Skip to main content
സൂരജ്കുണ്ട്

modi at bjp campജനങ്ങള്‍ക്കിടയില്‍ സര്‍ക്കാറിന്റെ നല്ല പ്രതിച്ഛായ നിലനിര്‍ത്തണമെന്ന് ബി.ജെ.പി എം.പിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലിമെന്റിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ബി.ജെ.പി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലിമെന്റിനകത്തും പുറത്തും നല്ല പെരുമാറ്റം ഉറപ്പ് വരുത്തണമെന്നും സര്‍ക്കാറിനെ കുറ്റപ്പെടുത്താന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കരുതെന്നും പാര്‍ട്ടി എം.പിമാരോട് മോദി ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

 

പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള മനോഭാവം മാറ്റണമെന്നും നിങ്ങള്‍ ഇപ്പോള്‍ സര്‍ക്കാറിന്റെ പ്രതിനിധികളാണെന്ന് ഓര്‍ക്കണമെന്നും മോദി എം.പിമാരോട് ആവശ്യപ്പെട്ടു. അഴിമതി, കുടുംബവാഴ്ച എന്നിവയില്‍ നിന്ന്‍ അകന്നുനില്‍ക്കാനും മോദി നിര്‍ദ്ദേശിച്ചു. മണ്ഡലങ്ങളുടെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനും അടുത്ത ആറുമാസത്തേക്ക് ഒരു പ്രവര്‍ത്തനരേഖ എല്ലാ എം.പിമാരും തയ്യാറാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

 

ഹരിയാനയിലെ സൂരജ്കുണ്ടില്‍ ശനി, ഞായര്‍ ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ബി.ജെ.പി അദ്ധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിങ്ങ്, മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, മറ്റ് ഉന്നത നേതാക്കള്‍ എന്നിവര്‍ സംസാരിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 180 ബി.ജെ.പി എം.പിമാരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഇതില്‍ 162 പേര്‍ ലോകസഭയിലേയും 18 പേര്‍ രാജ്യസഭയിലേയും അംഗങ്ങളാണ്.