സംസ്ഥാനത്ത് റെസിഡന്‍ഷ്യല്‍ സ്കൂളുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ആവശ്യക്കാരുടെ കൂടുതല്‍ തന്നെയാണ് ഈ വര്‍ധനവിനുകാരണം.കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി നേര്വഴിയ്ക്കുനടത്താന് വേണ്ടിയാണ് പല മാതാപിതാക്കന്മാരും ഇത്തരം സ്കൂളുകളെ തെരഞ്ഞെടുക്കുന്നത്. കേരളത്തില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേറെയും നടത്തുന്നത് സാമുദായിക മാനേജ്മെന്റുകളാണ് അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ സ്ഥാപനങ്ങളുമാണ്.
മധ്യതിരുവിതാംകൂറില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരമൊരു സ്കൂളിന്റെ കാര്യമെടുത്താല്‍ അവിടെ വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് ക്രൂരമായ നടപടികളാണ്.പഠിപ്പിക്കുന്നതിന് വേണ്ടി പട്ടാള ചിട്ടയാണ് അവിടെ നടപ്പിലാക്കുന്നത്. രാവിലെ ഉറക്കം എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി കിടക്കുന്നതുവരെ മണിമുഴക്കങ്ങളാണ് വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നത്. കുളിക്കാന്‍, കഴിക്കാന്‍, കളിയ്ക്കാന്‍, പഠിക്കാന്വരെയും മണിയടികള്‍. മണിയടിയ്ക്കനുസരിച്ച് കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ ചൂരല്‍ പ്രയോഗമായിരിക്കും അവരെ കാത്തുനില്‍ക്കുന്നത്. അതായത് നേര്‍വഴിക്ക് നടത്തുന്നതിനു വേണ്ടിയാണെന്ന കാരണത്താല്‍ ശാരീകമായ പീഡനവും മാനസികമായ പീഡനവും കുട്ടികള്‍ ഏറ്റുവാങ്ങേണ്ടി വരുന്നു.
ഈ സ്കൂളുകളില്‍ ഹൈസ്കൂള്‍ തലത്തിലുള്ള കുട്ടികളാണ് ഏറെയും, അതായത് കൗമാരക്കാരായവര്‍. മാതാപിതാക്കളുടെയും സമൂഹത്തിന്റെയും അദ്ധ്യാപകരുടെയും പ്രത്യേക പരിഗണന ലഭിക്കേണ്ടവര്‍. ഈ സ്ഥാപനത്തില്‍ അവര്‍ക്ക് എത്രത്തോളം പരിഗണന ലഭിക്കുമെന്ന് ആലോചിക്കാവുന്നതേയൊള്ളൂ. മാത്രമല്ല ഇവിടുത്തെ കുട്ടികളില്‍ ഏറെ പേരുടെയും രക്ഷിതാക്കള്‍ വിദേശത്തുള്ളവരാണ്,ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ അവരുമായി സംസാരിക്കാനുള്ള അവസരം കിട്ടുകയൊള്ളൂ. അതും റേഷന്‍ കണക്കിനു തന്നെ, അധികൃതരുടെ സാന്നിധ്യത്തില്‍.
ലോകത്ത് നടക്കുന്ന മാറ്റങ്ങള്‍ ഒന്നും അവരിലേയ്ക്കെത്തുന്നില്ല. ഹൈസ്കൂള്‍ വിദ്യാര്തഥികളായിട്ടുപോലും കംപ്യൂട്ടര്‍ സംവിധാനം അവര്‍ക്ക് അന്യമാണ്. അധികൃതര്‍ വരച്ച വരയിലൂടെയുള്ള നടത്തം മാത്രം. അത് കഴിക്കുന്ന ഭക്ഷണത്തിലും, ഉടുക്കുന്ന വസ്ത്രത്തിലും, കളിക്കുന്ന കളിയിലും എന്തിനേറെ വായിക്കുന്ന പുസ്തകത്തല് വരെ ആ വര നീളുന്നു.സംസ്ഥാനത്തെ ഒരു പ്രമുഖ എന്‍ട്രന്‍സ് പരിശീലന കെന്ദ്രവുമായി ഈ സ്കൂളിന് ബന്ധമുണ്ട് അതിനാല്‍ ഹൈസ്കൂളില്‍ പഠിക്കുന്ന ഇവരെ പ്ലസ്ടു കഴിഞ്ഞു എഴുതേണ്ട എന്‍ട്രന്‍സ് പരീക്ഷക്ക് പ്രാപ്തമാക്കാനുള്ള പഠന രീതികളാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്. അതായത് തുമ്പിയക്കൊണ്ട് കല്ലെടുപ്പിക്കുക എന്ന പ്രയോഗം അന്വര്‍ത്ഥമാക്കും വിധം.
നാട്ടില്‍ തന്നെയുള്ള കുട്ടിള്‍ക്ക് ചില അവസരങ്ങളില്‍ വീട്ടില്‍ പോകാന്‍ അനുവാദമുണ്ട്, ആ അവസരത്തെ തങ്ങള്‍ നേരിടുന്ന സാഹചര്യത്തെ വൈരാഗ്യ ബുദ്ധിയോടെ സമീപിക്കുന്നതിനായിട്ടാണ് അവര്‍ വിനിയോഗിക്കുന്നത്. സ്കൂളിലെ ജയില്‍ സമാനമായ അന്തരീക്ഷത്തില്‍ നിന്ന് മയക്കുമരുന്നിലും മറ്റ് ലഹരി വസ്തുക്കളിലും ആ ചെറിയ ഇടവേളയില്‍ അവര്‍ അഭയം തേടുന്നു. ലഹരി വസ്തുക്കള്‍ സംഘടിപ്പിച്ച് തിരിച്ച് സ്കൂളിലേക്ക് പോകുമ്പോള്‍ കൂട്ടുകാര്‍ക്കായി എത്തിച്ചു നല്‍കുകയും ചെയ്യുന്നു. അവരും ജീവതത്തോടുള്ള വൈരാഗ്യം ലഹരി ഉപയോഗത്തിലൂടെ തീര്‍ക്കുന്നു.
മധ്യതിരുവിതാംകൂറിലെ ഈ സ്ഥാപനം ഒരു ഉദാഹരണം മാത്രമാണ്, ഇതിനേക്കാള്‍ ക്രൂരമായ നടപടികള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങളും കേരളത്തിലുണ്ട്. സ്കൂള്‍ മാനേജ്മെന്റോ അധികൃതരോ അല്ല ഇവിടെ തെറ്റുകാര്‍, തങ്ങളുടെ മക്കളെ ഭീമമായ ഫീസ് അങ്ങോട്ട് നല്കി ഇവ്വിധം കൈകാര്യം ചെയ്യാന്‍ ഇട്ടുകൊടുക്കുന്ന മാതാപിതാക്കന്മാരാണ് ഇവിടെ ഉത്തരവാദികള്‍.
ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുവാനോ നിരീക്ഷിക്കുവാനോ ഒരു സര്‍ക്കാര്‍ സംവിധാനവും മെനക്കെടാറില്ല. അതാണ് ഇവരുടെ ധൈര്യവും.വിദ്യാഭ്യാസ പുരോഗതിയുടെ കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയായ കേരളത്തിലാണ് ഇത്തരം സ്ഥാപനങ്ങള്‍ വളരുന്നത് എന്നതാണ് വൈരുധ്യം. ഭാവിയെക്കരുതിയാണ് ഇവിടെ കുട്ടികളെ ചേര്‍ക്കുന്നതെങ്കില്‍ ആ കരുതല്‍ അസ്ഥാനത്താണ്. ഒന്നുകില്‍ ആരുടെയെങ്കിലും നിര്‍ദേശത്തിനൊത്തു പ്രവര്‍ത്തിക്കുന്ന സ്വന്തമായി തീരുമാനമില്ലാത്തവരെയോ, ലഹരിക്കടിമപ്പെട്ട് അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പോകുന്നവരെയോ ആണ് ഇത്തരം സ്ഥാപനങ്ങള്‍ ഭാവിലേക്ക് സമ്മാനിക്കാന്‍ പോകുന്നത്.