ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന പുതിയ വാഹനങ്ങളില്‍ അഡ്വാന്‍ഡ്‌സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം നിര്‍ബന്ധമാക്കാന്‍ ഗതാഗത മന്ത്രാലയം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് വാഹന നിര്‍മ്മാതാക്കളുമായി ആദ്യവട്ട ചര്‍ച്ച പൂര്‍ത്തിയാക്കി. റോഡ് സുരക്ഷ മുന്‍നിര്‍ത്തിയാണ് നീക്കം.
ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ട്രാക്ഷന്‍ കണ്‍ട്രോള്‍), ഓട്ടോണമസ് ബ്രേക്കിംഗ് സംവിധാനം (കൃത്രിമ ബുദ്ധിയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സ്വയംനിയന്ത്രിത ബ്രേക്കുകള്‍), ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ലെയ്ന്‍ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നീ സജ്ജീകരണങ്ങള്‍ ഉള്‍പ്പെട്ടതാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം.
2022 -നകം വിപണിയില്‍ എത്തുന്ന മുഴുവന്‍ വാഹനങ്ങളിലും ഈ സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ പ്രതിവര്‍ഷം രണ്ടുലക്ഷത്തോളം പേരാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. കൃത്യസമയത്ത് ബ്രേക്ക് പ്രയോഗിക്കുന്നതിലുള്ള പാകപ്പിഴവുകളാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണം. നിലവില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സും സ്വീഡിഷ് നിര്‍മ്മാതാക്കളായ വോള്‍വോയും മാത്രമാണ് ഇന്ത്യന്‍ വാഹനങ്ങളില്‍ ഈ സാങ്കേതികവിദ്യ ലഭ്യമാക്കുന്നത്.