ചെയ്യമ്പോ എന്റെ കൂടെ ചെയ്യുന്ന ചെറുപ്പക്കാരത്തികളെ ഞാന്‍ ഇടംകണ്ണിട്ടു നോക്കും. അവളുമാര് നിര്‍ത്തീട്ട് രണ്ടെണ്ണം കൂടെ കൂടുതല്‍ ചെയ്തേ ഞാന്‍ നിര്‍ത്തൂ. അപ്പോ ഒരു സുഖം കിട്ടും. പിന്നെ ഞാന്‍ വീട്ടില്‍ കെട്ടിയവനെ വിരട്ടുകയും ചെയ്യും. അങ്ങേര് രാവിലെ റെഡിയായിക്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടുമിങ്ങോട്ടുമൊക്കെ നടക്കുമ്പോള്‍ ഞാന്‍ ധനുരാസനമൊക്കെ കാണിച്ച് പുള്ളിക്കാരനെ വിരട്ടും. പുളളിക്കാരനും ഒരു മുന്നറിയിപ്പായിക്കോട്ടെ.....ഹ ഹ ഹ ഹ.....അല്ലാതെ പിന്നെ. ഇതൊക്കെയില്ലേ പിന്നെ എന്തോന്നു രസം. എനിക്ക് ഏറ്റവും വലിയ പേടി എന്റെ ചിരി എനിക്ക് നഷ്ടമായിപ്പോകുമോ എന്നതായിരുന്നു. കുറച്ചു നാള് അത് അവധിയെടുത്തപ്പോഴാ അതിന്റെ വിഷമം ഞാന്‍ മനസ്സിലാക്കിയത്. എന്തായാലും പണ്ടത്തേക്കാള്‍ രസമായി ചിരിക്കാന്‍ പറ്റുന്നതിപ്പോഴാ. എന്റെ ചിരി മങ്ങിയപ്പോ ആ മങ്ങല് കണ്ടത് എന്റെ മോന്റെ മുഖത്തായിരുന്നു. അതായിരുന്നു അന്നെന്നെ കൂടുതല്‍ വിഷമിപ്പിച്ചത്. എന്തായാലും ഇപ്പോ ചിരിയെ യോഗയാക്കിയും യോഗയെ ചിരിയാക്കിയും കാര്യങ്ങള്‍ ഓടിച്ചു പോകുന്നു.

Tags: