ബാര്‍ ലൈസന്‍സ് വിവാദത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് സൃഷ്ടിക്കുന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. നിലവാരമില്ലെന്ന കാരണത്താല്‍ ഏപ്രില്‍ ഒന്ന്‍ മുതല്‍ സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കാതെ അടച്ചുപൂട്ടിയ 418 ബാറുകളില്‍ വീണ്ടും നിലവാര പരിശോധന നടത്തണമെന്ന് ഹൈക്കോടതി. എക്സൈസ് കമ്മീഷണറും നികുതിവകുപ്പ് സെക്രട്ടറിയും ഉള്‍പ്പെട്ട സമിതി പരിശോധന നടത്തി ആഗസ്ത് 26-നകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് കോടതി പറഞ്ഞു. 2006-നുശേഷം ബാറുകളില്‍ നിലവാര പരിശോധന നടത്തിയിട്ടില്ലെന്നും ഇത് അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ വീണ്ടും പരിശോധന നടത്തുന്നതല്ലേ ഉചിതമെന്ന്‍ സര്‍ക്കാരിനോട് ചോദിക്കുകയായിരുന്നു. തുടര്‍ന്ന്‍ അടച്ചുപൂട്ടിയ ബാറുകള്‍ പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ.പി ദപണ്ഡപാണി കോടതിയെ അറിയിച്ചു.
ബാര്‍ ലൈസന്‍സ് സംബന്ധിച്ച സിംഗിള് ബഞ്ച് വിധിക്കെതിരെ ഒരു സംഘം ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദ്ദേശം. മദ്യം വില്‍ക്കുന്നതിന് ബാര്‍ ഹോട്ടലുകള്‍ക്ക് തരംതിരിവ് എന്തിനാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ആരാഞ്ഞിരുന്നു.