Skip to main content

പെട്രോള്‍ വിലയില്‍ ലിറ്ററിന് 2.42 രൂപയും ഡീസലിന് ലിറ്ററിന് 2.25 രൂപയും വെള്ളിയാഴ്ച കുറച്ചു. അതേസമയം, പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ സര്‍ക്കാര്‍ ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിക്കുകയും ചെയ്തു. ഈ ധനകാര്യ വര്‍ഷത്തില്‍ നാലാം തവണയാണ് തീരുവ വര്‍ദ്ധിപ്പിക്കുന്നത്.

 

പെട്രോളിന് 44 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍. ഡീസലിന് 2013 എപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കും. ഡിസംബര്‍ 16-ന് രണ്ട് ഇന്ധനങ്ങള്‍ക്കും ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചിരുന്നു.   

 

ആഗോള എണ്ണവിലയിലെ വന്‍ ഇടിവിന്റെ പശ്ചാത്തലത്തിലാണ് പെട്രോള്‍-ഡീസല്‍ വില കുറച്ചിരിക്കുന്നത്. അസംസ്കൃത എണ്ണയുടെ വില ജനുവരി 14-ന് ആറുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ ബാരലിന് 45.83 ഡോളറില്‍ എത്തിയിരുന്നു. 2009 ഫെബ്രുവരിയിലേതിനു സമാനമായ നിരക്കാണിത്. 2014 ജൂണില്‍ ബാരലിന് 110 ഡോളര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വില അതിന്റെ പകുതിയിലും താഴെയായിരിക്കുകയാണ്. ജനുവരിയില്‍ ഇതുവരെ മാത്രം നാല് ശതമാനം ഇടിവാണ് എണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.

 

എന്നാല്‍, ഇതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് വലിയ തോതില്‍ കൈമാറാന്‍ എണ്ണക്കമ്പനികളും സര്‍ക്കാറും തയ്യാറായിട്ടില്ല. എക്സൈസ് തീരുവയില്‍ ഈ മാസം രണ്ടാമത്തെ വര്‍ധനയാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ജനുവരി ഒന്നിന് രാജ്യത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതിക്കായി എക്സൈസ് തീരുവയില്‍ ലിറ്ററിന് രണ്ട് രൂപ കൂട്ടിയിരുന്നു. ഡിസംബറില്‍ പെട്രോളിന് ലിറ്ററിന് 2.25 രൂപയും ഡീസലിന് ഒരു രൂപയും നവംബറില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 1.50 രൂപയും തീരുവ വര്‍ധിപ്പിച്ചിരുന്നു.

Tags