ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി തീകൊളുത്തി കൊന്ന കേസിലെ പ്രതികളെ ജനക്കൂട്ടത്തിന് വിട്ടുകൊടുക്കണമെന്ന് രാജ്യസഭയില്‍ ജയ ബച്ചന്‍ ആവശ്യപ്പെട്ടിരുന്നു. അതിനെതിരെ വിമര്‍ശനസ്വരമുണ്ടായില്ലെന്ന് മാത്രമല്ല ജയ ബച്ചന്റെ നിര്‍ദേശത്തോട് യോജിക്കുന്ന രീതിയിലായിരുന്നു പാര്‍ലമെന്റിന്റെ മൗനം. ആ മൗനാനുവാദത്തിന്റെ തുടര്‍ച്ചായായാണ് കേസിലെ നാല് പ്രതികളെയും ഹൈദരാബാദ് പോലീസ് വെടിവെച്ചു കൊന്നത്.
ആള്‍ക്കൂട്ട മനശ്ശാസ്ത്രമാണ് വൈകാരികതയുടെ പേരില്‍ ഒരാളെ തല്ലിക്കൊല്ലുന്നത്. അത് കാട്ടു നീതിയാണ്. ഒരു പരിഷ്‌കൃത സമൂഹത്തിലോ ജനായത്ത അന്തരീക്ഷത്തിലോ അത്തരം കാട്ടു നീതി അംഗീകരിക്കപ്പെടുകയാണെങ്കില്‍ അവിടുത്തെ നീതിന്യായ വ്യവസ്ഥയും ജനായത്തവും പൂര്‍ണമായും തകര്‍ന്നു എന്നാണ് അര്‍ത്ഥം. ഈ നാല് പ്രതികള്‍ തെളിവെടുപ്പിനിടയില്‍ രക്ഷപെടാന്‍ ശ്രമിച്ചന്നെും അപ്പോള്‍ വെടിവടച്ചു കൊന്നു എന്നുമാണ് പോലീസ് ഭാഷ്യം.
എന്നാല്‍ ഇന്ത്യ എന്ന ആള്‍ക്കൂട്ടം ആഗ്രഹിക്കുന്നതാണ് തങ്ങള്‍ നടപ്പാക്കുന്നതെന്ന പോലീസിന്റെ ബോധ്യം തന്നെയാണ് ഈ നാല് പ്രതികളെയും ഏറ്റുമുട്ടല്‍ എന്ന പേരില്‍ വെടിവച്ച് കൊല്ലാനുള്ള സാഹചര്യം ഉണ്ടാക്കിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ഈ പോലീസ് നടപടിയെ പ്രതകീര്‍ത്തിച്ചുകൊള്ളുള്ള പോസ്റ്റുകള്‍ തകര്‍ക്കുകയാണ്. ഇന്ത്യന്‍ ജനായത്ത സമൂഹത്തെ ബാധിച്ചിരിക്കുന്ന ആള്‍ക്കൂട്ട ഭ്രാന്തിന്റെ ലക്ഷണമാണ് ഇതിനെ ന്യായീകിച്ചുകൊണ്ടുള്ള സമൂഹ്യമാധ്യമ ആഘോഷം.
ഇതുവഴി സംഭവിക്കുന്ന് ആള്‍ക്കൂട്ട ഭ്രാന്തിനെ തടിച്ചുകൊഴുപ്പിലാണ്. ഈ പ്രതികളുടെ കൊലപാതകം ഒരു ജനായത്ത സംവിധാനത്തില്‍ ആ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കുറ്റകൃത്യത്തേക്കാള്‍ വലുതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണ്.
ഈ കൊലപാതകത്തിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയത്തിലാണ് വെടിയേറ്റിരിക്കുന്നത്. ഈ നാല് പേര്‍ തന്നെയാണോ കുറ്റവാളികള്‍ എന്നുപോലും ആര്‍ക്കും അറിയില്ല. പ്രബുദ്ധതയ്ക്ക് പേരു കേട്ട കേരളത്തില്‍ പോലും കൊലപാതകങ്ങളുടെ പേരില്‍ പലപ്പോഴും പിടിക്കപ്പെടുന്നത് പകരക്കാരാണ്.
അത്തരമൊരു സാഹചര്യത്തില്‍ കുറ്റകൃത്യം തെളിയിക്കുന്നതിന് മുമ്പ് തന്നെ പോലീസ് കുറ്റവും ശിക്ഷയും തീരുമാനിച്ച് നടപ്പിലാക്കുന്നു എന്ന് വന്നാല്‍ ജനായത്തസംവിധാനം തകര്‍ന്നു എന്നു തന്നെ. പോലീസ് രാജ് നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ വ്യക്തിയുടെ ജീവനും സ്വത്തിനും ഒരുറപ്പുമുണ്ടാകില്ല എന്നുള്ളത് തീര്‍ച്ചായാണ്. പോലീസ് പറയുന്നതെല്ലാം വിശ്വസിക്കേണ്ടി വരും. ആര്‍ക്ക് ആരെ വേണമെങ്കിലും ബലാത്സംഗം ചെയ്യാം, കൊല്ലാം എന്നൊക്കെയുള്ള അവസ്ഥ. ആരെങ്കിലും ചോദ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ അവരുടെ മേല്‍ കുറ്റമാരോപിച്ച് അവരെ കൊന്നെന്നും വരാം. ഹൈദരാബാദ് കേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ വേണ്ടി ഈ നാല് പേരെ പോലീസ് കൊന്ന് കേസൊതുക്കാന്‍ ശ്രമിച്ചതാണോ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ ആ സംശയത്തെ തള്ളിക്കളയാന്‍ അവസരമുണ്ടാകുന്നില്ല.
മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്‌സെയും വിചാരണ ചെയ്താണ് തൂക്കലേറ്റിയത്. നിയമവാഴ്ചയുടെ അഭാവവും, ആ അഭാവത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തിന്റെ ഫലമായി ഉണ്ടാകുന്ന സമൂഹിക ആവസ്ഥയുടെ ഫലം കൂടിയാണ് ഹൈദരാബിദിലെ ഈ സംഭവം. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് ഇവിടെ വേണ്ടിയിരുന്നത്.
ഇത്തരം പ്രതികള്‍ ഏതെങ്കിലും പഴുതുകളിലൂടെ രക്ഷപെടാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് അടച്ചുകൊണ്ടുള്ള നിയമ നിര്‍മാണവുമാണ് ആവശ്യം. പകരം അവശേഷിക്കുന്ന നിയമ വാഴ്ചയുടെ തകര്‍ച്ച കൂടിയാണ് ഹൈദരാബാദിലെ ഈ പ്രതികളുടെ കൊലപാതകം സൂചിപ്പിക്കുന്നത്. ഇവര്‍ പ്രതികള്‍ തന്നെ ആയിരിക്കാം. ഇവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ഇന്ത്യയില്‍ നിലവിലുള്ള പരമാവാധി ശിക്ഷ ലഭ്യമാക്കേണ്ടത് തന്നെയായിരുന്നു. എന്നുവച്ചാല്‍ വധശിക്ഷ തന്നെ. അത് പക്ഷേ നിയമത്തിന്റെ വിജയത്തിലൂടെയായിരിക്കണം. അല്ലാതെ പരാജയത്തിലൂടെയും നാശത്തിലൂടെയും ആകരുത്. ഈ ഒരു തരത്തിലേക്ക് ജയബച്ചനും ഇന്ത്യന്‍ പാര്‍മെന്റിനും ഉയരാന്‍ കഴിയാതെ പോയി എന്നുള്ളത് ഓരോ ഇന്തക്കാരനെയും വ്യാകുലപ്പെടുത്തുന്നു.