പശ്ചിമ ബംഗാള്‍ എരിയുന്നു; മമതയുടെ തീക്കളി

Glint Desk
Sun, 15-12-2019 04:29:53 PM ;

bengal-caa-protest

ആസ്സാമുള്‍പ്പടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ഒട്ടും വര്‍ഗ്ഗീയമല്ല. അവരുടെ എല്ലാ അര്‍ത്ഥത്തിലുമുള്ള നിലനില്‍പ്പ് പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് അവര്‍ പ്രക്ഷോഭം നടത്തുന്നത്. ഹിന്ദു-മുസ്ലീം ഭേദമന്യേ ബംഗാളി സംസാരിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതിനെയാണ് അവര്‍ എതിര്‍ക്കുന്നത്. എന്നാല്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആഹ്വാനത്തെ തുടര്‍ന്ന പശ്ചിമബംഗാളില്‍ ആളിക്കത്തിയ പ്രക്ഷോഭം അക്രമാസക്തവും വര്‍ഗ്ഗീയ ലഹളയുടെ രീതിയിലേക്കും നീങ്ങിയിരിക്കുന്നു.

         
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്തതിന്റെ പിറ്റേന്ന് അക്രമത്തിന്റെ വഴി സ്വീകരിക്കരുതെന്ന് മമത അണികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അപ്പോഴേക്കും തീവെപ്പും റെയില്‍വേസ്റ്റഷന്‍ കത്തിക്കലും മറ്റ് അക്രമങ്ങളുമായി പശ്ചിമബംഗാള്‍ തീക്കളമായി മാറിക്കഴിഞ്ഞിരുന്നു. ഒരുവശത്ത് അത് വര്‍ഗ്ഗീയമായും മാറി. അഴിച്ചുവിട്ട ഭൂതത്തെ പിടിച്ചുകെട്ടാന്‍ പറ്റാത്ത അവസ്ഥയിലാണ് മമതയിപ്പോള്‍. ഞായറാഴ്ച നാലു ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനമുള്‍പ്പടെയുള്ള നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാരിന് നീങ്ങേണ്ടി വന്നു. 
      
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുളളവര്‍ തെരുവിലറങ്ങിയത് തങ്ങളുടെ ഗോത്രവര്‍ഗ്ഗ സംസ്‌കാരം നശിക്കുമെന്നും സര്‍ക്കാരിലുള്‍പ്പടെയുള്ള തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടിയാണ്. ഈ നിയമം ബംഗ്ലാദേശില്‍ നിന്ന് കൂടുതല്‍ ഹിന്ദുക്കളെ ഇവിടേക്ക് കൊണ്ടുവരുമെന്നതും അസ്സംകാര്‍ ഉന്നയിക്കുകയുണ്ടായി. ഒരു പരിധിവരെ അസ്സംകാരുടെ ആശങ്കകള്‍ പെട്ടന്ന് തള്ളിക്കളയാവുന്നതുമല്ല. 

അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം എന്നിവിടങ്ങളിലെ പ്രക്ഷോഭത്തിന്റെ തീക്ഷ്ണത കുറഞ്ഞിട്ടുണ്ട്. അവിടുത്തെ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്(ഐ.എല്‍.പി) സംവിധാനത്തില്‍ മാറ്റം വരുത്തില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിന്റെയടിസ്ഥാനത്തിലാണ് അവിടുത്തെ പ്രക്ഷോഭകര്‍ രംഗത്തു നിന്നു പിന്‍വലിഞ്ഞത്. അന്യ സംസ്ഥാനക്കാര്‍ക്ക് ഈ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കണമെങ്കില്‍ വിസയ്ക്കു സമാനമായ അനുമതിപത്രം
ആവശ്യമാണ്. ഇതിനെയാണ് ഐ.എല്‍.പി എന്നു പറയുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രക്ഷോഭത്തില്‍ തെല്ലും വര്‍ഗ്ഗീയത ഇതുവരെ കടന്നുകൂടിയിട്ടില്ല എന്നുള്ളതിനും തെളിവാണ് ഐ.എല്‍.പി നിലനിര്‍ത്തുമെന്ന ഉറപ്പിന്റെയടിസ്ഥാനത്തില്‍ പ്രക്ഷോഭം തണുക്കാന്‍ കാരണമായതും.

Tags: