Skip to main content

 

മഹാത്മാഗാന്ധി ഇന്നും വിവാദങ്ങൾക്ക് പാത്രീഭവിക്കുന്നു. പലപ്പോഴും മഹാത്മാവ് എന്തായിരുന്നുവോ അതിനു വിരുദ്ധമായ അദ്ദേഹത്തിന്റെ മുഖം അവതരിപ്പിച്ചാണ് ഈ വിവാദങ്ങൾ തുടങ്ങിവയ്ക്കുന്നത്. വിവാദങ്ങൾ ജനിക്കുകയും വളരുകയും ചെയ്യുന്നത് അജ്ഞതയിൽ മാത്രമാണ്. അവിടെയാണ് ഞായറാഴ്ച അന്തരിച്ച റിച്ചാർഡ് ആറ്റൻബറോ എന്ന ബ്രിട്ടീഷ് സംവിധായകൻ എക്കാലവും പ്രസക്തനാകുന്നത്. ഓസ്കാര്‍ ജേതാക്കളായ ഒട്ടനവധി സിനിമാ സംവിധായകരുണ്ടായിട്ടുണ്ട്. അവരെല്ലാവരും തന്നെ ചലച്ചിത്ര സംവിധാന രംഗത്തെ സർഗ്ഗപ്രതിഭാ പ്രകടനത്താൽ മികവ് തെളിയച്ചവരും തെളിയിച്ച് കൊണ്ടുമിരിക്കുന്നവരാണ്. റിച്ചാർഡ് ആറ്റൻബറോ ഒരുപക്ഷേ, ലോകസിനിമാ ചരിത്രത്തിലെ തന്നെ ഒരത്ഭുതമായി മാറുകയായിരുന്നു ഗാന്ധി സിനിമ സംവിധാനം ചെയ്തതിലൂടെ. ആ സംരംഭത്തിലൂടെ ആറ്റൻബറോ ഒരു സംവിധായകൻ എന്ന നിലയിൽ ഉയരുന്നതിനൊപ്പം ഒരു ഉദാത്ത മനുഷ്യനായി കൂടി പരിണമിക്കുകയായിരുന്നു. ആ പരിണാമം ആ വ്യക്തിയിൽ സംഭവിച്ചതിന്റെ പൂർണ്ണതയാണ് ഗാന്ധി സിനിമയുടെ വിജയം. ആ സിനിമയുടെ തിരക്കഥ വ്യക്തമാക്കുന്ന ഒന്നുണ്ട്. ഗാന്ധിജി എങ്ങനെ മഹാത്മാവായി എന്നത് ആറ്റൻബറോ അറിഞ്ഞു. ഈ അറിവിന്റെ നഷ്ടമാണ് സ്വതന്ത്ര ഇന്ത്യ നേരിട്ടതും നേരിട്ടുകൊണ്ടിരിക്കുന്നതുമായ അസ്വാതന്ത്ര്യങ്ങളുടേയും, അസ്വസ്ഥതയുടെയും അസമത്വങ്ങളുടേയും കാരണം.

 

മഹാത്മാഗാന്ധിയെ മനസ്സിലാക്കുക എന്നാൽ ഭാരതസംസ്കാരം അറിയുക എന്നതു തന്നെ. അതിന്റെ ആത്മാവ് അറിയാതെ ഗാന്ധിജിയെ അറിയുക സാധ്യമല്ല. കാരണം ആ സംസ്കാരത്തിന്റെ ആത്മാവ് ഒരു പ്രിസത്തിലെന്ന പോലെ പ്രകാശിതമാവുകയായിരുന്നു മഹാത്മാഗാന്ധിയിലൂടെ. അതിന്റെ സൗന്ദര്യവും സർഗാത്മകതയും അറിയുന്നതിൽ ആറ്റൻബറോ വിജയിച്ചു. ലക്ഷക്കണക്കിനാണ് ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുള്ളത്. അവയ്ക്കൊന്നും നേടാൻ കഴിയാത്ത നേട്ടമാണ് മഹാത്മാവിനെ ഇന്ത്യയ്ക്കും ലോകത്തിനും പരിചയപ്പെടുത്തുന്നതിൽ ആറ്റൻബറോ നിർവഹിച്ച പങ്ക്. മരണഭയത്തിൽ നിന്നും കുറ്റബോധത്തിൽ നിന്നുമൊക്കെ മനുഷ്യന് എങ്ങനെ മുക്തി നേടാമെന്നത് വളരെ ചെറിയ മുഹൂർത്തങ്ങളിലൂടെയാണ് ചരിത്രസന്ദർഭങ്ങൾ യഥാതഥമായി കോർത്തിണക്കി സിനിമയെന്ന കലയിലൂടെ ആറ്റൻബറോ കാട്ടിത്തന്നത്. ഇന്ത്യാക്കാരല്ലാത്തവർക്കും ഗാന്ധിജിയെ അറിയാത്തവർക്കും സ്വയം കണ്ടെത്താനുള്ള ദൃശ്യാനുഭവമാക്കി ആ സിനിമയെ മാറ്റിയെന്നുള്ളതാണ് ചലച്ചിത്രമേന്മയുടെ അളവുകോലുകളിലൂടെ ഗാന്ധി സിനിമയെ ഓസ്കാര്‍ പുരസ്‌കാരത്തിന് അർഹമാക്കിയത്. ഒരു സംവിധായകൻ എങ്ങിനെ താൻ ചലച്ചിത്രമായി ആവിഷ്കരിക്കാൻ പോകുന്ന വിഷയത്തെ സമീപിക്കണമെന്ന് സമഗ്രാർഥത്തിലാണ് ആറ്റൻബറോ ആ സിനിമയിലൂടെ കാട്ടിത്തരുന്നത്. ഗാന്ധിജിയായി അഭിനയിച്ച ബെൻ കിംഗ്‌സലിയുടെ വിജയവും യഥാർഥത്തിൽ ആറ്റൻബറോയുടെ വിജയമാണ്. താൻ അറിഞ്ഞ മഹാത്മാഗാന്ധിയെ ബെൻ കിംഗ്‌സലിയിലേക്ക് അതേ തോതിൽ വിന്യസിപ്പിക്കുന്നതിലേക്ക് ആറ്റൻബറോ വിജയിച്ചു. ആ സിനിമയിൽ അഭിനയിച്ച ഓരോ വ്യക്തിയിലേക്കും അങ്ങിനെ ചെയ്യുന്നതിന് അദ്ദേഹത്തിന് കഴിയുകയുണ്ടായി. ആ സിനിമയിലെ അഭിനേതാക്കൾക്കുപോലും ആ സിനിമയുമായുള്ള ബന്ധം വ്യക്തിപരമായ പരിണാമത്തിന് ഇടവരുത്തുകയുണ്ടായി.

 

ഏതു വിവാദങ്ങൾ ഉണ്ടാവുമ്പോഴും അതിന്റെ അസ്വസ്ഥത അകറ്റാനുള്ള സ്വാസ്ഥ്യൗഷധമാണ് ആറ്റൻബറോയുടെ ഗാന്ധി. ഏതു വ്യക്തിക്കും എപ്പോഴും വിഷാദനിമിഷങ്ങളിലൂടെ കടന്നുപോവുകയാണെങ്കിൽ അതിൽ നിന്ന് പുറത്തുവരാനും ആ സിനിമ സഹായിക്കും. യുദ്ധരംഗത്ത് നിൽക്കുന്ന അർജുനനെ വിഷാദത്തിൽ നിന്നും കരകയറ്റിയ ശ്രീകൃഷ്ണൻ ഉപദേശിച്ചുകൊടുത്ത ഭഗവദ്ഗീത അഹിംസാവാദിയും അതിനെ രാഷ്ട്രീയത്തിൽ വിളക്കിച്ചേർത്ത് ഉഗ്രായുധവുമാക്കിയ മഹാത്മാവ് എന്തുകൊണ്ടാണ് ആ  ഗ്രന്ഥത്തെ എപ്പോഴും തന്റെ കക്ഷത്ത് കൊണ്ടുനടന്നിരുന്നതെന്നും അപ്രകടിതവും എന്നാൽ സൗന്ദര്യാത്മകവുമായ വിധം ആറ്റൻബറോ ആ സിനിമയിലൂടെ പ്രകടമാക്കുന്നുണ്ട്. ഭാരതത്തിന്റേത് പാശ്ചാത്യബുദ്ധി കൊണ്ടറിയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മതേതരത്വമല്ല, അഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള സ്വീകാര്യതയാണെന്ന് ഇന്ത്യാക്കാരെപ്പോലും മനസ്സിലാക്കിപ്പിക്കുന്നതിന് ബ്രിട്ടീഷുകാരനായ ആറ്റൻബറോയ്ക്ക് കഴിഞ്ഞു എന്നതാണ് ചരിത്രത്തിൽ ആറ്റൻബറോയ്ക്ക് സ്ഥാനം നേടിക്കൊടുക്കുന്ന മറ്റൊരു വസ്തുത.

Ad Image