Skip to main content

chinua achebe

നോവല്‍ എന്ന മാദ്ധ്യമത്തിലൂടെ ആഫ്രിക്കയെ അറിയുമ്പോല്‍ ഉള്ളില്‍ കൊണ്ടുനടന്ന ഉദ്വേഗങ്ങള്‍ നിരവധിയായിരുന്നു. അവയില്‍ പലതും വളര്‍ന്നുപൊന്തിയതോ, കുട്ടിക്കാലത്ത്‌ വായിച്ച ടാര്‍സന്‍ ചിത്രകഥകളില്‍നിന്നും. അച്ചീബിയുടെ നോവല്‍ത്രയം വായിക്കുമ്പോഴേയ്ക്കും ഉത്തരാധുനിക സിദ്ധാന്തങ്ങള്‍ ഇന്ത്യയിലെ അക്കാദമികളില്‍ എത്തിക്കഴിഞ്ഞിരുന്നു. പടിഞ്ഞാറിന്റെ കണ്ണിലൂടെ വികസ്വരരാജ്യങ്ങളിലെ ജനതയേയും എഴുത്തിനേയും അറിയാനുപകരിക്കുന്ന സിദ്ധാന്തക്കൊഴുപ്പിലൂടെ അച്ചീബിയേയും അറിയാനാരംഭിച്ചു. വൈകാതെ അതിലെ പ്രശ്നങ്ങള്‍ മനസ്സിലായി. കറുത്ത ഭൂഖണ്ഡത്തിലെ നൈജീരിയയുടെ ചരിത്രം അതീവ സങ്കീര്‍ണ്ണമാണ്‌. അമോസ് ട്യുട്ടുവോളയുടെ പനങ്കള്ളുചെത്തുകാരും പാമ്പുകളും പ്രേതങ്ങളും മാത്രമല്ല ഇവിടെയുള്ളത്‌. മനുഷ്യനെ മണ്ണുമായി ബന്ധിപ്പിക്കുന്ന എത്രയോ കഥകള്‍ അച്ചിബിയില്‍ ഉണ്ട്‌. ഒരുപക്ഷേ, ട്യുട്ടുവോളയുടേപ്പോലെ അതിരഹസ്യങ്ങളുടെ കലവറകള്‍ ഈ എഴുത്തുകാരനില്ലായിരിയ്ക്കും. എങ്കിലും അധിനിവേശപ്പടയെ ചെറുക്കാനും മെരുക്കാനുമുള്ള കറുത്തവന്റെ ചോരപ്പരിശയുണ്ട്‌. കറുത്തവന്‍ കറുത്തവനെത്തന്നെ വേട്ടയാടി നടന്നിരുന്ന കാലങ്ങളില്‍ നഷ്ടപ്പെട്ടിരുന്ന സ്മൃതികളുണ്ട്‌ ഈ കഥനങ്ങളില്‍. കൂടാതെ അടിമകളുടെ ചരിത്രമാഖ്യാനം ചെയ്ത വെളുത്തവരുടെ കള്ളനോട്ടങ്ങളുമുണ്ട്‌. അച്ചീബിയിലൂടെ ഒരു ഭൂഖണ്ഡത്തെ അറിയുവാനാരംഭിച്ചു. നോവലിന്റെ വരവങ്ങിനെയാണ്‌, വന്‍കരയെ പുറം ലോകത്തിന്‌ എഴുതിയറിയിച്ചുകൊണ്ട്‌.

 

നൈജീരിയയുടെ എഴുത്തുകാരനെന്നതിലുപരി,ആഫ്രിക്കയുടെ എഴുത്തുകാരനായിട്ടാണ്‌ അച്ചീബി അറിയപ്പെട്ടിരുന്നത്‌. അതിനു കാരണങ്ങള്‍ പലതാണ്‌. അധിനിവേശത്തിന്റെ ആദ്യഘട്ടങ്ങള്‍ ഓര്‍ത്തെടുക്കുന്ന കഥാപാത്രങ്ങളെ സമര്‍ത്ഥമായി അച്ചീബി ചിത്രീകരിച്ചു. ഒക്കോങ്കോവിലൂടെ ഭൂമിയുടെ ധവളിമ അറിയിക്കുകയും കൊളോണിയല്‍ വിദ്യാഭ്യാസത്തിന്റെ തിക്താനുഭവങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഭൂമിയുടെ വേദന ആരംഭിക്കുന്നത്‌ കാലങ്ങളായി അതിലുണ്ടായിരുന്ന സമ്പത്തും സംസ്കൃതിയും നഷ്ടമാകുമ്പോഴാണല്ലോ. കഴുകന്റേയും പരുന്തിന്റേയും സര്‍പ്പങ്ങളെത്തേടിയുള്ള വരവ്‌ നിലച്ചപ്പോള്‍ വെള്ളക്കാരന്റെ ബൂട്ടുകളുടെ താളത്തിനൊത്ത്‌ ഭൂമി ആടിയുലയുവാന്‍ തുടങ്ങി. ധാതുലവണങ്ങള്‍ നഷ്ടമായതോടെ ആര്‍ക്കോവേണ്ടി തീറെഴുതാന്‍ തയ്യാറായ ഭൂമി തന്നെയാണ്‌ കരയുന്നത്‌. ഈ ഭൂബന്ധത്തെ (autochthonous) സരസമായ രീതിയില്‍ വരച്ചുവെന്നതാണ്‌ അച്ചീബിയുടെ മുഖ്യ സംഭാവന.

 

വ്യക്തമായ നിരീക്ഷണങ്ങളിലൂടെ കോണ്‍റാഡ്‌ നടത്തുന്ന മനശ്ശാസ്ത്രപരമായ അവലോകനങ്ങളില്‍ ഭൂഖണ്ഡങ്ങളുടെ അതിരുകള്‍ക്കപ്പുറത്തെ മനുഷ്യബന്ധങ്ങളുടെ അടയാളങ്ങളുണ്ട്‌. എന്തുകൊണ്ടോ അച്ചീബിയ്ക്കത്‌ മനസ്സിലാകാതെപോയി.

 

അച്ചീബിയിലൂടെയാണ് ഹെയ്ന്‍മന്‍ (Heinemann) പ്രസിദ്ധീകരണം ആഫ്രിക്കന്‍ സാഹിത്യം പ്രചുരപ്രചാരത്തിലാക്കുന്നത്. ക്രിസ്ത്യന്‍ കുടുംബത്തില്‍ വളര്‍ന്നതിനു പുറമേ, അച്ചീബിയ്ക്ക്‌ ലഭിച്ച ഇംഗ്ലീഷ്‌ വിദ്യാഭ്യാസം അധിനിവേശത്തെപ്പറ്റി ആഴത്തില്‍ ചിന്തിക്കുവാനും അടിവേരുകള്‍ ചികയുവാനും പ്രേരിപ്പിച്ചു. കോളേജില്‍ വച്ചു പരിചയപ്പെട്ട മാര്‍ക്‌ ട്വയിനിന്റേയും കോണ്‍റാഡിന്റേയും നോവലുകള്‍ അച്ചീബിയെ യൂറോപ്പിനു വിരുദ്ധമായ ചിന്തയും എഴുത്തും കൊണ്ടുവരുന്നതിന് പ്രേരിപ്പിച്ചു. കോണ്‍റാഡിന്റെ 'അന്ധകാരത്തിന്റെ ഹൃദയം' (heart of darkness) എന്ന നോവലിനെ മുന്‍ നിര്‍ത്തി കോണ്‍റാഡിനെ ബ്ലഡി റേസിസ്റ്റ്‌ (bloody racist) എന്ന് വിശേഷിപ്പിക്കുകയുമുണ്ടായി. വളരെ തരം താഴ്‌ന്ന ഈ പ്രസ്താവനയിലൂടെയാണ്‌ അച്ചീബിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഉത്തര-അധിനിവേശ ചിന്തകര്‍ പ്രബന്ധങ്ങള്‍ എഴുതിക്കൂട്ടിയത്‌. സത്യത്തില്‍, കോംഗോ (ഇപ്പോഴത്തെ സയറ ലിയോണ്‍) കടന്നുപോയ ദുരന്ത ചരിത്രങ്ങളില്‍ വെള്ളക്കാരന്റെ മനസ്സു തുറക്കുന്ന ഏക പുസ്തകമായിരുന്നു കോണ്‍റാഡിന്റേത്‌. വ്യക്തമായ നിരീക്ഷണങ്ങളിലൂടെ കോണ്‍റാഡ്‌ നടത്തുന്ന മനശ്ശാസ്ത്രപരമായ അവലോകനങ്ങളില്‍ ഭൂഖണ്ഡങ്ങളുടെ അതിരുകള്‍ക്കപ്പുറത്തെ മനുഷ്യബന്ധങ്ങളുടെ അടയാളങ്ങളുണ്ട്‌. എന്തുകൊണ്ടോ അച്ചീബിയ്ക്കത്‌ മനസ്സിലാകാതെപോയി.

 

'ആന്റ്‌ഹില്‍സ്‌ ഓഫ്‌ സവാന' യാണ്‌ അച്ചീബിയുടെ ഏറ്റവും പഠിക്കപ്പെടേണ്ട പുസ്തകം. ഒപ്പം കുറച്ച്‌ കഥകളും. ഇഗ്ബോ (Igbo) കുലത്തിന്റെ ചരിത്രത്തിലെ യുദ്ധത്തെക്കുറിച്ചുള്ള വിചാരങ്ങള്‍, കുലമുറകള്‍, വിവാഹം, മരണം എന്നിവയേക്കുറിച്ചുള്ള മൂലരൂപങ്ങള്‍ ഇവയെല്ലാം 'ആന്റ്‌ഹില്‍സ്‌ ഓഫ്‌ സവാന'യില്‍ നിറഞ്ഞിരിക്കുന്നു. ഇഗ്ബോ കുലത്തിലെ 'ബലി'യാണ്‌ അച്ചീബിയില്‍ ആവര്‍ത്തിച്ചുവരുന്ന മറ്റൊരു ആശയം.

 

ആഫ്രിക്കയുടെ രാഷ്ട്രീയത്തില്‍ അച്ചീബിയുടെ പങ്കിനേക്കുറിച്ച്‌ യോജിച്ചും വിയോജിച്ചും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എവിടേയോ അച്ചീബി ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍നിന്നും പാടേ തെന്നിമാറി നൈജീരിയക്കാരനായില്ലേ എന്നു ചോദിക്കുന്നവരുമുണ്ട്‌. മണ്ടേലയേപ്പോലെയോ ടുട്ടുവിനേപ്പോലേയോ ഉള്ള ആരുടേയുമൊപ്പം അധികനാള്‍ രാഷ്ട്രീയത്തിലെ ശക്തിയായി നില്‍ക്കുവാന്‍ അച്ചീബിയ്ക്കു കഴിഞ്ഞിരുന്നില്ല. കാരണം, അത്രയ്ക്കും ശക്തമായിരുന്നു അദ്ദേഹത്തിന്റെയുള്ളില്‍ ജന്മനാടിന്റെ പിടിച്ചുവലി. ആഫ്രിക്കയുടെ സ്വാതന്ത്ര്യമെന്നത്‌ ജന്മനാടിന്റെ സ്വാതന്ത്ര്യമായാണ്‌ അച്ചീബി കണ്ടത്‌. അധിനിവേശാനന്തര ആഫ്രിക്കന്‍ നാടുകളുടെ പാരതന്ത്ര്യം സ്വയം സൃഷ്ടിച്ചെടുത്ത ഉള്‍ക്കിണറുകളിലാണെന്ന് വിളിച്ചുപറയാന്‍ അച്ചീബി മടിച്ചില്ല. അതില്‍നിന്നുമുള്ള മോചനമാണ്‌ ആഫ്രിക്കയ്ക്ക്‌ ഇന്നാവശ്യം.

 

അച്ചീബിയില്‍നിന്നും ഇനിയും എന്തെങ്കിലും കണ്ടെത്തുവാനുണ്ടെങ്കില്‍ ഭൂമിയുമായി നിലനില്‍ക്കുന്ന ഗോത്രങ്ങളുടെ വ്യവഹാരങ്ങളില്‍ നിന്നുമായിരിക്കുമത്‌.

 

അച്ചീബി നോബല്‍ പുരസ്കൃതനായില്ല. ഓറഞ്ച്‌ പുരസ്കൃതനായി. അതൊരു വിഷയമായിരുന്നു. അതിനേക്കളും വലിയ വിഷയം പണ്ട്‌ ഇന്ത്യയില്‍ ബോധഗയയിലേയ്ക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹത്തെ 'മദ്രാസി' എന്ന് വിളിച്ചു കളിയാക്കിയ സംഭവമാണ്‌. ആഫ്രിക്കന്‍ എഴുത്തിനെ നമ്മുടെ ദളിത്‌ എഴുത്തുമായി കൂട്ടിവായിക്കുന്നതിനോടോ താരതമ്യം ചെയ്യുന്നതിനോടോ എനിക്ക്‌ താത്പര്യമില്ല. കാരണം, പലപ്പോഴും ഇതില്‍ കടന്നുവരുന്നത്‌ 'നിറം' മാത്രമാണ്‌. അവിടെ ചുരുങ്ങിയ ഇടങ്ങളിലേയ്ക്ക്‌ ഒതുങ്ങിപ്പോവുകയാണ്‌ നമ്മള്‍ ചെയ്യുന്നത്‌. അച്ചീബിയില്‍നിന്നും ഇനിയും എന്തെങ്കിലും കണ്ടെത്തുവാനുണ്ടെങ്കില്‍ ഭൂമിയുമായി നിലനില്‍ക്കുന്ന ഗോത്രങ്ങളുടെ വ്യവഹാരങ്ങളില്‍ നിന്നുമായിരിക്കുമത്‌. അതിനുള്ള ശ്രമങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യവുമുണ്ട്‌.

 

 

ഡല്‍ഹി സര്‍വകലാശാലയിലെ ദേശ്ബന്ധു കോളേജില്‍ ഇംഗ്ലിഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് പി. കൃഷ്ണനുണ്ണി.