Skip to main content
കൊച്ചി

mukkon orphanage

 

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‍ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഉപയോഗിച്ചിരിക്കുന്ന രേഖകള്‍ വ്യാജമാണെന്ന് ക്രൈം ബ്രാഞ്ച്. എന്നാല്‍, കുട്ടികളെ ബാലവേലയ്‌ക്കോ ലൈംഗിക ചൂഷണത്തിനോ കൊണ്ടുവന്നതായി തെളിവില്ലെന്ന് വ്യാഴാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് പറഞ്ഞു. കുട്ടികളെ ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിനായി അനധികൃതമായി കടത്തിക്കൊണ്ട് വരുന്നതാണ് മനുഷ്യക്കടത്ത് കുറ്റത്തിന്റെ പരിധിയില്‍ വരിക.

 

മുക്കം അനാഥാലയത്തിന്റെ സ്കൂളുകളില്‍ ഡിവിഷന്‍ വീഴ്ച ഒഴിവാക്കാനാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. വിദേശത്ത് നിന്ന്‍ ധനസഹായം ലഭ്യമാക്കുകയും സ്ഥാപനത്തിന്റെ ലക്ഷ്യമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാ ര്‍ഗ്രാന്റ് വാങ്ങിയതില്‍ അനാഥാലയം ക്രമക്കേട് നടത്തിയെന്നും വിദേശ സഹായത്തിന്റെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

അതേസമയം, സംഭവത്തില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ രേഖാമൂലം അറിയിച്ചു. സന്നദ്ധത രേഖാമൂലം അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത് പ്രകാരമാണ് നടപടി. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ അന്വേഷണത്തിന് മാത്രമായി 2012 ഫെബ്രുവരി 28 മുതല്‍ ഏജന്‍സിയില്‍ ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സി.ബി.ഐ അറിയിച്ചു.

 

എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നും സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഒന്നിലേറെ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ സി.ബി.ഐ അന്വേഷണമാണ് അഭികാമ്യമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തില്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും അഭിപ്രായപ്പെട്ടിരുന്നു. ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കേസ് ഒരാഴ്ചക്കുശേഷം പരിഗണിക്കാന്‍ മാറ്റി.

 

ആവശ്യമായ രേഖകള്‍ ഇല്ലാതെ ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന്‍ രണ്ട് സംഘമായി കൊണ്ടുവന്ന അറുനൂറോളം കുട്ടികളെ മേയ് 24, 25 തിയതികളില്‍ റെയില്‍വേ പോലീസ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മോചിപ്പിച്ച സംഭവത്തില്‍ സന്നദ്ധ സംഘടനകളായ തമ്പ്, ഓള്‍ കേരള ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.