മാക് കമ്പ്യൂട്ടറുകളുടെ പ്രോസസര്‍ നിര്‍മ്മിച്ചു കിട്ടാനായി ആപ്പിള്‍ ഇനി ഇന്റലിനെ സമീപിക്കില്ല. മറിച്ച് അവ സ്വന്തമായി നിര്‍മിക്കും. ഇനി ഇറങ്ങാന്‍ പോകുന്ന മാക്ബുക്കുകളും മാക്കുകളും ആപ്പിളിന്റെ സ്വന്തം എ.ആര്‍.എം-കേന്ദ്രീകൃത, എ സീരീസിലുള്ള ചിപ്പുകള്‍ ഉപയോഗിച്ചായിരിക്കും ഇറക്കുക. ആപ്പിളിന്റെ പ്രോസസറുകള്‍ അതിശക്തമാണെന്നത് കൂടാതെ അവയ്ക്ക് ബാറ്ററി ലൈഫ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ നിലവിലുള്ള ഇന്റല്‍ പ്രോസസറുകളുള്ള മാക് കമ്പ്യൂട്ടറുകളെ പെട്ടെന്ന് കൈയ്യൊഴിയില്ല. വരും വര്‍ഷങ്ങളിലും അവയ്ക്ക് വേണ്ട പ്രോല്‍സാഹനങ്ങള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു.
ഇനിമുതല്‍ എല്ലാ ഐ.ഒ.എസ് ആപ്പുകളും മാക് ഒ എസിലും പ്രവര്‍ത്തിക്കും. എന്നാല്‍ മാക് കമ്പ്യൂട്ടറുകള്‍ ആപ്പിളിന്റെ സ്വന്തം പ്രോസസര്‍ ഉപയോഗിച്ച് ഉണ്ടാക്കിയവ ആയിരിക്കണമെന്ന് മാത്രം. നിലവിലുള്ള മാക് കമ്പ്യൂട്ടര്‍ ഉടമകള്‍ക്ക് ഇതിന്റെ ഗുണം കിട്ടില്ല. ഇത്തരത്തിലുള്ള മാക് കമ്പ്യൂട്ടര്‍ ഈ വര്‍ഷം തന്നെ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നത്.
ആപ്പിളിന്റെ മാക് ഒ എസിന്റെ അടുത്ത പതിപ്പിന്റെ പേര് ബിഗ് സര്‍ എന്നായിരിക്കും. മാക് ഒ എസ് എക്‌സിന് ശേഷം കൊണ്ടുവന്നിരിക്കുന്ന ഏറ്റവും വലിയ ഡിസൈന്‍ മാറ്റം തങ്ങളുടെ പുതുക്കിയ ഒ എസില്‍ പ്രതിഫലിക്കുമെന്ന് ആപ്പിള്‍ അറിയിച്ചു. ആപ് ഡോക്കിനും ഫൈന്‍ഡറിനും പുതുമ തോന്നും. മെനൂ ബാര്‍ കൂടുതല്‍ സുതാര്യമാക്കും. സഫാരി കൂടുതല്‍ വേഗമുള്ളതും സ്വകാര്യത ഉള്ളതുമായിരിക്കുമെന്ന് ആപ്പിള്‍ വാഗ്ദാനം നല്‍കുന്നുണ്ട്. ടാബുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി. സ്പാനിഷ്, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, ഇംഗ്ലീഷ്, ബ്രസീലിയന്‍, പോര്‍ച്ചുഗീസ് എന്നിങ്ങനെ 7 ഭാഷകള്‍ തര്‍ജ്ജമ ചെയ്യാനുള്ള കഴിവ് ലഭിക്കുന്നു.
ആപ്പിളിന്റെ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐ.ഒ.എസിന്റെ പേര് ഐഫോ ഒ.എസ് എന്നാക്കി മാറ്റുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കമ്പനി അങ്ങനെ ചെയ്തിട്ടില്ല. എന്നാല്‍ പുതുക്കിയ ഐ.ഒ.എസില്‍ ധാരാളം പുതുമകള്‍ കൊണ്ടുവന്നിട്ടുണ്ട്.