വാക്കുകളുടെ വ്യാവഹാരികാർഥം കാലത്തിനനുസരിച്ചു മാറുന്നു. പീഡനം എന്ന വാക്ക് ഉദാഹരണം. 1995 മുതലാണ് ആ വാക്കിന്റെ വ്യാവഹാരികാർഥത്തില്‍ മാറ്റം വന്നത്. സൂര്യനെല്ലി പീഡനക്കേസ്സിനെത്തുടർന്ന്‍. അതിനുശേഷം പിന്നീടിങ്ങോട്ടുണ്ടായ എല്ലാ ലൈഗിംകാതിക്രമ-ചൂഷണക്കേസ്സുകളെല്ലാം പരാമർശിക്കപ്പെടുന്നത് പീഡനക്കേസ്സുകൾ എന്നാണ്. അതുപോലെ മറ്റൊരു പ്രയോഗത്തിന്റേയും അർഥം മാറുന്നു. മാധ്യമസൃഷ്ടിയാണ് ആ പ്രയോഗം.
വസ്തുതകൾ പൊതുസമൂഹത്തില്‍ സമ്മതിക്കാനും നിഷേധിക്കാനും കഴിയാതെ വരുമ്പോൾ നേതാക്കൾ തങ്ങളുടെ ഭാഗം രക്ഷിച്ചെടുത്ത് രക്ഷപ്പെട്ടപോലെ സ്വയം കരുതുന്നതിന് കണ്ടെത്തിയിട്ടുള്ള വഴിയാണ് മാധ്യമസൃഷ്ടി. സി.പി.ഐ.എമ്മില്‍ ഉണ്ടായ വിഭാഗീയ പ്രവർത്തനങ്ങളുടെ വാർത്തയെ തുടക്കത്തില്‍ നേതൃത്വം പ്രതിരോധിച്ചത് എല്ലാം മാധ്യമസൃഷ്ടി എന്നു പറഞ്ഞുകൊണ്ടാണ്. പിന്നീട് മാധ്യമങ്ങൾ എന്താണോ പറഞ്ഞിരുന്നത് അതുപോലെയോ അതിനേക്കാൾ ഗുരുതരമായതോ ആയ അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതാണ് കണ്ടത്. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ വളരെ വിരളമായേ ഈ ആരോപണം ഉന്നയിച്ചിട്ടുള്ളൂ. എന്നാല്‍ അദ്ദേഹവും തനിക്കനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ ആ അവസ്ഥകളെ മാധ്യമങ്ങളുടെ മേല്‍ വച്ച് രക്ഷപ്പെടുന്നതില്‍ മടികാണിച്ചിട്ടില്ല. കേരളത്തിലെ സി.പി.ഐ.എം രാഷ്ട്രീയത്തിലെ വിഭാഗീയത എത്തിനില്‍ക്കുന്നത് പരിശോധിച്ചാല്‍ സമാന്തരമായി കേരളത്തിന്റെ മാധ്യമചരിത്രവും കൂടി വായിക്കാവുന്നതാണ്. ഒട്ടേറെ ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും കേരളത്തിലെ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഇരയായിട്ടുണ്ട്. മാധ്യമസിൻഡിക്കേറ്റ്, വിദേശപണം കൈപ്പറ്റുന്ന പത്രപ്രവർത്തകർ തുടങ്ങി അനേകം ആരോപണങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായത്. എന്നാല്‍ ആ ആരോപണങ്ങൾ അങ്ങനെ നിലനില്‍ക്കുകയും പിന്നീട് അത് വിഷയമല്ലാതായി മാറുകയുമാണുണ്ടായത്.
ഏറ്റവുമൊടുവില്‍ മാധ്യമസൃഷ്ടി പ്രയോഗം കേട്ടത് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിനോടനുബന്ധിച്ചാണ്. മുഖ്യമായും മൂന്ന്‍ അവസരങ്ങളിലാണ് രമേശിന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് വിവാദമുണ്ടായത്. ഓരോതവണയും മൂർധന്യാവസ്ഥയില്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രമേശുമായി ചർച്ച നടത്തുകയുമുണ്ടായി. പക്ഷേ ഫലമുണ്ടായില്ല. വിവാദം അതേ പടി തുടർന്നു. മുഖ്യമന്ത്രിയുടെ അറിവോടെ അരങ്ങേറിയതാണ് രമേശിന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച വിവാദങ്ങളെന്ന്‍ പിന്നീടുണ്ടായ വിവിധ നേതാക്കളുടെ വെളിപ്പെടുത്തലുകൾ വ്യക്തമാക്കി. എന്നിട്ടും ഏറ്റവുമൊടുവിലും മുഖ്യമന്ത്രി പറഞ്ഞു, ഇതെല്ലാം മാധ്യമസൃഷ്ടിയായിരുന്നുവന്ന്‍. ജൂണ്‍ പത്തിന് ഹൈക്കമാൻഡിന്റെ അനുമതിയോടെ രമേശ് ചെന്നിത്തല തന്റെ നിലപാട് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെളിപ്പെടുത്തി. അദ്ദേഹം അസന്നിഗ്ധമായി പറഞ്ഞു, തന്റെ മന്ത്രിസഭാ പ്രവേശനത്തെ ചൊല്ലി ഉണ്ടായതൊന്നും മാധ്യമസൃഷ്ടിയായിരുന്നില്ല എന്ന്‍. എല്ലാകാര്യങ്ങളും തുറന്നുപറയാൻ തനിക്ക് പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് ബോധ്യമുണ്ടായിരുന്ന കാര്യങ്ങൾ മറച്ചുവെയ്ക്കാൻ അവാസ്തവമായ കാര്യങ്ങൾ ആവർത്തിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി ചെയ്തത്. രാഷ്ട്രീയ മാന്യതയ്ക്കു പുറമേ സാംസ്കാരികമായും ധാർമികമായും തുടങ്ങി ഒട്ടേറെ ദോഷകരമായ മാനങ്ങളാണ് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടു കൊണ്ടുണ്ടാവുന്നത്.
ഈ വിഷയത്തില്‍ ഇതുവരെ സംസ്ഥാനമുഖ്യമന്ത്രി കേരളീയസമൂഹത്തോടു പറഞ്ഞത് അസത്യമായിരുന്നു. തനിക്ക് ബോധ്യമുണ്ടായിരുന്ന കാര്യങ്ങൾ മറച്ചുവെയ്ക്കാൻ അവാസ്തവമായ കാര്യങ്ങൾ ആവർത്തിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി ചെയ്തത്. അദ്ദേഹം വെറുമൊരു രാഷ്ട്രീയനേതാവ് മാത്രമല്ല. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കൂടിയാണ്. രാഷ്ട്രീയ മാന്യതയ്ക്കു പുറമേ സാംസ്കാരികമായും ധാർമികമായും തുടങ്ങി ഒട്ടേറെ ദോഷകരമായ മാനങ്ങളാണ് അദ്ദേഹം സ്വീകരിച്ച ആ നിലപാടു കൊണ്ടുണ്ടാവുന്നത്. ഭരണാധിപൻ എന്ന നിലയില്‍ ജീവനക്കാരുടെയിടയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസ്യതയും വിലയും തകരുന്നതും തള്ളിക്കളയാവുന്നതല്ല.
ഇവിടെ തെളിയുന്ന ഒരു ചിത്രമുണ്ട്. ജനാധിപത്യ സമൂഹത്തില്‍ വിശ്വാസ്യതയുള്ള മാധ്യമ അന്തരീക്ഷത്തെ രാഷ്ട്രീയകക്ഷിഭേദമന്യേ എല്ലാവരും ഭയക്കുന്നു. തങ്ങളുടെ പ്രവർത്തനരീതികൾ മറ്റുള്ളവരേക്കാൾ നന്നായി അറിവുള്ളവർ അവരവർ തന്നെയാണ്. അതുകൊണ്ടാണ് അത്തരത്തില്‍ ഭീതി അവരെ പിടികൂടിയിരിക്കുന്നത്. ആ ഭീതി അകററുന്നതിനുള്ള എളുപ്പവിദ്യ മാധ്യമങ്ങളുടെ വിശ്വാസ്യതയെ തകർക്കുക എന്നുള്ളതാണ്. പൂർണ്ണവിജയം നേടിയില്ലെങ്കിലും അവരുടെ ശ്രമങ്ങൾ മെല്ലെയാണെങ്കിലും വിജയം കാണുന്നുണ്ട്.
മാധ്യമങ്ങൾ ആത്മപരിശോധനയോടെ ചിന്തിക്കേണ്ട ചിലകാര്യങ്ങൾ ഇവിടെ ഉയർന്നുവരുന്നു. വളരെ നിരുത്തരവാദിത്വപരമായി എന്തുകൊണ്ട് നേതാക്കൾ തടിതപ്പുന്നതിനായി മാധ്യമങ്ങളുടെ മേല്‍ പഴിചാരാൻ തയ്യാറാവുന്നു. അങ്ങിനെ പഴിചാരിയാലും കുഴപ്പമൊന്നുമില്ല എന്ന ധാരണയാണ് നേതാക്കളെ ഇതിനു പ്രേരിപ്പിക്കുന്നത്. ഈ ധാരണയ്ക്ക് കാരണം ഈ നേതാക്കൾക്ക് മാധ്യമപ്രവർത്തകരുമായുള്ള അടുപ്പമാണ്. ആ അടുപ്പത്തിലൂടെ അവരില്‍ അവർ പോലുമറിയാതെ ഈ ധാരണ നിക്ഷേപിക്കപ്പെടുന്നത്. മാധ്യമപ്രവർത്തനത്തനം ഉപരിപ്ലവമായി തുടരുന്നതാണ് പല നേതാക്കള്‍ക്കും രാഷ്ട്രീയത്തില്‍ പടികയറിപ്പോകാൻ മൂലധനമായി നില്‍ക്കുന്നത്. കാരണം ഇന്നത്തെ സാഹചര്യത്തില്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും സംബന്ധിച്ച ചോദ്യങ്ങൾ മാത്രമേ നേതാക്കൾക്കു നേരിടേണ്ടി വരുന്നുള്ളൂ. വ്യക്തിപരമായ നേട്ടം, അധികാരം എന്നീ കാഴ്ചപ്പാടുകളെ കേന്ദ്രബിന്ദുവായി കണ്ടുകൊണ്ടുള്ള ചോദ്യങ്ങൾ. അതുകൊണ്ടുതന്നെ വ്യക്തികൾ തമ്മിലുള്ള വിലകുറഞ്ഞ മത്സരങ്ങളും കുതികാല്‍വെട്ടുമൊക്കെ വാർത്തയാകുന്നു. അതുതന്നെയാണ് രാഷ്ട്രീയമെന്നും രാഷ്ട്രീയപ്രവർത്തനമെന്നുമുള്ള ധാരണയും ജനങ്ങളില്‍ സ്വാഭാവികമായി അവരറിയാതെ ഉറയ്ക്കുകയും ചെയ്തു. അതിനെത്തുടർന്ന്‍ അഭിമുഖത്തിനു തയ്യാറാകുന്നയാളെ കുടുക്കുന്ന വിധം ചോദ്യം ചോദിക്കുന്ന അഭിമുഖക്കാരൻ റേറ്റിംഗ് കൂടിയ മാധ്യമപ്രവർത്തകനും എന്തുതരത്തിലുള്ള ചോദ്യമായാലും ഉത്തരം പറയാത്ത നേതാവു കഴിവുറ്റ നേതാവുമായി മാറപ്പെടുന്നു. ഇവയുടെ കാഴ്ച ഉഗ്രൻ വിനോദമാകുന്നു. അങ്ങനെ വാർത്ത വെറും വിനോദത്തിനുള്ള ഉപാധിയായി മാറുകയും അവയുടെ ലക്ഷ്യം റേറ്റിംഗ് കൂട്ടി ലാഭമുണ്ടാക്കുകയുമാകുന്നു. രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയപ്രവർത്തകന്റേയും മാധ്യമത്തിന്റേയും മാധ്യമപ്രവർത്തകന്റേയും ലക്ഷ്യം ഒരേപോലെ വഴിമാറുന്നത് ഇവിടെ തെളിഞ്ഞുവരുന്നു. അതുകൊണ്ടുതന്നെ സ്വാഭിമാനവും പരസ്പരബഹുമാനവും നഷ്ടമാകുന്ന സാമൂഹികാന്തരീക്ഷം സംജാതമാകുന്നു. അതുകൊണ്ടാണ് തെല്ലും ബഹുമാനം കല്‍പ്പിക്കാതെ മുഖ്യമന്ത്രി മാധ്യമസൃഷ്ടി പ്രയോഗിച്ചത്.
ഏതെങ്കിലും നേതാവോ ഭരണാധികാരിയോ എന്തെങ്കിലും മറുപടി മാധ്യമസൃഷ്ടിയാണെന്ന്‍ പറയുകയാണെങ്കില്‍ അത് തീർത്തും അവാസ്തവമാണെന്നും മാധ്യമങ്ങളില്‍ വന്നതും അതിനേക്കാളുമാണ് യഥാർഥ അവസ്ഥയെന്നും അർഥം ഗ്രഹിക്കാവുന്നതാണ്.
പരസ്പരവൈരങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചും പണ്ട് പറഞ്ഞ അപ്രിയകരമായ വാചകങ്ങൾ ആവർത്തിച്ചുകൊണ്ടും മനുഷ്യമനസ്സിന്റെ ക്ഷുദ്രവികാര ദാഹശമനത്തിനുള്ള ദൃശ്യവിരുന്നുകൾ വാർത്തയുടേയും മാധ്യമപ്രവർത്തനത്തിന്റെയും പേരില്‍ അവതരിപ്പിക്കപ്പെടുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ മാധ്യമസൃഷ്ടി പ്രയോഗം ഓർമ്മിപ്പിക്കുന്നത്. ജനാധിപത്യം മാധ്യമസ്വാതന്ത്ര്യം കൊണ്ടുമാത്രവും നിലനില്‍ക്കുന്നതല്ല. എന്നാല്‍, ഉത്തരവാദിത്വമുള്ള മാധ്യമാന്തരീക്ഷത്തില്‍ നേതാക്കളും ഭരണാധികാരികളും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ ബാധ്യസ്ഥരാകുമെന്നതില്‍ സംശയമില്ല. കാണുന്നതും കേൾക്കുന്നതും അതേപടി ജനങ്ങളെ അറിയിക്കുക അല്ലെങ്കില്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതല്ല മാധ്യമപ്രവർത്തകരുടെ ജോലി. എന്ത് എങ്ങിനെ അവതരിപ്പിക്കുന്നു എന്നതാണ് മാധ്യമപ്രവർത്തകനേയും മാധ്യമത്തേയും നിശ്ചയിക്കുന്നത്. അതിന് മനുഷ്യനെക്കുറിച്ചും സമൂഹത്തേക്കുറിച്ചുമൊക്കെ വ്യക്തമായ ചില ധാരണകൾ അനിവാര്യമാണ്. അത്തരം ധാരണകളുടെ പിൻബലത്തില്‍ മാധ്യമപ്രവർത്തകരും മാധ്യമങ്ങളുമുള്ളപ്പോഴാണ് ഒരു ജനാധിപത്യാന്തരീക്ഷത്തില്‍ സമൂഹം അപകടങ്ങളിലേക്കു വഴുതിവീഴാതിരിക്കുന്നത്.
ഒരുകാര്യം ഇപ്പോൾ ഉറപ്പിക്കാം. ഏതെങ്കിലും നേതാവോ ഭരണാധികാരിയോ എന്തെങ്കിലും മറുപടി മാധ്യമസൃഷ്ടിയാണെന്ന്‍ പറയുകയാണെങ്കില്‍ അത് തീർത്തും അവാസ്തവമാണെന്നും മാധ്യമങ്ങളില്‍ വന്നതും അതിനേക്കാളുമാണ് യഥാർഥ അവസ്ഥയെന്നും അർഥം ഗ്രഹിക്കാവുന്നതാണ്. മാധ്യമസൃഷ്ടി ഉപയോഗിക്കുന്ന നേതാക്കളെ വിശ്വാസ്യത കുറഞ്ഞവരായോ ഇല്ലാത്തവരായോ കാണാവുന്നതുമാണ്. നേതാക്കളുടെ അത്രയും വിശ്വാസ്യത മാധ്യമങ്ങൾക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നതും ആശ്വാസം നല്‍കുന്ന അറിവാണ്. അത് സൂചിപ്പിക്കുന്നത് മാധ്യമങ്ങൾ കൂടതലായി പുലർത്തേണ്ട ഉത്തരവാദിത്വവുമാണ്.