റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും. ബുധനാഴ്ച ആര്.ബി.ഐ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് തീരുമാനം. വാണിജ്യ ബാങ്കുകള്‍ക്ക് ആര്.ബി.ഐ നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കാണ് റിപ്പോ. ഈ വര്‍ഷം രണ്ടു തവണ ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയിരുന്നു.
പണപ്പെരുപ്പത്തിന്റെ തോത് കഴിഞ്ഞ 13 മാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയതും ഡോളറിനെതിരെ രൂപയുടെ മൂല്യം ശക്തിപ്രാപിച്ചതുമാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതിരിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.