'ബിവയര്‍ ഓഫ് ഡോഗ് സ് '. എന്നു വെച്ചാല്‍ പട്ടിയുണ്ട്, സൂക്ഷിക്കുക. പട്ടികളുള്ള ചില വീടുകളുടെ ഗേറ്റിലാണ് ഇവ്വിധം മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇത്തരം മുന്നറിയിപ്പ് വച്ചിട്ടുള്ള ഗേറ്റുകളെല്ലാം ഉള്ളില്‍ നിന്ന് താഴിട്ടിട്ടുള്ള അവസ്ഥയിലാണ് പൊതുവെ കാണാറുള്ളത്. അങ്ങനെയല്ലെങ്കില്‍ പട്ടിയെ ഒന്നുകില്‍ പൂട്ടിയിരിക്കും, അല്ലെങ്കില്‍ കൂട്ടില്‍ കയറ്റിയിരിക്കും. അപ്പോള്‍ എന്തുദ്ദേശ്യമാണ് ഈ മുന്നറിയിപ്പ് നിര്‍വ്വഹിക്കുക. രാത്രിയില്‍ പട്ടിയെ അഴിച്ചുവിട്ടതിന് ശേഷവും ആരെങ്കിലും വരികയാണെങ്കില്‍ ഒന്നുകില്‍ ബെല്ലടിക്കും, അല്ലെങ്കില്‍ ഗേറ്റില്‍ തട്ടി ശബ്ദമുണ്ടാക്കി അകത്തുള്ളവരെ പുറത്തിറക്കും. ഈ പശ്ചാത്തലത്തില്‍ മുന്നറിയിപ്പിന്റെ ഗുണം കിട്ടുക കള്ളന്മാര്ക്കാണ്. എന്നാല്‍ അവര്‍ക്ക് ഈ മുന്‍കരുതല്‍ പൊതുവെ ആവശ്യമില്ല. അവരുടെ എസ്.ഒ.പി ( സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയര്‍ ) അനുസരിച്ച് ആദ്യം പരിശോധിക്കുക കയറുന്ന വീട്ടില്‍ പട്ടിയുണ്ടോ എന്നായിരിക്കും.
പകല്‍ സമയം വീട്ടില്‍ ആളില്ലാത്ത അവസരത്തില്‍ വളപ്പിനുള്ളില്‍ മതില് ചാടി ആരും കയറാതിരിക്കാനും ഈ മുന്നറിയിപ്പ് സഹായിച്ചേക്കും. കേരളത്തിലെ പൊതു നിലവാരം വച്ചു നോക്കുകയാണെങ്കില്‍ ഇംഗ്ലീഷിലുള്ള ഈ മുന്നറിയിപ്പ്,അവരെ ഉദ്ദേശിച്ചും ആകാന്‍ വഴിയില്ല. 'ബിവയര്‍ ഓഫ് ഡോഗ്സ്' ,നായ്ക്കളെക്കുറിച്ചറിയുക, അവയെ കുറിച്ച് ബോധമുണ്ടാവുക എന്നുമൊക്കെ ആ മുന്നറിയിപ്പിന് അര്‍ത്ഥം നല്‍കാവുന്നതാണ്.
മനുഷ്യനുമായി ഇത്രയധികം ഇണങ്ങുന്ന മറ്റൊരു ജന്തുവില്ല. സ്നേഹിച്ചാല്‍ എത്രയോ ഇരട്ടി തിരച്ച് സ്നേഹിക്കും. തിരികെ സ്നേഹം കിട്ടുന്നതിന്റെ പേരില്‍ ചിലര്‍ക്ക് തങ്ങളുടെ നായ്ക്കളോട് അതിരുകവിഞ്ഞ സ്നേഹമാണ്. ചിലര്‍ നായ്ക്കളെ ഒപ്പം കിടത്തി ഉറങ്ങാറുമുണ്ട്. നായ്ക്കള്‍ക്കു വേണ്ടിയുള്ള കടകളില്‍ കയറിയാല്‍ അറിയാം ഏതൊക്കെ വിധത്തിലാണ് അവ പരിപാലിക്കപ്പെടുന്നതെന്ന്. ഇത്രയധികം പ്രിയപ്പെട്ട മൃഗമായിട്ടും ആരെയെങ്കിലും ആരെങ്കിലും നായേന്നോ പട്ടീന്നോ വിളിച്ചാല്‍ രംഗം മാറി. അതിന്റെ പേരില്‍ കുത്തും വെട്ടും കൊലപാതകവും വരെ നടന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഇത്ര പ്രിയപ്പെട്ട മൃഗമായ നായയുടെ സ്റ്റാറ്റസ് ഇത്ര മോശമാകാന്‍ എന്താണ് കാരണം. ഒരു വ്യക്തിയെ മറ്റൊരു വ്യക്തി നികൃഷ്ടാവസ്ഥയില്‍ കാണുന്ന സന്ദര്‍ഭത്തില്‍ കോപം കൊണ്ടാണ് ഈ ഓമന മൃഗത്തിന്റെ പേരുച്ചരിച്ച് ആക്ഷേപിക്കാന്‍ തുനിയുന്നത്. മനുഷ്യനെ അവനോടൊപ്പം ഏറ്റവുമടുപ്പിച്ച് നിര്‍ത്തി ബോധവല്‍ക്കരിക്കാന്‍ പ്രകൃതി തന്നെ ഒരുക്കിയതാണ് മനുഷ്യനും നായയും തമ്മിലുള്ള ഈ സമവാക്യം.
നായ ഒരു ഭാവത്തിന്റെ ജന്തു പ്രതീകമാണ്. ആ ഭാവത്തിന്റെ പ്രകടനങ്ങളാണ് യജമാനസ്നേഹം, പരിധി ബോധം (Territorial consciousness), അന്ധമായ നന്ദി, പേടി, ആക്രമവാസന എന്നിവയൊക്കെ. ഈ വികാരങ്ങളെല്ലാം അതിശക്തമായി മനുഷ്യരിലും കാണുന്നു. തന്റെ പരിധിക്കുള്ളിലെ മരച്ചില്ലയില്‍ കാക്ക വന്നിരിക്കാന്‍ പോലും നായ്ക്കള്‍ സമ്മതിക്കില്ല. അതുപോലെ യജമാന ഭക്തി. യജമാനന് കൊടും നീചനാണോ, അതോ പുണ്യാത്മാവാണോ എന്ന് നായ നോക്കാറില്ല. നീചന്റെ വളപ്പില്‍ കയറുന്ന പുണ്യാത്മാവിനു നേരേ നീചന്റെ നായ കരച്ചു കൊണ്ട് ആക്രമിക്കാനെത്തും. അതുപോലെ യജമാനനായ നീചനെ കാണുമ്പോള്‍ തല താഴ്ത്തി, വാലുമാട്ടി, മൂളലോടെ പ്രത്യേക രീതിയില്‍ ശരീരവുമിളക്കി ഓടിയെത്തും. യജമാനന് ചീറ്റിയാല്‍ പോലും മോങ്ങിക്കൊണ്ട് പിന്നാലെ കൂടും. ഇതാണ് യജമാനന്മാരെ കൂടുതല്‍ നായപ്രിയരാക്കുന്നത്.
ഒരാള്‍ക്ക് ഒരു നല്ല കാര്യം ആരെങ്കിലും ചെയ്തു കൊടുത്താല്‍ അത് ഒരിക്കലും മറക്കാന്‍ പാടുള്ളതല്ല. ഓര്‍മ്മയുണ്ടാകണം. അപ്പോള്‍ അതോര്‍ക്കുന്ന വ്യക്തിയില്‍ സ്നേഹമെന്ന വികാരം നിറയും. ഏതു കാരണത്താലും ആരിലും സ്നേഹം ജനിക്കുന്നത് ഉദാത്തമാണ്. എന്നാല്‍ ഒരു വ്യക്തി തനിക്ക് നല്ല കാര്യം ചെയ്തു എന്നതുകൊണ്ട് ആ വ്യക്തിയുടെ തീരുമാനങ്ങള്‍ സ്വാധീനിക്കപ്പെടരുത്. അവിടെ നീതിബോധത്തിന്റെ അടിസ്ഥാനത്തിലുള്ള അല്ലെങ്കില്‍ വകതിരവിലുള്ള വിവേചന ബുദ്ധിയുടെ ബലത്തിലാകണം തീരുമാനങ്ങള്‍ എടുക്കേണ്ടത്. പ്രത്യേകിച്ചും തനിക്ക് ഉപകാരം ചെയ്ത വ്യക്തിയുമായി ബന്ധപ്പെട്ട തീരുമാനമാകുമ്പോള്‍. മറിച്ച് തനിക്ക് ഗുണമുള്ള കാര്യം ചെയ്തയാള്‍ക്ക് ഒന്നും നോക്കാതെ ഗുണമുണ്ടാകുന്ന തീരുമാനവും നിലപാടും എടുക്കുകയാണെങ്കില്‍ അപ്പോള്‍ നാം തിരിച്ചറിയണം അതു മനുഷ്യന്റെ ഗുണമല്ല, നായയുടെ ഗുണമാണ് പ്രകടമാക്കുന്നത് എന്ന്. യജമാനനെയും നായയെയും ഓര്‍ക്കാം. നമ്മോട് ചേര്‍ന്നു നിന്ന് സ്നേഹപ്രകടനം നടത്തുന്ന അതേ പട്ടിയെ ഉള്ളില്‍ കാണാന്‍ കഴിയും. അങ്ങനെയുള്ളവരുടെ ചേഷ്ടകളും യജമാനന്റെയടുത്ത് വളര്‍ത്തു പട്ടി കാണിക്കുന്ന വിധത്തിലാകും. അത് മനുഷ്യനെ, മലം പ്രിയമാകുന്ന നായയുടെ തലത്തിലേക്കു താഴ്ത്തുന്നു. അതുകൊണ്ടാണ് ഏറ്റവും വലിയ ഓമന മൃഗമായിട്ടും പട്ടിയെന്ന് വിളിക്കപ്പെടുമ്പോള്‍ ആള്ക്കാര് ക്ഷുഭിതരാകുന്നത്. ആ ക്ഷോഭം ആ വ്യക്തിയുടെ ഉള്ളിലെ പട്ടിയുടെ കുരയാണ്. ചിലപ്പോള്‍ കടിച്ചെന്നും കൊന്നെന്നുമിരിക്കും. ആ നായയെ അയാള്‍ സദാ ഓമനിച്ചു കൊണ്ടുമിരിക്കും. ചില യജമാനന്മാരുടെ മുന്നില്‍ അനുയായികള്‍ അല്ലെങ്കില്‍ കീഴെയുള്ളവര്‍ നില്ക്കുന്നതു നോക്കിയാല്‍ അതു മനസ്സിലാക്കാം.
ടെലിവിഷന്‍ ചര്‍ച്ചകളിലേക്ക് കണ്ണോടിച്ചാല്‍ ഈ ചേഷ്ടകളും, നന്ദി പ്രകടനങ്ങളും, യജമാന ഭക്തിയും, യജമാനനെ കാക്കുന്നതിനായുള്ള കുരയും ചാട്ടവും ബഹളവുമൊക്കെ കാണാനും കേള്‍ക്കാനും കഴിയും.ഇത് കാഴ്ചക്കാരിലും കേള്‍വിക്കാരിലും സംഭവിക്കും. അപ്പോള്‍ നമുക്ക് നായയെ കുറിച്ചോര്‍ത്താല്‍ ആ ഭാവത്തില്‍ നിന്നും അതിന്റെ പ്രകടനത്തില്‍ നിന്നും മാറാം. മനുഷ്യ സ്നേഹത്തിന് തുല്യമായി നായയുടെ സ്നേഹത്തെ തെറ്റിദ്ധരിക്കാനുള്ള കാരണം ആ കാഴ്ച കാണുന്ന വ്യക്തിയുടെ ഉള്ളിലെ നായയുടെ ഭാവമാണ്. 'ബിവയര്‍ ഓഫ് ഡോഗ്സ്' എന്ന മുന്നറിയിപ്പ് ഇത്തരുണത്തിലാണ് പ്രസക്തമാകുന്നത്.
'ബിവയര്‍ ഡോഗ്സ്' കൂടുതല്‍ ശ്രദ്ധയിലേക്ക് വരുന്ന പക്ഷം പൊതു സ്ഥലങ്ങളില്‍ കാണപ്പെടുന്ന പല ചേഷ്ടകളും കുരയും കടിച്ചുകീറലുമൊക്കെ ഗണ്യമായി കുറയുമെന്നതില്‍ സംശയം വേണ്ട. ആ കുറവിലേക്ക് മനുഷ്യന്റെ ഗുണം കടന്നു വരികയും ചെയ്യും.ഉറപ്പ്.