Skip to main content

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ ടീസര്‍ പുറത്ത്. മോഹന്‍ ലാല്‍ ഫാന്‍സിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ചിത്രത്തിന്റെ പുതിയ ടീസര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടീസര്‍ ഇതിനോടകം തരംഗമായി കഴിഞ്ഞു. പറങ്കികളോടുള്ള പോരാട്ടം തന്നെയായിരിക്കും ചിത്രത്തില്‍ ഉടനീളം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന യുദ്ധരംഗങ്ങള്‍ ആരാധകരെ ആവേശത്തിലാക്കുന്നതാണ്.

മാത്രമല്ല ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരും മരക്കാര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നും ടീസര്‍ വ്യക്തമാക്കുന്നു. ടീസര്‍ തുടങ്ങുന്നത് ആന്റണി പെരുമ്പാവൂരിന്റെ സീനില്‍ നിന്നാണ്.  

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം വന്‍താരനിരയാണ് അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാറിന്റെ ചെറുപ്പകാലം അഭിനയിയ്ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മഞ്ജു വാര്യര്‍, മധു, നെടുമുടി വേണു, ഇന്നസെന്റ്, മാമുക്കോയ, നന്ദു, പ്രഭു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, സംവിധായകന്‍ ഫാസില്‍, സിദ്ദീഖ്, ഹരീഷ് പേരടി തുടങ്ങി വന്‍ തരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

 

5 ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം മാര്‍ച്ച് 26ന് തീയേറ്ററുകളിലെത്തും. രാജ്യത്തെ 5000 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.