എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മൂന്നാറില്‍ ദൗത്യസംഘം ഏറ്റെടുത്ത ഭൂമിയും റിസോര്‍ട്ടുകളും തിരിച്ചുനല്‍കാനും നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവ്. സംഘം നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്. ഒഴിപ്പിക്കല്‍ നടപടിയില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടിയെന്നും കോടതി പറഞ്ഞു.
മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിയെ ചോദ്യംചെയ്ത് ക്ലൗഡ് നയണ്‍, അബാദ്, മൂന്നാര്‍ വുഡ്സ് എന്നീ റിസോര്‍ട്ടുകള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. അബാദ്, മൂന്നാര്‍ വുഡ്സ് എന്നീ റിസോര്‍ട്ടുകള്‍ ഏറ്റെടുത്ത നടപടി റദ്ദാക്കിയ കോടതി ക്ലൌഡ് നയന്‍ റിസോര്‍ട്ട് പൊളിച്ചതിന് 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു.
മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം അപ്പീല്‍ നല്‍കുന്നതടക്കമുള്ള തുടർ നടപടികൾ തീരുമാനിക്കുമെന്ന് റവന്യൂ മന്ത്രി അടൂർ പ്രകാശ് പറഞ്ഞു. എന്നാല്‍, റിസോര്‍ട്ട് ഉടമകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചതിന്റെ ഫലമാണ് ഹൈക്കോടതിയുടെ വിധിയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
മൂന്നാറില്‍ വ്യാജപട്ടയം ഉപയോഗിച്ച് കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ കെ. സുരേഷ് കുമാര്‍, രാജു നാരായണ സ്വാമി, ഋഷിരാജ് സിങ്ങ് എന്നീ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ചതാണ് മൂന്നാര്‍ ദൗത്യസംഘം. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ സംഘത്തിന്റെ പ്രവര്‍ത്തനം 26 ദിവസത്തിന് ശേഷം നിര്‍ത്തിവെക്കുകയായിരുന്നു.