Skip to main content

mohanlal in drishyam poster

 

ദൃശ്യം സിനിമ ചരിത്രത്തിന്റെ ഭാഗമാകുന്നു. കാരണം അതിന്റെ തിയറ്ററുകളിലെ വിജയം തന്നെ. ഒരു മാസത്തിലേറെയായിട്ടും തിങ്ങിനിറഞ്ഞ് ആ സിനിമയുടെ പ്രദർശനം തുടരുന്നു. സിനിമാ വിജയത്തിനു വേണ്ട പ്രചാരണമാണെങ്കിൽ സാധാരണ നിലയിലും. കണ്ടവരിൽ നിന്നു കേട്ട പ്രതികരണമറിഞ്ഞാണ് ഈ ജനം മുഴുവൻ തിയറ്ററുകളിലേക്കൊഴുകുന്നത്. ചിത്രത്തിന്റെ നിർമാതാവ് തുടങ്ങി സംവിധായകൻ എന്നുവേണ്ടാ മോഹൻലാൽ മുതലുള്ള ഓരോ നടീനടന്മാരുടേയും മറ്റെല്ലാ അണിയറ പ്രവർത്തകരുടേയും ഭാഗധേയത്തിൽ തന്നെ ഈ വിജയം മാറ്റം വരുത്തിയിരിക്കുന്നു. അതോടൊപ്പം ദൃശ്യം സിനിമയിൽ നടന്ന കൊലപാതകം പോലെ ചില കൊലപാതകങ്ങളും ദൃശ്യം സിനിമയിലൂടെ നടന്നിട്ടുണ്ട്. അവർ പരസ്യത്തിൽ അവകാശപ്പെടുന്നതുപോലെ ഈ സിനിമയുടെ വിജയം ചരിത്രവിജയമാണ്. ഈ വിജയങ്ങൾക്കപ്പുറത്ത് കേരള സമൂഹത്തിന്റെ ചില വൻ പരാജയങ്ങളും ദൃശ്യം എന്ന സിനിമ നിശബ്ദമായിട്ടാണെങ്കിലും അതിശക്തമായി വിളിച്ചുകൂവുന്നു. അതേസമയം വരുമാനത്തിൽ വിജയിച്ച ഈ സിനിമ സിനിമയെന്ന നിലയിൽ വിജയമാണോ എന്നു ചോദിച്ചാൽ സിനിമയുടെ പരാജയത്തിന്റെ വിജയമാണെന്നു വേണമെങ്കിൽ വിലയിരുത്താം. ദൃശ്യത്തിൽ പറയുന്നതുപോലെ ശരിതെറ്റുകളില്ല. എന്തായാലും ദൃശ്യം സിനിമ സംഭവിച്ചു കഴിഞ്ഞു. സംഭവിച്ചതെല്ലാം നല്ലതിന്. അതിനാൽ തന്നെ ദൃശ്യമുണ്ടായതു നല്ലതിനു തന്നെ. ഇനി സംഭവിക്കാനിരിക്കുന്നതും നല്ലത്. അതിനാൽ ദൃശ്യത്തിൽ നിന്നു സംഭവിക്കാനിരിക്കുന്നതും നല്ലതാവണം. ആ കാഴ്ചയിലൂടെ ദൃശ്യത്തെ കാണാം. ആ സിനിമയുടെ പോസ്റ്ററിൽ ആംഗലേയത്തിൽ പറയുന്നു, ദൃശ്യങ്ങൾ ചതിക്കുന്നവയാകാം. ഒന്നുകൂടി ഉറപ്പിച്ച് ദൃശ്യം സിനിമയെക്കുറിച്ചും പറയാം ഈ സിനിമയിൽ ചതി പതുങ്ങിയിരിപ്പുണ്ട്.

 

മാധ്യമപ്രവർത്തകർ സാധാരണ മനുഷ്യർ കാണുന്നതിനപ്പുറം കണ്ട് അത് സാധാരണമാക്കി സാധാരണക്കാരുമായി സുവ്യക്തമായി പങ്കുവയ്ക്കണമെന്നാണ് സങ്കൽപ്പം. കേരളത്തിലെ പ്രശസ്തമായ ഒരു മാധ്യമപരിശീലന സ്ഥാപനത്തിൽ മാധ്യമപ്രവർത്തന ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന കുട്ടികൾ. അവരിൽ മിക്കവാറും എല്ലാവരും തന്നെ ദൃശ്യം കണ്ടവർ. എല്ലാവർക്കും ഒരേ അഭിപ്രായം ഉഗ്രൻ സിനിമ. മാധ്യമങ്ങളിലൂടെയും ദൃശ്യത്തിന്റെ വിജയം ആഘോഷിക്കുന്നു. ആങ്കർമാർക്ക് ഇതിന്റെ അണിയറ പ്രവർത്തകരേയും ഉമ്മറ പ്രവർത്തകരേയും വിശേഷിപ്പിക്കാൻ വാക്കുകളില്ലാതെ പലപ്പോഴും ബുദ്ധിമുട്ടുന്നു. വളരെ വിരളമായ ആൾക്കാർ മാത്രമേ ദൃശ്യം സിനിമയെക്കുറിച്ച് നല്ലതല്ലാത്ത അഭിപ്രായം പറഞ്ഞുള്ളു. ആ പറച്ചിലിന് മാധ്യമശ്രദ്ധ ലഭിച്ചത് ജയിൽ ഡി.ജി.പി ടി.പി സെൻകുമാറിന്റെ അഭിപ്രായ പ്രകടനത്തോടെയാണ്. അദ്ദേഹം പറഞ്ഞത് ഈ സിനിമ സമൂഹത്തിലേക്ക് വിടുന്ന സന്ദേശം അപകടകരവും വിനാശകരവുമാണെന്നാണ്. അത് സൃഷ്ടിച്ചേക്കാവുന്ന ദൂരവ്യാപകമായ ദോഷവശങ്ങളേക്കുറിച്ച് ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കവേ അദ്ദേഹം പറയാനൊരുങ്ങിയെങ്കിലും അദ്ദേഹം അതിന്റെ വിശദീകരണത്തിൽ നിന്നു തുടക്കത്തിൽ തന്നെ ബോധപൂർവ്വം പിൻവലിഞ്ഞു. കാരണം, ആ വസ്തുതകൾ കുട്ടികളും മുതിർന്നവരും വിവിധ തരം മാനസികാരോഗ്യമുള്ളവരുമായ പ്രേക്ഷകരിൽ പലവിധ അനുരണനങ്ങൾ സൃഷ്ടിച്ചേക്കാമെന്നു കരുതിയായിരിക്കാം അദ്ദേഹം അതിന്റെ വിശദീകരണത്തിൽ നിന്ന് പിന്മാറിയതെന്നു തോന്നുന്നു. അക്കാരണത്താലാണോ പിന്മാറിയതെന്ന് ചർച്ച നയിച്ച ചാനൽ അവതാരക ശ്രദ്ധിച്ച ലക്ഷണവും കണ്ടില്ല. ഒരു ഉന്നത പോലീസ് ഓഫീസർ എന്ന നിലയിലും സാമൂഹിക കാഴ്ചപ്പാടുള്ള വ്യക്തി എന്ന നിലയിലുമാണ് സെൻകുമാർ ആ അഭിപ്രായ പ്രകടനം നടത്തിയതെന്ന് ചാനൽചർച്ചയിൽ അനുഭവപ്പെട്ടു.

 

മുപ്പത്തിമൂന്നു കൊല്ലങ്ങൾക്കു മുൻപ് മോഹൻലാൽ വില്ലൻ കഥാപാത്രത്തിലൂടെ പ്രത്യക്ഷപ്പെട്ട് വില്ലൻ സ്വഭാവത്തെ അവതരിപ്പിക്കുകയായിരുന്നെങ്കിൽ മുപ്പത്തിമൂന്നു കൊല്ലങ്ങൾക്കു ശേഷം അഭിനയത്തിന്റെ ഗിരിശൃംഗങ്ങൾ കീഴടക്കി നായക കഥാപാത്രത്തിലൂടെ നായകപരിവേഷത്തിൽ വില്ലൻ സ്വഭാവത്തെ അവതരിപ്പിച്ച് വിജയിക്കുന്നു.

 

അബദ്ധവശാൽ ഒരു കൊലപാതകം നടക്കുന്നു. അതു വിജയകരമായി മൂടി വെച്ച് കുടുംബത്തെ പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തുന്നതാണ് ദൃശ്യം സിനിമ. ആ സിനിമയിൽ നടന്ന കൊലപാതകം യഥാർഥത്തിൽ കൊലപാതകമല്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ആ കൊല നടന്ന സാഹചര്യം ശരിയായ രീതിയിൽ കോടതിയിൽ അവതരിപ്പിച്ചാൽ അത് കുറ്റകരമല്ല. സ്വയരക്ഷയ്ക്കുവേണ്ടി നടത്തപ്പെട്ടതാണ്. എന്നാൽ ആ അബദ്ധമരണം പിടിക്കപ്പെടാത്ത വിധം മൂടിവെയ്ക്കുന്നതിൽ സിനിമയിലെ നായകൻ വിജയിക്കുന്നു. മോഹൻലാൽ എന്ന സർഗധനനായ നായകനടനിലൂടെ. ഇതുവരെ വില്ലൻമാർ ചെയ്തുവന്ന പ്രവൃത്തികളെ നായകന്റെ സ്വഭാവമാക്കി. ബോധപൂർവ്വം തെളിവു നശിപ്പിക്കൽ തുടങ്ങി ഒട്ടനേകം കൊടിയ കുറ്റകൃത്യങ്ങൾ ദൃശ്യത്തിലെ നായകൻ ചെയ്യുന്നു. അറിഞ്ഞുകൊണ്ട് ശിക്ഷാർഹമായ കുറ്റകൃത്യങ്ങളിലേർപ്പെട്ട് വിജയിക്കുന്ന നായകനെ ഇരുകൈകളും നീട്ടി കേരളം സ്വീകരിച്ചിരിക്കുന്നു എന്നതാണ് ദൃശ്യം സിനിമയുടെ വിജയം. അതിനർഥം കേരളീയ സമൂഹം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന സ്ഥിതിയിലേക്കു വരും എന്നതുകൊണ്ടാവണം സെൻകുമാർ ശക്തമായി ആ സിനിമ മുമ്പോട്ടു വയ്ക്കുന്ന സന്ദേശം അപകടം നിറഞ്ഞതാണെന്ന് പറയുന്നത്.

 

ചാനൽചർച്ചയിൽ സെൻകുമാറിനൊപ്പം സിനിമയുടെ സംവിധായകൻ ജീത്തു ജോസഫുമുണ്ടായിരുന്നു. സെൻകുമാറിന്റെ വിമർശനത്തോടുള്ള ജീത്തുവിന്റെ പ്രതികരണം വളരെ വിചിത്രമായിരുന്നു. സിനിമക്കാർക്ക് മാത്രമായി സമൂഹത്തിനെ നന്നാക്കാനൊന്നും പറ്റില്ല. എന്തുകൊണ്ട് തന്റെ സിനിമയെ മാത്രം ഇങ്ങനെ സംഘം ചേർന്ന് ആക്രമിക്കുന്നു എന്നൊക്കെയുള്ള പരിവേദനം ജീത്തു ജോസഫ് മുന്നോട്ടു വച്ചു. ആ സിനിമ നിരോധിക്കണമെന്നല്ല പറഞ്ഞത്. ആ സിനിമയിൽ പ്രമേയം അവതരിപ്പിക്കാനുള്ള സംവിധായകന്റെ സ്വതന്ത്ര്യം പോലെ ആ സിനിമയുടെ ഉള്ളടക്കത്തെ വിമർശനപരമായി കാണാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ പ്രകടനവുമാണ് താൻ നടത്തിയതെന്ന് സെൻകുമാർ ഓർമ്മിപ്പിച്ചത് ജീത്തു ഒടുവിൽ മനസ്സിലാക്കിയതുപോലെ തോന്നി. എന്നിരുന്നാലും ആ സിനിമയിൽ ഒരു കുറ്റബോധം ജീത്തുവിന്റെ സ്വരത്തിനെ ബാധിച്ചിരുന്നു. അത് ആ സിനിമയിലൂടെയും അദ്ദേഹം വെളിവാക്കി. കാരണം അവസാനം മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ കുമ്പസാരമെന്നവണ്ണം ഒരു ന്യായീകരണ പ്രസ്താവന നടത്തുന്നുണ്ട്. അതു കണ്ടാൽ അറിയാം ഈ പ്രമേയത്തെക്കുറിച്ച് മറ്റാരേക്കാളും ബോധ്യം അതിന്റെ സംവിധായകനാണെന്ന്. സിനിമയിലെ നായകന് അതിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ച് സംവിധായകനെ കുറ്റവിമുക്തനാക്കാനുള്ള ശ്രമം തന്നെയായിരുന്നു അത്. സമൂഹത്തിനെ നന്നാക്കാൻ സിനമക്കാർ മാത്രം വിചാരിച്ചാൽ പോരാ എന്നുള്ള അദ്ദേഹത്തിന്റെ ചാനൽ ചർച്ചയിലെ അഭിപ്രായവും ആ മാനസികതലത്തിൽ നിന്ന് പൊന്തിവന്നതാണ്.

 

സമൂഹത്തിനെ ആരും നന്നാക്കാൻ കാര്യമായി ശ്രമിക്കേണ്ട കാര്യമില്ല. സ്വയം നന്നാവാൻ ശ്രമിക്കുകയേ വേണ്ടൂ. കാരണം അതു മാത്രമേ കഴിയൂ. ഏതു ഉദാഹരണമെടുത്താലും ആ ഉത്തരം കിട്ടും. ഒരാൾ മാറിയാൽ ഒരു വിഡ്ഢിയുടെ എണ്ണം കുറയുമല്ലോ എന്ന വിവേകാനന്ദന്റെ വാക്കുകൾ കൂട്ടത്തിൽ ഓർക്കാം. എന്തു തന്നെയായാലും ജീത്തുവിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ അർഥമില്ല. ജീത്തുവും കേരളീയ സമൂഹത്തിന്റെ പ്രതിനിധിയാണ്. നമ്മളിലൊരാൾ. അതുകൊണ്ടാണ് നമ്മൾ ഈ സിനിമ വിജയിപ്പിച്ചത്. ഇത്തരത്തിലൊരു പ്രമേയം മോഹൻലാലിനെപ്പോലെ ഒരു മഹാനടനിലൂടെ സ്വീകരിക്കുന്നതിലേക്ക് മലയാളി സമൂഹം എത്തിച്ചേർന്നിരിക്കുന്നു എന്ന അറിവാണ് ജീത്തുവിന് ഈ സിനിമ നിർമ്മിക്കാൻ ആത്മവിശ്വാസം നൽകിയത്. കോരളത്തിലെ പ്രമുഖ സർവ്വകലാശാലകൾ ഡിലിറ്റ് ബിരുദവും രാഷ്ട്രം പദ്മശ്രീ ബഹുമതിയും നൽകി ആദരിച്ച, മികച്ച അഭിനയത്തിനുള്ള ദേശീയ പുരസ്കാര ജേതാക്കളായ മോഹൻലാലോ ഭരത് മമ്മൂട്ടിയോ ആയിരുന്നില്ലെങ്കിൽ ഈ സിനിമ ഇത്രയും ശ്രദ്ധാകേന്ദ്രമാകുമായിരുന്നില്ല. നല്ല അഭിനേതാവിനെ മലയാളി സ്വീകരിക്കും എന്നുള്ളതിന്റെ തെളിവുതന്നെയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലും ദൃശ്യത്തിലും മോഹൻലാലിനെ മലയാളി സ്വീകരിക്കുന്നത്. മുപ്പത്തിമൂന്നു കൊല്ലങ്ങൾക്കു മുൻപ് മോഹൻലാൽ വില്ലൻ കഥാപാത്രത്തിലൂടെ പ്രത്യക്ഷപ്പെട്ട് വില്ലൻ സ്വഭാവത്തെ അവതരിപ്പിക്കുകയായിരുന്നെങ്കിൽ മുപ്പത്തിമൂന്നു കൊല്ലങ്ങൾക്കു ശേഷം അഭിനയത്തിന്റെ ഗിരിശൃംഗങ്ങൾ കീഴടക്കി നായക കഥാപാത്രത്തിലൂടെ നായകപരിവേഷത്തിൽ വില്ലൻ സ്വഭാവത്തെ അവതരിപ്പിച്ച് വിജയിക്കുന്നു. മോഹൻലാൽ എന്ന നടന്റെ വിജയമാണെങ്കിലും മോഹൻലാൽ എന്ന വ്യക്തിയുടേയും മലയാളിയുടേയും വിജയമാണോ എന്നുചോദിച്ചാൽ ദൃശ്യത്തിലെ നായകന്റെ ശരിതെറ്റുകൾ സംബന്ധിച്ച മറുപടിയേ ഉള്ളു. അത് ശരാശരി മലയാളിയുടെ മറുപടിയായിരിക്കുന്നു എന്നതാണ് ദൃശ്യത്തിന്റെ തിയറ്റർ വിജയം സൂചിപ്പിക്കുന്നത്. കൂട്ടത്തിൽ ഒന്നുകൂടി ഓർക്കാം, ദൃശ്യം ചതിച്ചേക്കാം.

 

(തുടരും)

Ad Image