Skip to main content
കൊച്ചി

quarry

 

പാരിസ്ഥിതിക അനുമതി ഇല്ലാത്ത പാറമടകള്‍ പൂട്ടണമെന്ന സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ. ഖനന ഭൂവിജ്ഞാനീയ ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ബുധനാഴ്ച സ്റ്റേ ചെയ്തത്. ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവനുസരിച്ചായിരുന്നു ഡയറക്ടറുടെ നടപടി.

 

അഞ്ച് പാറമട ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി സ്റ്റേ നല്‍കിയത്. ഹരിത ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ആദ്യ ഉത്തരവില്‍ മണല്‍ ഖനനത്തെയാണ് പരാമര്‍ശിച്ചിരുന്നതെന്നും പിന്നീട് ഖനനം എന്ന് മാത്രം പരാമര്‍ശിക്കുകയായിരുന്നു എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ട്രിബ്യൂണല്‍ ഉത്തരവ് മണല്‍ ഖനനത്തിനാണ്, പാറമടകള്‍ക്ക് അല്ല എന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ചാണ് കോടതി താല്‍ക്കാലിക സ്റ്റേ നല്‍കിയത്.

 

അതേസമയം ഈ  ഉത്തരവ് നടപ്പാക്കാന്‍ ഒരു വര്‍ഷം സാവകാശം നല്‍കണമെന്ന്ആവശ്യപ്പെട്ട് കേരളം ഹരിത ട്രിബ്യൂണല്‍ മുമ്പാകെ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. വിശദമായ വാദം കേള്‍ക്കുന്നതിനായി ട്രിബ്യൂണല്‍ ഇത് നാളെ പരിഗണിക്കും. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് കേരളം സാവകാശം ചോദിച്ചിരിക്കുന്നത്. ജൂലൈ എട്ടിന് ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് ബാധകമായ ഏകദേശം 2,400 പാറമടകള്‍ അടച്ചുപൂട്ടിയാല്‍ സംസ്ഥാനത്തെ നിര്‍മ്മാണ മേഖല സ്തംഭിക്കുമെന്നാണ് കേരളം ബോധിപ്പിച്ചത്.

 

അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഖനനത്തിന് പാരിസ്ഥിതിക അനുമതി വേണമെന്ന 2012-ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ആഗസ്തില്‍ ഹരിത ട്രൈബ്യൂണല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് സംസ്ഥാനം പാലിക്കുന്നില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ട്രിബ്യൂണലിന്റെ ഉത്തരവ്.