Skip to main content
Delhi

union budget 2018, Arun Jaitley

നോട്ട് നിരോധനത്തെയും ജി.എസ്.ടിയെയും തുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്  കേന്ദ്ര ബജറ്റില്‍ പധാന പരിഗണന ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പാവപ്പെട്ടവരെയും കര്‍ഷകരെയും ഒപ്പം നിര്‍ത്തുന്നതിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഏറെയും. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും മുന്നില്‍ കണ്ടാണ് ഈ നീക്കം എന്ന് വിലയിരുത്താം. കാരണം കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷികരില്‍ നിന്നും താഴെ തട്ടിലുള്ളവരുടെ ഭാഗത്ത് നിന്നും തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. ഈ സാഹചര്യം കോണ്‍ഗ്രസ് മുതലെടുക്കുകയും ചെയ്തു. അത് വരുന്ന തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണിതെന്ന് വ്യക്തമാണ്.

 

പ്രധാന പ്രഖ്യാപനങ്ങള്‍

 

ആദായ നികുതി പരിധികളില്‍ മാറ്റം വരുത്താതെയും കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കിയും മോഡി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ്. കാര്‍ഷിക മേഖലക്ക് 11 ലക്ഷം കോടിരൂപയാണ് മാറ്റി വച്ചിരിക്കുന്നത്. 2022 ഓടെ രാജ്യത്തെ കാര്‍ഷിക വരുമാനവും ഉല്‍പാദനവും ഇരട്ടിയാക്കുമെന്നാണ് ധന മന്ത്രി അരുണ്‍ ജെയ്റ്റിലി പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സാഹചര്യം ഒരുക്കും, കാര്‍ഷിക മേഖലയിലെ അടിസ്ഥാന വികസനത്തിന് പ്രാധാന്യം നല്‍കുമെന്നുമാണ് പ്രഖ്യാപനം.ഫിഷറീസ് മൃഗസംരക്ഷണ മേഖലയ്ക്ക് ബജറ്റ് വിഹിതം 1000 കോടിയാക്കി. കാര്‍ഷിക ഉത്പാദന മേഖലയിലെ കമ്പനികളുടെ നികുതി ഘടന പരിഷ്‌കരിക്കുമെന്നും ജെയ്റ്റ്‌ലി വാഗ്ദാനം ചെയ്തു. 42 പുതിയ അഗ്രോ പാര്‍ക്കുകള്‍ തുടങ്ങും

 

സൗഭാഗ്യ പദ്ധതി പ്രകാരം നാല് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി. ഉജ്ജ്വല യോജനയിലൂടെ എട്ട് കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യ പാചക വാതക കണക്ഷന്‍ നല്‍കും. 2022 ഓടെ രാജ്യത്തെ എല്ലാവര്‍ക്കും വീട് എന്ന പ്രഖ്യാപനവും ഉണ്ടായി.

 

നോട്ടു നിരോധനം നികുതി അടവ് വര്‍ദ്ധിപ്പിച്ചെന്നും ഇടനിലക്കാരെ ഒഴിവാക്കിയെന്നും അവകാശപ്പെട്ട മന്ത്രി അഴിമതി കുറയ്ക്കാന്‍ കഴിഞ്ഞെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ എത്തിക്കാനായെന്നും ജെയ്റ്റിലി അവകാശപ്പെട്ടു.

 

രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനു ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയെന്ന പേരില്‍ പുതിയ പരിപാടി നടപ്പിലാക്കും.24 പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളേജ് എന്ന നിലക്കായിരിക്കും ഇത്.

 

നാലു കോടി ദരിദ്രര്‍ക്ക് സൗജന്യ വൈദ്യുതി എത്തിക്കും. വഡോദരയില്‍ റെയില്‍വേ യൂണിവേഴ്‌സിറ്റി. ആദിവാസി കുട്ടികള്‍ക്ക് ഏകലവ്യ സ്‌കൂളുകള്‍. സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡിന് പകരം ഡിജിറ്റല്‍ ബോര്‍ഡ് കൊണ്ടു വരുമെന്നും ബജറ്റില്‍ പറയുന്നു.