പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. തെലുങ്കില്‍ ചിരഞ്ജീവിയും തമിഴില്‍ സൂര്യയും ഹിന്ദിയില്‍ അക്ഷയ് കുമാറും കന്നടയില്‍ കെ.ജി.എഫ് താരം യാഷുമാണ് ട്രയിലര്‍ റിലീസ് ചെയ്തത്. 100 കോടി ബഡ്ജറ്റിലൊരുങ്ങുന്ന മരക്കാര്‍ ആശിര്‍വാദ് സിനിമാസിന്റെ 25-ാമത്തെ ചിത്രമാണ്. ആന്റണി പെരുമ്പാവൂര്‍, സി.ജെ.റോയ്, സന്തോഷ് കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രിയദര്‍ശന്‍-അനില്‍ ഐ.വി ശശി എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മോഹന്‍ലാലിനൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. നടന്‍ മധു ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി വേഷമിടുന്നു. മഞ്ജു വാര്യര്‍, നെടുമുടി വേണു, പ്രഭു, സിദ്ദിഖ്, സുനില്‍ ഷെട്ടി, മാമുക്കോയ, മുകേഷ്, കല്ല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, സംവിധായകന്‍ ഫാസില്‍, ഹരീഷ് പേരടി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരു ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റോണി റാഫേല്‍ ചിത്രത്തിന് സംഗീതം നല്‍കും. 5 ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം മാര്‍ച്ച് 26ന് തീയേറ്ററുകളിലെത്തും.