കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ ഘട്ടത്തിലൂടെയാണ് ദേശീയതലത്തിലും സംസ്ഥാന തലത്തിലും കടന്നു പോകുന്നത്. കാരണം ലളിതം നേതൃത്വ രാഹിത്യം തന്നെ. കേരളത്തില്‍ കെ.എം മാണിയുടെ മുന്നില്‍ കോണ്‍ഗ്രസ് അടിയറവ് പറഞ്ഞിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് രാജ്യസഭാ സീറ്റ് കൈമാറ്റത്തിലൂടെ തെളിയുന്നത്. രണ്ട് വശങ്ങളാണ് ഇതിലൂടെ പ്രകടമാകുന്നത്. രാജ്യത്തെ മുഖ്യവിഷയങ്ങളാണ് അഴിമതിയും വര്‍ഗീയതയും. കോഴക്കേസിന്റെ പേരില്‍ രാജി വെച്ച് യു.ഡി.എഫ് മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന വ്യക്തിയാണ് കെ.എം മാണി. ഇപ്പോഴും അദ്ദേഹം ആ ആരോപണത്തില്‍ നിന്നും മുക്തനായിട്ടില്ല.
അതേപോലെ കേരളാ കോണ്‍ഗ്രസ് ക്രിസ്ത്യന്‍ വര്‍ഗീയതയുടെ രാഷ്ട്രീയ കക്ഷിയുമാണ്. വര്‍ഗീയതയുടെ കാര്യത്തില്‍ ന്യൂനപക്ഷവും ഭൂരിപക്ഷവും തമ്മില്‍ വേര്‍തിരിവില്ല. അഞ്ച് രൂപ മോഷ്ടിക്കുന്നതും അഞ്ച് ലക്ഷം മോഷ്ടിക്കുന്നതും കളവ് തന്നെയാണ്. ഈ രണ്ട് വിഷയങ്ങളിലും ഒത്തുതീര്‍പ്പുണ്ടാക്കിയതിന് പുറമെ, ഈ വിഷയങ്ങളുടെ പ്രാതിനിധ്യ സ്വഭാവമുള്ള കേരളാ കോണ്‍ഗ്രസിന് മുന്നില്‍ അടിയറവ് പറയുന്നത് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യത്തെ വ്യക്തമാക്കുന്നു. ഒരു വ്യക്തിക്കാണെങ്കിലും പ്രസ്ഥാനത്തിനാണെങ്കിലും ദൗര്‍ബല്യം കൊണ്ട് മുന്നേറാന്‍ പറ്റില്ല. ശക്തികൊണ്ടേ അതിന് കഴിയൂ. ശക്തിയില്ലാത്ത കോണ്‍ഗ്രസ് കേരളത്തില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും വളമായി രൂപാന്തരപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.