Skip to main content
ന്യൂഡല്‍ഹി

 

മോദി സര്‍ക്കാരിന്റെ ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യദിനം തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നടപടികള്‍ നിര്‍ത്തിവെച്ചു. ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിലക്കയറ്റ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ സുമിത്ര മഹാജന്‍ നിരസിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിപക്ഷം ബഹളത്തെ തുടര്‍ന്നാണ് സഭനടപടികള്‍ നിര്‍ത്തിവെച്ചത്. ആദ്യം 12 മണിവരെയും പിന്നീട് രണ്ട് മണിവരെയും നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. അതേസമയം രാജ്യസഭയില്‍ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്.

 

അതെസമയം നാളെ റെയില്‍വേ ബജറ്റും വ്യാഴാഴ്ച പൊതു ബജറ്റും സഭയില്‍ അവതരിപ്പിക്കും. ജനക്ഷേമബജറ്റ് ലക്ഷ്യം വയ്ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ഉയര്‍ന്ന പണപ്പെരുപ്പവും വളര്‍ച്ചാനിരക്കും വെല്ലുവിളിയാകും. എന്‍.ഡി.എ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ പ്രതിഫലിക്കുന്ന ബജറ്റില്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനുള്ള കടുത്ത പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. യാത്രാക്കൂലി കുത്തനെ വര്‍ധിപ്പിച്ചതിനാല്‍ റയില്‍ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്. ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.