Skip to main content
Ad Image

kalyan advert

 

അമിത ലാഭം ഉപഭോക്താക്കളിൽ നിന്നും വ്യാവസായികൾ ഈടാക്കുന്നത് പ്രത്യക്ഷ അനീതിയാണ്. അതിൽ നിന്നും പൗരർക്ക് രക്ഷ ഉറപ്പാക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്. അതിന്റെ വെളിച്ചത്തിലാണ് ഉപഭോക്തൃ സംരക്ഷണ നിയമമൊക്കെ നിർമ്മിക്കപ്പെട്ടിട്ടുള്ളതും അവ നടപ്പിലാക്കുന്നതിന് സംവിധാനമുള്ളതും. ഉപഭോക്താവിനെ തങ്ങളുടെ അവകാശത്തെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് ധാരാളം തുക കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെലവഴിക്കാറുമുണ്ട്.  ഉപഭോക്തൃഫോറങ്ങളിൽ വന്നുകൂടുന്ന കേസ്സുകൾ മിക്കതും ചെറിയ അനീതികളുടെ പേരിലുള്ളതാണ്. വളരെ അപൂർവ്വം മാത്രമേ പൊതുവായ മാറ്റത്തിന് ഉതകുന്ന ദിശയിലേക്കു നയിക്കപ്പെടുന്ന തീരുമാനങ്ങൾ അത്തരം വേദികളിൽ നിന്ന്‍ ഉണ്ടാകാറുള്ളൂ.

 

ഉത്സവങ്ങളോടനുബന്ധിച്ച് മിക്ക കച്ചവട സ്ഥാപനങ്ങളും ഉപഭോക്താക്കളെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്നതിന് പല പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. അവയെല്ലാം പ്രത്യക്ഷത്തിൽ ഉപഭോക്താവിന് ഗുണം ലഭിക്കുന്നതാണെന്നു തോന്നും. എന്നാൽ പ്രത്യക്ഷത്തിൽ അങ്ങനെ തോന്നുകയും പരോക്ഷമായി വൻലാഭം തങ്ങൾക്ക് ഉറപ്പാക്കാനും വേണ്ടിയാണ് അത്തരം പദ്ധതികൾ പ്രഖ്യാപിക്കുന്നതും താരമൂല്യമുള്ളവരെ ഉൾപ്പെടുത്തി പരസ്യങ്ങൾ ചെയ്യിച്ച് മാധ്യമങ്ങളിലൂടെ വിളംബരം ചെയ്യുന്നതും. വർത്തമാനകാലത്ത് ഒരു പരിധിവരെ അത്തരം പരസ്യങ്ങളും പദ്ധതി പ്രഖ്യാപനങ്ങളുമില്ലാതെ കച്ചവടം മെച്ചപ്പെട്ട രീതിയിൽ നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനാൽ അതിൽ തെറ്റു പറയാനാകില്ല. ഇത്തരം പദ്ധതി പ്രഖ്യാപനങ്ങളിലും തങ്ങളുടെ ഉൽപ്പന്ന മേന്മയും പ്രഖ്യാപിക്കുന്നതിലൂടെ ഒരേ മേഖലയിതിലൂടെ വിലയുടെ കാര്യത്തിലും ഉൽപ്പന്ന വൈവിദ്ധ്യത്തിന്റെ കാര്യത്തിലും ചെറിയ ഒരളവുവരെ ഉപഭോക്താവിന് ഗുണം ലഭിക്കുന്നുണ്ട്.

 

എന്നാൽ അനാരോഗ്യകരമായ പ്രഖ്യാപനങ്ങളും മറ്റും നടത്തി ഉപഭോക്താവിന്റെ ശ്രദ്ധയെ വ്യതിചലിപ്പിച്ച് ആർത്തിയിലേക്കും അത്യാർത്തിയിലേക്കും നയിച്ച് ഉപഭോക്താക്കളെ തങ്ങളുടെ സ്ഥാപനത്തിലേക്ക് കൊണ്ടുവന്ന് വൻലാഭം കൊയ്യാനുള്ള ചില സ്ഥാപനങ്ങളുടെ ശ്രമം പലവിധ അപകടങ്ങൾ സമൂഹത്തിൽ ക്ഷണിച്ചു വരുത്തും. വിഷു-ഈസ്റ്റർ ഉത്സവകാലത്ത് കേരളത്തിലെ ഒരു പ്രമുഖ സ്വര്‍ണ്ണവ്യാപാരശാല ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത് മുപ്പത് ഔഡി കാറുകളും സ്വർണ്ണനാണയങ്ങളുമാണ്. അതറിയിക്കുന്നതിനു വേണ്ടി രാജ്യത്തെ ഏറ്റവും താരമൂല്യമുള്ള വ്യക്തികളെ ഉൾപ്പെടുത്തി വ്യാപകമായ രീതിയിൽ എല്ലാവിധ മാധ്യമങ്ങളിലും പരസ്യം ചെയ്യുകയും ചെയ്യുന്നു. ആ പരസ്യ ഏർപ്പാടിന് തന്നെ കോടാനുകോടികൾ ചെലവിട്ടേ പറ്റൂ.

 

കുറഞ്ഞത് പന്ത്രണ്ടു കോടി രൂപയെങ്കിലും വേണ്ടി വരും മുപ്പത് ഔഡി കാറുകൾക്ക്. പിന്നെ സ്വർണ്ണനാണയങ്ങൾ. അവയ്ക്കും കോടികൾ വേണ്ടി വരും. അങ്ങനെ വേണമെങ്കിൽ ഒരു വൻകിട വ്യവസായം ആരംഭിക്കാൻ പോന്ന ധനമാണ് തങ്ങളുടെ സ്ഥാപനത്തിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കാനായി ഒരു സ്ഥാപനം ചെലവിടുന്നത്. അവരുടെ ലാഭത്തിന്റെ ഒരു ചെറിയ വിഹിതം മാത്രമാണ് ഇതിനായി ചെലവഴിക്കുന്നത്. ഈ ലാഭമെല്ലാം ഈ സ്ഥാപനങ്ങൾ സമ്പാദിക്കുന്നത് അവിടെയെത്തുന്ന വർധിച്ച തോതിലുളള ഉപഭോക്താക്കളിൽ നിന്നും സാധനങ്ങളുടെ വില അന്യായമായി ഈടാക്കുന്നതു വഴിയാണ്. അനധികൃതമായി സ്വകാര്യ വ്യക്തി നടത്തുന്ന ലോട്ടറി തന്നെയാണ് ഈ കോടികളുടെ സമ്മാനപ്രഖ്യാപനം.

 

ഈ സ്ഥാപനത്തിൽ സ്വര്‍ണ്ണം വാങ്ങാൻ വരുന്നവരെല്ലാം തന്നെ ഈ സമ്മാനത്തുകയുടെ സാമ്പത്തിക ഭാരം പേറേണ്ടി വരുന്നു. തങ്ങൾ വാങ്ങുന്ന ഉൽപ്പന്നത്തിന്റെ മൂല്യവുമായി ബന്ധപ്പെട്ട വിലയല്ല കൊടുക്കേണ്ടി വരുന്നത്. ഇതിനേക്കാളുപരി സാധാരണ ജനങ്ങളിൽ വിനാശകരമായ അത്യാർത്തി വികാരങ്ങൾ ജനിപ്പിച്ച് പ്രതീക്ഷയിൽ തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിക്കുകയാണ്. ഷോപ്പഹോളിസം എന്നത് ഒരു മാനസിക രോഗമായിട്ടുണ്ട്. ഇത് അതിനേക്കാൾ അപകടകരമായ മാനസികാവസ്ഥയിലേക്ക് ആളുകളെ തള്ളിവിടും. ആവശ്യത്തിനുള്ള വസ്തുക്കൾ വാങ്ങുക എന്നതാണ് ഓരോ ഉപഭോക്താവും ചെയ്യേണ്ടത്. എന്നാല്‍ ഇവിടെ സമ്മാനപ്രഖ്യാപനത്തിൽ ആകൃഷ്ടരായി സാധാനങ്ങൾ വാങ്ങാൻ ഉപഭോക്താവ് പ്രേരിതമാകുന്നു. അങ്ങനെ വസ്തുവകകൾ വാങ്ങുന്നവര്‍ ഉപഭോക്താവ് എന്ന സംജ്ഞയിൽ ഉൾപ്പെടുത്തുന്നതിന് പോലും യോഗ്യരല്ല. മറിച്ച് ഭാഗ്യക്കുറിക്ക് ടിക്കറ്റ് എടുക്കുന്നതിനു പകരം സാധനങ്ങൾ വാങ്ങുന്ന ഭാഗ്യാന്വേഷികളായി മാത്രമേ അവരെ കാണാൻ കഴിയുകയുള്ളൂ.

 

ഒരു സ്ഥാപനയുടമയാണ് ഇത്തരത്തിൽ അനധികൃത ലോട്ടറി നടത്തി ഒരു വൻ ജനാവലിയുടെ പക്കൽ നിന്നും അതിഭീമമായ തുക ഈടാക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരിൽ ഭൂരിഭാഗം പേരും വളരെ തുച്ഛമായ ശമ്പളത്തിന് പതിവിലും കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യുന്നവരാണ്. ജി.എസ്.ടി നിയമത്തിൽ പോലും ആന്റി പ്രോഫിറ്റീയറിംഗ് എന്നൊരു വകുപ്പ് ഉപഭോക്താക്കളെ ചൂഷണത്തിൽ നിന്നും രക്ഷപ്പെടുത്തുന്നതിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ അമിത ലാഭം ഈടാക്കുന്നു എന്നു മാത്രമല്ല, അമിത ചൂഷണത്തിനാണ് ഉപഭോക്താക്കളെ ഇരകളാക്കുന്നത്. അസംസ്‌കൃത വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നവർ, ഉൽപ്പന്നങ്ങളുണ്ടാക്കുന്നവർ, ജീവനക്കാർ, ഉപഭോക്താക്കൾ എന്നീ വിഭാഗങ്ങളെല്ലാം ഇത്തരം വൻ വ്യവസായികളാൽ ചൂഷണം ചെയ്യപ്പെടുകയാണ്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഈ ചൂഷണം എല്ലാം ഒഴിവാക്കുന്നതിനുള്ള സംവിധാനമുണ്ട്. പക്ഷേ അതിനനുയോജ്യമായ നിയമം നിർമ്മിക്കാനും അവ നടപ്പാക്കാനും ഭരണകൂടം തയ്യാറായാലേ സാധ്യമാകുകയുളളു. അതിന് അവർ തയ്യാറാകില്ല എന്ന അമിത ആത്മവിശ്വാസം തന്നെയാണ് ഇത്തരം സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് ഒരു മറയുമില്ലാത്ത പകൽക്കൊള്ള നടത്തുന്നതിന് ഊർജ്ജം പകരുന്നത്.

Ad Image