Skip to main content
Ad Image

 tn-joy

അടിയന്തരാവസ്ഥ കാലത്ത് കെ.എന്‍ രാമചന്ദ്രന്‍ അറസ്റ്റിലാകുന്നു. രാമചന്ദ്രന്റെ അറസ്റ്റിനെ തുടര്‍ന്നാണ് ജോയ് എന്നെ കാണാന്‍ എന്റെ വീട്ടില്‍ വരുന്നത്. ബെന്നിയെന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരത്തുവച്ച് കാണാമെന്നു പറഞ്ഞ് പിരിഞ്ഞു. അന്ന് ആരും ശ്രദ്ധിക്കുന്ന വലിയ കണ്ണുകളുള്ള സുന്ദരനായിരുന്നു ജോയി.

 

ഇതിനിടയില്‍ എന്നെയും പോലിസ് വീട്ടില്‍നിന്നും പിടിച്ച് പടിക്കലിന്റെ വെള്ളയമ്പലത്തെ ഇടികേന്ദ്രത്തില്‍ അടക്കുന്നു. പത്തു ദിവസത്തോളം കഴിഞ്ഞു വൈകിട്ട് ജോയിയേയും വര്‍ക്കല വിജയനെയും പോലീസ് ഞങ്ങള്‍ കിടക്കുന്നിടത്തു കൊണ്ടുവരുന്നു. അന്ന് പടക്കലിന്റെ നേരിട്ടുള്ള  നേതൃത്വത്തില്‍ ഞങ്ങളെ ഓരോരുത്തരായി ഊരുട്ടല്‍ പ്രക്രിയക്ക് വിധേയരാകുന്നു. ഞങ്ങളൊക്കെ വാവിട്ടു കരയുകയും പോലീസ് വായില്‍ തുണികയറ്റി ഒരുട്ടുകയും ചെയ്തു. പക്ഷേ ജോയി കരഞ്ഞതേ ഇല്ല. അത് ഞങ്ങള്‍ക്ക് അത്ഭുതമായിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ പോലീസ് അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അറിയുന്നു. ജോയിക്ക് എന്താണ് പറഞ്ഞതെന്ന ബോധം ഉണ്ടായിരുന്നില്ല. തന്നില്‍ നിന്നും ഇങ്ങനെ ഒന്ന് സംഭവിച്ചതിനാല്‍ ഇനിയും പാര്‍ട്ടിയില്‍  തുടരാന്‍ തനിക്ക്  യോഗ്യത ഇല്ലെന്ന ഒരു നിലപാടില്‍ ജോയി എത്തി.

 

പിന്നീട് നീണ്ട 7 മാസം സ്‌പെഷ്യല്‍ മുറിയിലെ തടവ്.  ഞങ്ങളെ ചങ്ങലയില്‍ മേശയുടെ കാലില്‍ കെട്ടിയിട്ടു. ഒരു ചങ്ങല കുറവായിരുന്നതിനാല്‍ എന്നെയും ജോയിയെയും ഒരു ചങ്ങലയിലാണ് കെട്ടിയത്.  അതായത് ഞാന്‍ കാലനക്കിയാല്‍ ജോയി രാത്രിയില്‍ ഉണരും അങ്ങനെ തിരിച്ചും. ആറില്‍ കൂടുതല്‍ മാസം ഒരുചങ്ങലയില്‍ ഇടിമുറിയില്‍ ഇടയ്ക്കിടെ മര്‍ദ്ദനവും ഏറ്റു വാങ്ങി ഒന്നിച്ചു കഴിയേണ്ടിവന്നു. കെ.എന്‍ രാമചന്ദ്രന്‍,  കെ വേണു,  ടി.എന്‍ ജോയി,  മോഹന്‍കുമാര്‍,  നടേശന്‍ ഞാന്‍ ഇത്രയും പേരായിരുന്നു സ്‌പെഷ്യല്‍ ഇടിമുറിയില്‍ മാസങ്ങള്‍ കഴിഞ്ഞവര്‍. എങ്ങനെ മരണംവരെ ജോയിയെ മറക്കും. ലാല്‍ സലാം സഖാവേ.

 

Ad Image