രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കേസില്‍ 7 വര്‍ഷവും 3 മാസവും നീണ്ടു നിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നീതി നടപ്പിലാക്കിയിരിക്കുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളെയും ഇന്ന് പുലര്‍ച്ചെ 5.30ന് ഒരുമിച്ച് തൂക്കിലേറ്റി. മുകേഷ് കുമാര്‍ സിങ്(32), പവന്‍ ഗുപ്ത(25), വിനയ് ശര്‍മ്മ(26), അക്ഷയ്കുമാര്‍ സിങ്(31) എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ആരാച്ചാര്‍ പവന്‍ ജല്ലാദാണ് ഇവരെ തൂക്കിലേറ്റിയത്. ശിക്ഷ നടപ്പാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച ആള്‍ക്കൂട്ടം ജയിലിന് പുറത്ത് മധുരം വിതരണം ചെയ്തു.
ഇത് രാജ്യത്തെ പെണ്‍ക്കുട്ടികളുടെ പുതിയ പ്രഭാതം എന്നാണ് നിര്‍ഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചത്. ഞാനവളുടെ ചിത്രത്തെ കെട്ടിപ്പിടിച്ച് ആ മൃഗങ്ങളെ തൂക്കിലേറ്റിയെന്ന് പറഞ്ഞു. ഒടുവില്‍ എന്റെ മകള്‍ക്ക് നീതി ലഭിച്ചു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിന് മുന്‍പ് ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രതികളുടെ ഹര്‍ജി നിലനിന്നിരുന്നതിനാല്‍ ഇതെല്ലാം റദ്ദാക്കുകയായിരുന്നു. ഇന്ന് രാവിലെ നാല് മണിയോടെ കഴുമരത്തിനടുത്തേക്ക് കൊണ്ടുപോയ കുറ്റവാളികളെ 10 മിനിട്ട് പ്രാര്‍ത്ഥനയ്ക്കായി അനുവദിച്ചു. മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം കൃത്യം 5.30ന് തന്നെ നാല് പേരെയും തൂക്കിലേറ്റി. അര മണിക്കൂര്‍ കഴുമരത്തില്‍ തന്നെ തൂക്കി നിര്‍ത്തിയതിന് ശേഷം 6 മണിയോടെ മൃതദേഹങ്ങള്‍ തൂക്കുമരത്തില്‍ നിന്ന് നീക്കി. ഡല്‍ഹി ഡി.ഡി.യു ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടക്കും. ഇത് ആദ്യമായാണ് നാല് കുറ്റവാളികളെ ഒരുമിച്ച് തൂക്കിലേറ്റുന്നത്.
2012 ഡിസംബര്‍ 16നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. സുഹൃത്തിനൊപ്പം ബസില്‍ കേറിയ പെണ്‍ക്കുട്ടിയെ ഓടുന്ന ബസില്‍ വച്ച് 6 പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച ശേഷം ഇവരെ റോഡിലേക്ക് എറിയുകയായിരുന്നു. ചികില്‍സയിലിരിക്കെ പെണ്‍ക്കുട്ടി മരണത്തിന് കീഴടങ്ങി. രാജ്യത്തെ ആകെ പിടിച്ച് കുലുക്കിയ സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ ഒരു കോണ്‍സ്റ്റബിളിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്തിരുന്നു. ആറു പേരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന കാരണത്താല്‍ മൂന്ന് വര്‍ഷത്തെ ജുവനൈല്‍ തടവിന് ശേഷം വെറുതെ വിട്ടു. പ്രതികളില്‍ ഒരാളായ രാം സിങ് ജയില്‍വാസത്തിനിടെ ജീവനൊടുക്കി.