Skip to main content

jacobinte swargarajyam poster

 

 

വിനീത് ശ്രീനിവാസൻ അഭിനന്ദനമർഹിക്കുന്നു. മലയാളികൾക്ക് വളരെ കാലത്തിനു ശേഷം നല്ലൊരു സിനിമ ഒരുക്കിയതിന്. നടന്ന സംഭവത്തെ ആധാരമാക്കിയെടുത്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യം നന്നായി ചലച്ചിത്രമാക്കി എന്നതാണ് ആ സിനിമയുടെ വിജയം. അതിൽ കലാപരമായ കഴിവും ബുദ്ധിപരമായ സാമർഥ്യവും പരസ്പരം മുഴച്ചു നിൽക്കാതെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് അത് അഭിനന്ദനാർഹമാകുന്നത്. ഒരു ആഗോള പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ വ്യക്തികളിലൂടെ കുടുംബത്തിന്റെ കഥ പറയുന്നതാണ് ഈ സിനിമ. സിനിമ കണ്ടിറങ്ങുന്ന കാണികളിൽ ആഗോള പ്രതിഭാസമോ ബിസിനസ്സ് ലോകമോ വെല്ലുവിളികളോ ഒന്നുമുണ്ടാവില്ല. മറിച്ച് നല്ലയൊരച്ഛനും നല്ലയൊരമ്മയും. അവർ നന്നായാൽ ഏതു വെല്ലുവിളികളിലും മക്കൾ ചീത്തയാകാതെ നേരേ തന്നെ വരും എന്നൊരു ഗുപ്തസന്ദേശം പ്രകടമായി തന്നെ ഈ സിനിമ കൊടുക്കുന്നു. കുടുംബത്തിന്റെ മർമ്മത്തെ മൃദുലവും എന്നാൽ ശക്തവുമായി കാണികളിലേക്ക് സിനിമ സന്നിവേശിപ്പിക്കുന്നു. മുഴച്ചു നിൽക്കാത്തതിനാല്‍ അത് ഭംഗിയുമാകുന്നു.

 

 

 

വർത്തമാനകാല കുടുംബം നേരിടുന്ന നീറുന്ന പ്രശ്നങ്ങളുണ്ട്. സർക്കാരും സന്നദ്ധ സംഘടനകളുമൊക്കെ അത് ശരിയാക്കാനായി വിദേശ ഫണ്ടുൾപ്പടെയുളള സഹായത്തോടെ വിയർത്തു പാടുപെടുന്നുണ്ട്. സന്നദ്ധ സംഘടനകൾ എന്തിനുവേണ്ടിയാണോ ശ്രമിക്കുന്നത് അതിന് കടകവിരുദ്ധമായ സാഹചര്യം ആ പ്രവൃത്തികളിലൂടെ ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് പലപ്പോഴും വിദേശ ഫണ്ട് സ്രോതസ്സുകളുടെ ലക്ഷ്യം. ഇതേ സ്രോതസ്സുകളുടെ താൽപ്പര്യം തന്നെയാണ് സർക്കാർ പദ്ധതികളായി രംഗപ്രവേശം ചെയ്യുന്ന സാമൂഹ്യ സേവന പദ്ധതികൾ. ആരോഗ്യം ഉണ്ടാകുമ്പോൾ പ്രതിരോധം വർധിക്കും. പ്രതിരോധം വർധിച്ചാൽ രോഗം അകന്നു നിൽക്കുകയും ചെയ്യും. എന്നാല്‍, സർക്കാരുകളും സന്നദ്ധ സംഘടനകളും ശ്രമിക്കുന്നത് ചികിത്സയിലൂടെ ആരോഗ്യം ഉണ്ടാക്കാനാണ്. അത് മരുന്നു വിപണി വ്യാപിപ്പിക്കുക മാത്രം ചെയ്യുന്നു.

 

കുടുംബത്തിന്റെ രസതന്ത്രത്തിലൂടെ, കുട്ടികളിലൂടെ കുടുംബത്തിന് പ്രതിരോധമുണ്ടാക്കിക്കൊണ്ടുള്ള ജീവിത രീതിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. രൺജി പണിക്കർ അവതരിപ്പിക്കുന്ന അച്ഛനായ ജേക്കബ്ബിന്റെ ജീവിതത്തിലെ മാറിമറിച്ചിലുകളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. രൺജി പണിക്കർ ഓമനിച്ച് പരിരക്ഷിച്ചുപോരുന്ന കൈമസില്‍ ഉൾപ്പെടെയുള്ളവയെ ചില ഘട്ടങ്ങളിൽ സംവിധായകൻ സാംഗത്യേന ഉപയോഗിക്കുന്നതും കുടുംബത്തിന്റെ പ്രതിരോധ സൃഷ്ടിയിൽ പ്രതീകാത്മകവും കൗതുകകരവുമാകുന്നുണ്ട്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ നൂലിഴകളുടെ നെയ്ത്താണ് ആദ്യപകുതിയിൽ. രണ്ടാം പകുതിയിൽ അങ്ങനെ നെയ്ത തുണിയുടെ ബലപരീക്ഷണവും നടക്കുന്നു. ഒന്നാം പകുതിയിൽ രൺജിയുടെ ഭാര്യ ഷേര്‍ളിയായി അഭിനയിക്കുന്ന ലക്ഷ്മി രാമകൃഷ്ണന്റെ സാന്നിദ്ധ്യം നാമമാത്രമാണ്. എന്നാൽ രണ്ടാം പകുതിയിൽ രൺജി അഭിനയിക്കുന്ന കഥാപാത്രം അവസാനത്തെ ഒന്നു രണ്ടു സീനുകളൊഴിച്ചാൽ പൂർണ്ണമായും അപ്രത്യക്ഷമാണ്. അതേ സമയം ആ കഥാപാത്രം അതിശക്തമായ സാന്നിദ്ധ്യവുമായി മാറുന്നു. ഇവിടെയൊക്കെ വിനീത് ശ്രീനിവാസൻ എന്ന സംവിധായകനിലേക്ക് കൈയ്യൊതുക്കം വരുന്നതിന്റെ ലക്ഷണങ്ങൾ വളരെ പ്രകടമാണ്. രണ്ടാം പകുതിയിൽ രൺജി ആദ്യപകുതി കൈകാര്യം ചെയ്ത അതേ ശക്തിയിൽ വീട്ടമ്മ ശക്തയാകുന്നു.

 

രണ്ടാം പകുതിയിലെ ചില രംഗങ്ങൾ വർത്തമാനകാലത്തിലും വരാനുളള കാലത്തിലും മൂല്യമുള്ളത് മൂല്യങ്ങൾക്കാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. എല്ലാം തകർന്ന് നിൽക്കുന്ന അവസ്ഥയിൽ ഒരു നിമിഷം ചെറിയ ഒരു കളവിൽ അഭയം കണ്ടെത്താൻ ശ്രമിക്കുന്ന തന്റെ മകനെ ശാസിക്കുന്ന അമ്മയുടേതാണ് ഒന്ന്. 'നമുക്കിനി മറ്റുള്ളവർക്ക് കൊടുക്കാൻ കയ്യിൽ സത്യം മാത്രമേ അവശേഷിക്കുന്നുള്ളു' എന്ന് ആ അമ്മ പറയുമ്പോൾ ഹാവാഡ് സർവ്വകലാശാലയിൽ നിന്നും ബിസിനസ്സ് മാനേജ്‌മെന്റ് എടുത്തിറങ്ങിവരുന്ന വിദഗ്ധരുടെ നേർക്കുള്ള ഒരു ചോദ്യവും കൂടിയാണത്. ഒപ്പം തത്വദീക്ഷയില്ലാത്ത ബിസിനസ്സ് ലോകത്തോടും. ആഗോളമാന്ദ്യത്തിനുള്ള കാരണവും അത്തരത്തിലുള്ള ഊതി വീർപ്പിച്ച് നുണകളായിരുന്നു എന്ന് ഓർക്കുമ്പോൾ ആ അമ്മയിലൂടെ പുറത്തുവന്ന വാചകത്തിന് പല മാനങ്ങളുണ്ടാകുന്നു. ജീവിതം വഴിമുട്ടിനിൽക്കുന്ന അവസരത്തിൽ പോലും ഒരു അവസരമന്വേഷിച്ചു ചെന്ന ബിസിനസ്സുകാരൻ മലയാളി തന്റെ മുമ്പിൽ വച്ച് സിഗററ്റ് കൊളുത്തിയപ്പോൾ അയാളെ ശാസിക്കുന്ന അമ്മക്കഥാപാത്രം ആ സിനിമയിലെ അതിശക്തമായ മുഹൂർത്തങ്ങളിലൊന്നാണ്. കാണികളിലേക്ക്, വിശേഷിച്ചും ന്യൂ ജനറേഷൻ അമ്മമാരിലേക്ക് അമ്മയുടെ സ്നേഹവും ആ സ്നേഹത്തിൽ നിന്നുണ്ടാവുന്ന ധൈര്യവും അത് കാട്ടിക്കൊടുക്കുന്നു.

 

നടന്ന കഥയാണെങ്കിലും അവസാനരംഗങ്ങൾ ചില ആംഗലേയ സിനിമകളിലെ ക്ലൈമാക്സ്‌ രംഗങ്ങളെ ഓർമ്മിപ്പിച്ചെങ്കിലും അത് കഥയ്ക്ക് അനുയോജ്യമായിരുന്നതിനാൽ ആ ഓർമ്മകളേക്കാൾ കഥാസന്ദർഭം മുൻപിൽ തന്നെ നിൽക്കുകയുണ്ടായി. ഉറച്ച തറയും മേൽക്കൂരയുമുള്ള വീട്ടിലെന്നപോലെ അച്ഛനമ്മമാരുടെ മൂത്ത പുത്രനായ ജെറിയുടെ  ഭാഗമാണ് നിവിൻ പോളി അതിൽ പകരുന്നത്. വളരെ തന്മയത്വത്തോടെയാണ് നിവിൻ തന്റെ ഭാഗം അതിൽ കാഴ്ച വച്ചിരിക്കുന്നത്. മൂത്ത പുത്രനെ കൂടാതെ ഒരു സഹോദരിയും രണ്ടു സഹോദരന്മാരും കൂടി ഉൾപ്പെടുന്നതാണ് ജേക്കബ്ബിന്റെ കുടുംബം. ശ്രീനാഥ് ഭാസിയാണ് രണ്ടാമത്തെ പുത്രനായി വേഷമിടുന്നത്. ജേക്കബ്ബായി വേഷമിട്ട് രൺജി പണിക്കരിലൂടെ സംവിധായകൻ ഉദ്ദേശിച്ച കഥാപാത്രത്തെ പൂർണ്ണമായും കാണികളിലേക്ക് പകരാൻ കഴിഞ്ഞു. അതുപോലെ ജേക്കബ്ബിന്റെ ഭാര്യയായി വേഷമിട്ട ലക്ഷ്മി രാമകൃഷ്ണനും തന്റെ കഥാപാത്രത്തിനെ അതേ കരുത്തിൽ അവതരിപ്പിക്കുകയുണ്ടായി.

 

ഏതാണ്ട് എല്ലാം തന്നെ ഗൾഫിൽ വച്ച് ചിത്രീകരിച്ച സിനിമയിൽ മലയാളത്തിന്റെ ശാലീനതയുടെ ആർദ്രതയും ഭംഗിയും  കൊണ്ടുവരാൻ ശ്രമിച്ച ഗാനരംഗം മോശമായില്ല എന്നേയുള്ളു. വിജയിച്ചോ എന്നു ചോദിച്ചാൽ അതിനുള്ള സാധ്യത വളരെയായിരുന്നു എന്നു തോന്നിപ്പോകും. എന്നാൽ അതൊരു അപാകതയായി അനുഭവപ്പെടുന്നില്ല.