സംസ്ഥാന സര്‍ക്കാര്‍ അതിമനോഹരമായി ശബരിമല വിഷയത്തില്‍ ഇരട്ടത്താപ്പ് കളിക്കുന്നു. കഴിഞ്ഞ തവണ സര്‍ക്കാര്‍ സുപ്രീംകോടതി വിധി ഉയര്‍ത്തിക്കാട്ടി വാശിയോടെ ഇരുട്ടിന്റെ മറവില്‍ യുവതികളെ ശബരിമല കയറ്റി. ആ സുപ്രീം കോടതിയുടെ വിധിക്ക് ഇതുവരെ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. എന്നാല്‍ ഇക്കുറി സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും കടുത്ത അയ്യപ്പവിശ്വാസികളായി. കഴിഞ്ഞ തവണ പോലീസ് സംരക്ഷണത്തിലാണ് ബിന്ദു അമ്മിണി രാത്രിയില്‍ മല ചവിട്ടിയത്. അതേ ബിന്ദു അമ്മിണിയ്ക്ക് നേര്‍ക്ക് പട്ടാപ്പകല്‍ പോലീസ് കമ്മീഷ്ണര്‍ ഓഫീസറുടെ മൂക്കിന് കീഴില്‍വച്ച് മുളക്‌സ്‌പ്രേ പ്രയോഗം നടത്തിയിരിക്കുന്നു. മുളക് സ്പ്രേ പ്രയോഗം നടത്തിയ വ്യക്തി കാവി വസ്ത്ര ധാരിയാണെങ്കിലും ബിന്ദു അമ്മിണി മുളക് വെള്ളത്തില്‍ കുളിക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്.
ഭരണഘടനയുടെ 70ാം വാര്‍ഷികം ആഘോഷിക്കുന്ന നവംബര്‍ 26ന് ഭരണഘടന ഉറപ്പ് നല്‍കുന്ന ചുരുങ്ങിയ സുരക്ഷപോലും ബിന്ദു അമ്മിണിയ്ക്ക് പോലീസ് കമ്മീഷ്ണര്‍ ഓഫീസിന്റെ തിരുമുറ്റത്ത് ലഭിച്ചില്ല. ബിന്ദു അമ്മിണി ഇനി എത്ര ആണയിട്ടാലും അവര്‍ അയ്യപ്പഭക്തയുമല്ല സമൂഹത്തില്‍ സമാധനം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയുമല്ല. മറിച്ച് ബോധപൂര്‍വ്വം അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ തുനിഞ്ഞിറങ്ങിയ വ്യക്തിയുമാണ്. ബിന്ദുവിന്റെ ആ വ്യക്തിത്വത്തെ മുതലെടുത്തുകൊണ്ടാണ് കഴിഞ്ഞ തവണ സംസ്ഥാന സര്‍ക്കാര്‍ അവരെ ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ താല്‍പര്യം നിറവേറ്റിയത്.
ബിന്ദു അമ്മിണി ഏത് വിധത്തിലുള്ള വ്യക്തിയോ ആയിക്കൊള്ളട്ടെ. അവരുടെ മുഖത്ത് മുളക് സ്പ്രേ പ്രയോഗിക്കുക, ആക്രമിക്കുക തുടങ്ങിയ നടപടികളെ ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. പുരുഷ വര്‍ഗത്തിനും പൊതുവെ മലയാളിക്കും,അയ്യപ്പനും അവമതിപ്പും അവഹേളനവും വിളിച്ചുവരുത്തുന്നതായിപ്പോയി താടിവച്ച യുവാവിന്റെ മുളക് സ്പ്രേ പ്രയോഗം. ആ യുവാവ് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവാണെന്നാണ് അറിയുന്നത്. എങ്കില്‍ മുഴുവന്‍ ഹിന്ദുക്കള്‍ക്കും തലകുനിയ്ക്കാനുള്ള സന്ദര്‍ഭമാണ് ആ യുവാവ് ഉണ്ടാക്കിയത്. യുവത്വത്തിന് പോലും നാണക്കേട്. ഭരണഘടനയുടെ 70ാം വാര്‍ഷികം ആചരിക്കുന്ന ഈ വേളയില്‍ ഏറ്റവും ചുരുങ്ങിയ ജനായത്ത മര്യാദ ഒരു സഹജീവിയോട് കാണിക്കാന്‍ പോലും ഭൂമിശാസ്ത്രപരമായി മാത്രം ഭാരതീയനായ ആ യുവാവിന് കഴിയാതെ പോയി.
തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിന് എത്തുന്നു എന്ന കാര്യം പോലീസിന് അറിവുള്ളതാണ്. പോലീസിന് അറിവില്ല എന്നാണ് വാദിക്കുന്നതെങ്കില്‍ അത് അപമാനകരവും. തൃപ്തി ദേശായി ഈ മണ്ഡലകാലത്ത് ഇവിടെയെത്തുമ്പോള്‍ സ്വാഭാവികമായും അത് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ഏത് പോലീസുകാരനും വലിയ ആലോചനയൊന്നുമില്ലാതെ തിരച്ചറിയാവുന്നതാണ്. സ്വാഭാവികമായും തൃപ്തിദേശായിയുടെ സാന്നിധ്യം എവിടെയാണോ ഉണ്ടാവുക അവിടേക്ക് അവരെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും എത്തുക സ്വാഭാവികം. ഇത്തരത്തിലുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് സംസ്ഥാനത്തെ ഇന്റെലിജെന്‍സ് വിഭാഗം. ഈ പശ്ചാത്തലത്തില്‍ ഏതുപോലെയാണോ ബിന്ദു അമ്മിണി കഴിഞ്ഞ വര്‍ഷം ശബരിമല കയറിയത് അതേപോലെ ഇപ്പോള്‍ അവര്‍ സംസ്ഥാന സര്‍ക്കാരിന്റെ പരോക്ഷ അനുമതി ലഭ്യമായ അവസരത്തിലാണ് മുളക് സ്പ്രേ പ്രയോഗം നേരിടേണ്ടി വന്നത്. ബിന്ദു അമ്മിണി ശബരിമലയില്‍ കയറിയ രീതിയിലൂടെ സൃഷ്ടിക്കപ്പെട്ട അതേ കളങ്കം തന്നെയാണ് അവരുടെ നേര്‍ക്ക് അനായാസം മുളക് സ്പ്രേ പ്രയോഗം നടത്തിയതിലൂടെ സംഭവിച്ചിരിക്കുന്നത്. ഈ രണ്ട് കളങ്കങ്ങളും ശബരിമലയെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കളിക്കുന്ന അടവ് രാഷ്ട്രീയത്തിന്റെ ഫലമാണ്. ഇതിന് വിലനല്‍കേണ്ടി വരുന്നത് കേരളവും.