മഹാത്മാ ഗാന്ധിയുടെ മരണത്തിനു ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതുള്‍പ്പടെ നിരവധി പ്രധാനപ്പെട്ട ഫയലുകള്‍ ആഭ്യന്തര മന്ത്രാലയം നശിപ്പിച്ചെന്ന ആരോപണത്തില്‍ രാജ്യസഭയില്‍ ബഹളം. ഒന്നരലക്ഷം ചരിത്ര പ്രാധാന്യമുള്ള ഫയലുകളാണ് ആഭ്യന്തര മന്ത്രാലയം നശിപ്പിച്ചെന്നും ഇത് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും ഗാന്ധിവധത്തില്‍ ഹിന്ദുത്വ ശക്തികളുടെ പങ്കിനെ പറ്റിയുള്ള തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കമാണിതെന്നും പി. രാജീവ് പറഞ്ഞു. ചരിത്രം നശിപ്പിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ശൂന്യവേളയില്‍ പഴയ പത്ര വാര്‍ത്തകള്‍ ഉദ്ധരിച്ച് സി.പി.ഐ.എമ്മിന്റെ പി. രാജീവാണ് ആരോപിച്ചത്.
രാജിവിന്റെ ആരോപണങ്ങളെ ജെ.ഡി.യു തൃണമൂല്‍ എം.പി മാര്‍ പിന്താങ്ങി. എന്നാല്‍ ആരോപണം തെറ്റാണെന്നാണ് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് സഭയില്‍ പറഞ്ഞു. രാജീവ് ഉന്നയിച്ച വിഷയത്തെ പിന്തുണച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ജനതാദള്‍-യു തുടങ്ങിയ കക്ഷികളിലെ എം.പിമാര്‍ എഴുന്നേറ്റ് പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ടു. വിഷയം പ്രതിപക്ഷം ഒന്നടങ്കം ഏറ്റെടുത്ത് മോദി മറുപടി പറയണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നതോടെയാണ് രാജ്യസഭ സ്തംഭിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ വ്യാഴാഴ്ചത്തേക്ക് സഭ പിരിയുകയാണെന്ന് ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ അറിയിച്ചു.
മോദിയോ സഭാനേതാവായ അരുണ്‍ ജെയ്റ്റ്ലിയോ ഈ സമയം രാജ്യസഭയിലുണ്ടായിരുന്നില്ല. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍, ഊര്‍ജമന്ത്രി പിയൂഷ് ഗോയല്‍ എന്നിവരായിരുന്ന സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത് സഭയിലുണ്ടായിരുന്നത്.