Skip to main content

യെസ് ബാങ്കിന്റെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു. റിസര്‍വ് ബാങ്ക് ഏറ്റെടുത്ത യെസ് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ആര്‍.ബി.ഐ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ മുംബൈയിലടക്കം യെസ് ബാങ്ക് എ.ടി.എമ്മുകള്‍ കാലിയായി. എന്നാല്‍ ഇതില്‍ ആശങ്ക വേണ്ടെന്നും പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. യെസ് ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 50,000 ആയി നിയന്ത്രിച്ചതോടെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനായി ആളുകള്‍ തിരക്കിട്ടതാണ് ഓണ്‍ലൈന്‍ സംവിധാനം താറുമാറാക്കിയത്. 

കിട്ടാക്കടം പെരുകിയതും മൂലധനം കണ്ടെത്തുന്നതില്‍ വീഴ്ച സംഭവിച്ചതും ഭരണതലത്തിലെ കെടുകാര്യസ്ഥതയുമാണ് ബാങ്കിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. മുന്നറിയിപ്പുകള്‍ പരിഗണിച്ച് മുന്നേറുന്നതില്‍ ബാങ്ക് പരാജയപ്പെട്ടതുകൊണ്ടാണ് മൊററ്റോറിയം പ്രഖ്യാപിച്ച് ബാങ്ക് ഏറ്റെടുത്തതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. ധനമന്ത്രി നിര്‍മ്മല സീതാരാമനും എസ്.ബി.ഐ ചെയര്‍മാനും വിഷയത്തില്‍ കൂടിക്കാഴ്ച നടത്തി. 

യെസ് ബാങ്ക് പ്രതിസന്ധിയില്‍ പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തി. സര്‍ക്കാരിന്റെ കഴിവുകേടാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരം പറയുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മോദിയുടെ ആശയങ്ങള്‍ തകര്‍ത്തുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 

Tags