കനത്ത സുരക്ഷയില്‍ രാജ്യത്തിന്റെ അറുപത്തിയൊന്‍പതാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജയ് ചൗക്കില്‍ ദേശീയപതാക ഉയര്‍ത്തി. വീര മൃത്യുവരിച്ച ധീരജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിലെ അമര്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. രാജ്പഥില്‍ നടക്കുന്ന ആഘോഷച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പത്ത് ആസിയാന്‍ രാഷ്ട്രങ്ങളുടെ തലവന്മാരാണ് എത്തിയിരിക്കുന്നത്.
സുരക്ഷാഭീഷണികള്‍ കണക്കിലെടുത്ത് അറുപതിനായിരം സൈനികരെയാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥിലും സമീപത്തും വിന്യസിച്ചിരിക്കുന്നത്. തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, ഇന്‍ഡൊനീഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, മ്യാന്മാര്‍, കംബോഡിയ, ലാവോസ്, ബ്രൂണെ എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നത്.
ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരേഡ് വീക്ഷിക്കുന്നതിന് നാലാം നിരയില്‍ സീറ്റ് നിശ്ചയിച്ചത് വിവാദമായി. ഈ നടപടിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.