Skip to main content

male domination in amma

നടി ആക്രമിക്കപ്പെട്ട സംഭവം പ്രത്യക്ഷത്തില്‍ ചലച്ചിത്ര ലോകത്തിന്റെ യഥാര്‍ഥ മുഖത്തേക്കുള്ള തുറക്കലായി. പരോക്ഷമായി എന്നാല്‍ അത്ര പരോക്ഷമല്ലാത്ത വിധത്തില്‍ തന്നെ കേരള സമൂഹത്തിന്റെ വര്‍ത്തമാനകാല സാമൂഹ്യ പരിച്ഛേദവും വ്യക്തമാക്കുന്നു. സഹസ്രാബ്ദങ്ങളായി സ്ത്രീകള്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നുണ്ട്.  ആ അടിച്ചമര്‍ത്തല്‍ ഓരോ സ്ത്രീയുടെ ജനിതക സ്മൃതിയുടെ ഭാഗമാണ്. എന്നാല്‍ അതില്‍ നിന്നും മോചനത്തിനായുള്ള ശ്രമങ്ങള്‍ സ്ത്രീകളെ കൂടുതല്‍ പാരതന്ത്ര്യത്തിന്റെ ചങ്ങലകള്‍ക്കുള്ളിലേക്ക് തളയ്ക്കുന്നതിന്റെ ചിത്രമാണ് മാധ്യമ നിയന്ത്രിതമായ ഇന്നത്തെ സമൂഹത്തില്‍ കാണുന്നത്. കുറ്റവാസനയുളള ഒരു ആണിന്റെ സ്വഭാവമാര്‍ജ്ജിക്കലും എന്തും ചെയ്യാനുളള സ്വാതന്ത്ര്യവുമാണ് സ്ത്രീ സ്വാതന്ത്ര്യം എന്ന തെറ്റിദ്ധാരണയാണ് സ്ത്രീ കൂടുതല്‍ തളയ്ക്കപ്പെടാന്‍ കാരണമാകുന്നത്. ഒരു അധമനും ഭീരുവുമായ ആണിന്റെ സ്ത്രീസ്വാതന്ത്ര്യസങ്കല്‍പ്പമാണ് പല സ്ത്രീ വിമോചനപ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവരും മാധ്യമങ്ങളും പങ്കുവയ്ക്കുന്നത്.
    

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമശ്രദ്ധ ലഭിക്കുന്ന സ്വയം ബുദ്ധിജീവികളെന്നും മാധ്യമങ്ങള്‍ ബുദ്ധിജീവികളെന്നു കല്‍പ്പിക്കപ്പെട്ടവരുമായ ചിലര്‍ മാധ്യമങ്ങളിലൂടെ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആണും പെണ്ണും തമ്മിലുള്ള ഒരു പോരാട്ടമായേ എന്തിനേയും അവര്‍ക്ക് കാണാന്‍ കഴിയുകയുളളു. ആണധികാരം എന്ന വാക്കുപയോഗിച്ചുകഴിഞ്ഞാല്‍ മാധ്യമങ്ങളില്‍ ,അത് അച്ചടിയായാലും ചാനലുകളായാലും നവമാധ്യമങ്ങളായാലും പെട്ടെന്ന് വൈറലാകുന്ന അവസ്ഥ ഇന്നുള്ളതിനു കാരണവും മേല്‍സൂചിപ്പിച്ച കാര്യങ്ങളാണ്. അമ്മയില്‍ അച്ഛന്‍മാരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന് ആലങ്കാരികമായി ഒരു നടി പറഞ്ഞാല്‍ പിന്നീടുള്ള ചര്‍ച്ചകളെല്ലാം അതിനെ പിടിച്ചായിരിക്കും നടക്കുക. ഇതൊക്കെ അവസാനം ചലച്ചിത്രമേഖലയിലെ ആണ്‍കോയ്മയില്‍ വന്നവസാനിക്കും. ഇന്നത്തെ അവസ്ഥയില്‍ സ്ത്രീകോയ്മയോ സ്ത്രീക്ക് തുല്യ പ്രാധാന്യമോ കിട്ടാത്തതിന്റെ പേരില്‍ ഓരോ സ്ത്രീയും സിനിമാരംഗത്തെ സ്ത്രീകളും അഭിമാനിക്കുകയാണ് വേണ്ടത്. കാരണം അത്രയും സ്ത്രീകള്‍ കുറ്റകൃത്യവാസനയില്‍ നിന്ന് നേരിട്ട് ഒഴിഞ്ഞുനില്‍ക്കുന്നു എന്നാണ്. അതിപ്പോഴും ശുഭസൂചകമാണ്.
     

amma press

ആണധികാര ചിന്തയെന്ന ചില സംജ്ഞകളുടെ തടവറയില്‍ കിടക്കുന്ന ചിലരുടെ ഉറഞ്ഞുപോയ ചിന്തയുടെ ഫലമാണ്  സ്ത്രീ വരുദ്ധമെന്ന് ചിത്രീകരിക്കപ്പെട്ട ചലച്ചിത്ര സംഭാഷണങ്ങളൊക്കെ ഉദ്ധരിച്ചുകൊണ്ട് ചിലര്‍ 'ആണധികാരത്തിനും വികലമായ പുരുഷ കാഴ്ചപ്പാടുമൊക്കെ എതിരെ ആഞ്ഞടിക്കുന്നത്. ബാലിശമായി മാത്രമേ ഇത്തരക്കാര്‍ക്ക് സാമൂഹികമായ കാര്യങ്ങളെ കാണാന്‍ കഴിയുകയുളളു എന്നാണ് അത് വ്യക്തമാക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവുമായി അതു വ്യാപകമാവുകയുണ്ടായി. അതു സമൂഹത്തിന്റ ചിന്താരീതിയില്‍  ഗുണകരമല്ലാത്ത വ്യതിചലനം ഉണ്ടാക്കാന്‍ മാത്രമേ സഹായിക്കുകയുള്ളു. നടി ആക്രമിക്കപ്പെട്ട  സംഭവത്തില്‍ ഉണ്ടായിരിക്കുന്നത് ആണധികാരത്തിന്റെ പ്രശ്‌നമല്ല. അത് കൊടും കുറ്റകൃത്യമാണ്.മലയാള സിനിമയെ  മൊത്തത്തില്‍ നിയന്ത്രിക്കുന്ന വിധത്തില്‍ വളര്‍ന്ന് പന്തലിച്ച അധോലോക സ്വഭാവത്തിന്റെ മുഖം പൊട്ടല്‍ മാത്രമാണ് നടി ആക്രമിക്കപ്പെട്ടതിലൂടെ സംഭവിച്ചത്.
     

ഈ നടി ആക്രമിക്കപ്പെട്ടത് ഇതിനു മുന്‍പും ഇതുപോലെയും അല്ലാതെയുമൊക്കെ നടന്നിട്ടുള്ളതുപോലെ ഉള്ള ഒരു സംഭവമായി അവശേഷിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് . ഇത്തരത്തിലുള്ള പല സംഭവങ്ങളും ചില ഉപയോഗിക്കലുകളും ( ബ്ലാക്ക് മെയിലിംഗ്) ഒതുക്കിത്തീര്‍ക്കലകളുകമായി അവശേഷിക്കുകയായിരുന്നു.പക്ഷേ ഇത്  പുറംലോകം അറിഞ്ഞതോടെയും ഇരയായ പെണ്‍കുട്ടി അതു സംബന്ധിച്ച് നിയമത്തിന്റെ വഴിയിലേക്ക് നീങ്ങാന്‍ തുടങ്ങിയതയോടെയുമാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഈ കുറ്റകൃത്യത്തില്‍ ലിംഗപ്രശ്‌നമില്ല. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അവരുടെ യഥാര്‍ഥ സ്വഭാവത്തിന്റെ ചേഷ്ടാ പ്രകടനത്തിലൂടെ കത്തിക്കയറിയപ്പോള്‍ ഉണ്ടായ കൂക്കിവിളിയില്‍ ആദ്യം ചെവിയില്‍ വീണത് സ്ത്രീകളുടെ കൂകി വിളിയാണ്. അതിന്നര്‍ഥം അവരെല്ലാവരും കുറ്റകൃത്യവാസനയുളളവര്‍ എന്നല്ല. ആ കൂക്കിവിളിയേക്കാള്‍ ശ്ലീലരഹിതമായിരുന്നു വേദിയില്‍ ബോധപൂര്‍വ്വം മിണ്ടാതിരുന്ന സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയും. കൂകി വിളിച്ചവര്‍ ആ വേദിയിലുണ്ടായിരുന്നവരുടെ ആശ്രിതത്വം ഇല്ലാതെ ഈ മേഖലയില്‍ തുടരാന്‍ കഴിയാത്തവരായിരുന്നു. ആ പത്രസമ്മേളന വേദിയിലെ മിണ്ടലും മിണ്ടാതിരിക്കലും വര്‍ത്തമാനകാല സിനിമയുടെ മുഖത്തിന്റെ രണ്ടു വശങ്ങളും.
      

ഇവിടെ മലയാള സിനിമയില്‍ രണ്ടു ദശകങ്ങളായി രൂപം കൊണ്ട അധമശക്തിരൂപീകരണത്തിലൂടെ രൂപം കൊണ്ട മഞ്ഞുമലയുടെ മുകളറ്റം മാത്രമാണ് നടിയെ ആക്രമിക്കപ്പെട്ടതിലൂടെ കാണപ്പെട്ടത്. അതാകട്ടെ സിനിമാ മേഖലിയില്‍ മാത്രമായുണ്ടായ പ്രതിഭാസമല്ല. അത്തരമൊരു അധമശക്തിയുടെ ദൃഢീകരണമുണ്ടാകാന്‍ സമൂഹവുമായി ബന്ധപ്പെട്ട ഒട്ടേറെ കാരണങ്ങളുണ്ട്. അതാകട്ടെ കേരളസമൂഹം കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലേറെയായി കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സാമൂഹ്യ  മാറ്റവുമായി ബന്ധപ്പെട്ടും കിടക്കുന്നതാണ്. ആ സാമൂഹിക മാററം രാഷ്ട്രീയം, മാധ്യമം, സാഹിത്യം, സാംസ്‌കാരികം തുടങ്ങി എല്ലാ മേഖലയിലയുമായി കെട്ടിപ്പിണഞ്ഞു കിടക്കുന്നു. അമ്മയുടെ വേദിയില്‍ സംസ്‌കാര ശൂന്യത പ്രകടമാക്കി സംസാരിച്ച  ഭാരവാഹികളില്‍ രണ്ട് ഭരണകക്ഷി എം എല്‍  എ മാരും ഒരു ഭരണകക്ഷി എം. പിയും ഉണ്ടായത് യാദൃശ്ചികമല്ല. അത് ഈ രണ്ടു ദശകത്തിലേറെയായി വന്ന മാററത്തിന്റെ പ്രതിഫലനമാണ്. ഒറ്റവാക്കില്‍ ഈ മാറ്റത്തെ ഇങ്ങനെ വിശേഷിപ്പിക്കാം- കൊടും കുററകൃത്യമായി കരുതപ്പെട്ടു പോന്ന പലതിന്റെയും അനുവര്‍ത്തനത്തിന് മാന്യത കൈവന്നു. അതനുവര്‍ത്തിക്കുന്നവര്‍ മാന്യന്മാരായി മാധ്യമങ്ങളാല്‍ വാഴ്ത്തപ്പെടുകയും ചെയ്തു.അങ്ങനെ മാന്യന്മാരുടെ കുറ്റകൃത്യങ്ങള്‍ക്കു പോലും താരപരിവേഷം കൈവന്നു. അതു സമൂഹത്തേയും സ്വാധീനിച്ചു. ആ സാമൂഹ്യ മനസ്സാണ് ദൃശ്യം, ക്രേസി ഗോപാലന്‍ തുടങ്ങിയ സിനിമാക്കഥകള്‍ സിനിമകളാക്കാമെന്ന് ആത്മവിശ്വാസം സംവിധായകര്‍ക്ക് നല്‍കിയത്.
         

mohanlal dhrisyam

കുററകൃത്യം വിജയിക്കുന്ന ദൃശ്യം സിനിമയുടെ വിജയം മലയാളിയുടെ മലിനപ്പെട്ട മനസ്സിന്റെ എടുത്തുകാണിക്കലായിരുന്നു. എന്നാല്‍ തീയറ്ററുകളില്‍ വിജയം കണ്ടതിന്റെ പേരില്‍ അത്  വിജയമാതൃകയായി. ക്രമേണ അതു വിജയത്തിലേക്കുള്ള വഴിയായി. ആ വഴി തന്നെയാണ് നടി ആക്രമിക്കപ്പെടുന്നതു പുറത്താകും വരെ വന്‍ വിജയമായി പലരും ചലച്ചിത്ര ലോകത്ത് തുടര്‍ന്നത്. അതിനാല്‍ തിന്മയെന്ന വാക്കിനെപ്പോലും ദുര്‍ബ്ബലമാക്കുന്ന കുറ്റവാളികളുടെ കൂട്ടായ്മയിലൂടെ അരങ്ങേറിയ ക്രിമിനല്‍വല്‍ക്കരണത്തിന്റെ ലക്ഷണം മാത്രമാണ് നടി ആക്രമിക്കപ്പെട്ടതിന്റെ കാരണം. അതിനെ ആണധികാരത്തിന്റെ ഉദാഹരണമായി എടുത്തു കാണിച്ചാല്‍ സമൂഹ ചിന്തയുടെ ദിശമാറ്റം സംഭവിക്കും. ഒപ്പം സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നത് പരോക്ഷമായി കൂടുതല്‍ രൂക്ഷമായി തുടരുകയും ചെയ്യും. സ്ത്രീകളുടെ ഇടയില്‍ നിന്നു കൂടുതല്‍ കുറ്റവാളികളെയും താളം തെറ്റിയ സ്ത്രീകളെയും സൃഷ്ടിക്കുവാന്‍ മാത്രമേ അതു സഹായിക്കുകയുളളു. (തുടരും)
      ദൃശ്യം, മലയാളി, മോഹൻലാൽ to read click http://lifeglint.com/content/doyen/140131/drishyam-malayali-mohanlal

 

Ad Image