പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രക്ഷോഭം വേണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ നിലപാടിന് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍. കെ.മുരളീധരന് എം.പിയും വി.എം സുധീരനുമാണ് മുല്ലപ്പള്ളിയുടെ നിലപാടിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ ശൈലിയാണ് പിണറായി പിന്തുടരുന്നതെന്ന് സുധീരനും മോദിയുടെ നയം ഡിജിപിയിലൂടെ നടപ്പിലാക്കുകയാണ് പിണറായിയെന്നും കെ.മുരളീധരനും വിമര്‍ശിച്ചു. കെ കരുണാകരന് അനുസ്മരണ യോഗത്തിലായിരുന്നു ഇരുവരുടെയും തുറന്നടിക്കല്‍.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതല്‍ പ്രക്ഷോഭം നയിച്ചത് കോണ്‍ഗ്രസാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ സമരം നടത്തുമ്പോള്‍ ഒരുമിച്ച് സമരം ബുദ്ധിമുട്ടാണ്. യച്ചൂരിയും സോണിയയും ഒന്നിച്ചിരുന്നാല്‍ അത് കേരളത്തില്‍ പ്രായോഗികമല്ലെന്നും മുരളീധരന് പറഞ്ഞു.
ഒന്നിച്ചുള്ള സമരം നല്ലത് തന്നെയാണ്. പക്ഷേ മോദിയുടെ അതേ ശൈലിയിലാണ് പിണറായി മുന്നോട്ട് പോകുന്നത്. മോദിയുടെ നയങ്ങള്‍ അതേ പടി നടത്തിയിട്ട് ഒന്നിച്ച് സമരം നടത്തണമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.