2014 ജൂൺ 8 രാത്രി എട്ടുമണിക്കുള്ള ഏഷ്യാനെറ്റ് വാർത്ത. അതിൽ ഒരു പ്രധാന വാർത്തയായിരുന്നു വൃത്തിഹീനമായ സാഹചര്യങ്ങളിലും പ്രാകൃതമായ രീതിയിലും മാടുകളെ കൊല്ലുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട്. റിപ്പോർട്ടിന്റെ ആധികാരികത വർധിപ്പിക്കുന്നതിനായി മൃഗഡോക്ടർമാരുടെ അഭിമുഖങ്ങളും ചേർത്തിരുന്നു. രോഗം വന്ന മാടുകളുടെ ഇറച്ചി കഴിക്കുന്നതിലൂടെയും മലിനമായ സ്ഥലത്ത് പരസ്യമായി ഇറച്ചി കെട്ടിത്തൂക്കുന്നതുമൂലവും വൻ രോഗങ്ങൾ വരുന്നതിനുള്ള സാദ്ധ്യത അവർ വിവരിച്ചു. കാലുകൾ രണ്ടും കൂട്ടിക്കെട്ടി തറയിൽ വലിച്ചിട്ടിട്ട് വലിയ മറയൊന്നുമില്ലാതെ കഴുത്തറുത്താണ് കൊല്ലുന്നതെന്ന് വിവരിച്ചപ്പോൾ ആ ദൃശ്യങ്ങളും കാണിച്ചു. കറുത്ത മാടിന്റെ കഴുത്തറുത്തപ്പോൾ ചീറ്റി ഒഴുകിയ ചോര കണ്ട് അന്നത്തെ വാർത്ത കണ്ട പലരും അസ്വസ്ഥരായി. ചില കുട്ടികൾ രാത്രി ഭക്ഷണം കഴിക്കാൻ മടിച്ചു. ചിലർ ടെലിവിഷന്റെ മുന്നിൽ നിന്ന് പേടിച്ചെന്നവണ്ണം എഴുന്നേറ്റോടിപ്പോയി.
വൃത്തിഹീനമായ സ്ഥലങ്ങളിൽ നിന്ന് ഇറച്ചിയിൽ പ്രവേശിക്കുന്ന ബാക്ടീരിയകൾ സൃഷ്ടിക്കുന്ന രോഗങ്ങളെക്കുറിച്ചായിരുന്നു റിപ്പോർട്ടിൽ സംസാരിച്ച ഡോക്ടർമാർ അഭിപ്രായപ്പെട്ടത്. ഇന്നത്തെ സാഹചര്യത്തിൽ ഇത്തരത്തിൽ ഉണ്ടാവുന്ന രോഗങ്ങളെ ഒരു പരിധി വരെ ചെറുത്തുനിൽക്കാനുള്ള കെൽപ്പ് കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നുള്ളതാണ് ഇതുവരെ മദ്യദുരന്തം പോലെ ഇറച്ചിദുരന്തമൊന്നും വൻ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടാത്തത്. അഥവാ എന്തെങ്കിലും രോഗം ഉണ്ടാവുകയാണെങ്കിൽ അത് ചികിത്സിച്ചു മാറ്റാവുന്ന അവസ്ഥയും ഇന്നുണ്ട്. എന്നാല് ഏഷ്യാനെറ്റ് കാണിച്ച ആ ദൃശ്യം കണ്ടവരിൽ കടന്നുകൂടിയ അതിവിനാശകരമായ ദൃശ്യബാക്ടീരിയ ഈ ജീവിതത്തിൽ അവരിൽ നിന്നും ഒരു കാരണവശാലും പോകില്ല. എഴുപതു വയസ്സുമുതൽ ഏഴു വയസ്സുവരെ പ്രായമുള്ള പത്തോളം പേരുമായി ഇതുമായി സംസാരിച്ചു. അതു കേൾക്കുന്ന മാത്രയിൽ അരുതാത്തത് കണ്ടതിന്റെ ഭീകരത അവരില് എല്ലാവരുടേയും മുഖത്ത് തെളിഞ്ഞു. ഇവരെല്ലാവരും ഇറച്ചി കഴിക്കുന്നവരുമാണ്. മൃഗങ്ങളെ കൊന്നിട്ടു തന്നെയാണ് ഇറച്ചി ഉണ്ടാവുന്നത് എന്നറിയാവുന്നവരും. ഇവരുടെ ജീവിതത്തിൽ എല്ലാവരും ആദ്യമായാണ് ഒരു മാടിനെ അറക്കുന്ന ദൃശ്യം കാണുന്നത്. ഇറച്ചി തിന്നുന്നവരോട് അന്വേഷിച്ചാലറിയാം എത്രപേർ മാടിനെ കൊല്ലുന്ന ദൃശ്യം കണ്ടിട്ടുണ്ടെന്ന്. അവരിലോരോരുത്തരിലും എന്തെല്ലാം വിധമായിരിക്കും ഈ ദൃശ്യം പ്രവർത്തിക്കുക എന്ന് എണ്ണിപ്പറയാൻ പറ്റില്ല. എന്നാൽ എണ്ണാൻ കഴിയാത്തത്ര പ്രത്യാഘാതങ്ങൾ അത് അവരുടെ ജീവിതാവസാനം വരെ ഉണ്ടാകുമെന്ന് ഉറപ്പ് പറായാം. ആ ദൃശ്യബാക്ടീരിയകളെ ഇല്ലായ്മ ചെയ്യാൻ ഒരു ആന്റിബയോട്ടിക്കിനും സാദ്ധ്യമാവില്ല. ആ വ്യക്തിയുടെ മരണത്തോടുകൂടി മാത്രമേ ആ ദൃശ്യബാക്ടീരിയ അയാളിൽ നിന്ന് പോവുകയുള്ളു.
എത്ര വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇറച്ചിവെട്ടുകാർ മാടുകളെ കൊല്ലുന്നതെങ്കിലും അവർ പൊതുജനം കാൺകെ മാടുകളെ കൊല്ലാറില്ല. അതുകൊണ്ടാണ് ആ ദൃശ്യം കണ്ടവരുടെ എണ്ണം നന്നേ കുറവ്. കേരളത്തിൽ കൊല്ലപ്പെടുന്ന മാടുകളുടെ എണ്ണവും അതിന്റെ ദൃശ്യം കണ്ടവരുടെ എണ്ണവും വച്ചുനോക്കിയാൽ വ്യക്തമാകുന്നത് വളരെ ഗോപ്യമായ രീതിയിലാണ് ഇവ കൊല ചെയ്യപ്പെടുന്നതെന്നാണ്. കൊല്ലുന്നത് കാണാനായി ആരെങ്കിലും ചെന്നുനോക്കിയാൽ ഒരു പക്ഷേ അവർ അവഗണിച്ചെന്നിരിക്കും. ചില വെട്ടുകാർ പുറമേ ആരെങ്കിലും കാണെ വെട്ടാനും മടിക്കുന്നവരാണ്. പൊതുജനം മാടിനെ കൊല്ലുന്നത് കാണരുതെന്ന് ഇറച്ചിവെട്ടുകാർ കാണിക്കുന്ന മര്യാദ പോലും ഏഷ്യാനെറ്റ് ന്യൂസ് കേരത്തിലെ പ്രേക്ഷകരോട് കാണിച്ചില്ല. ഈ ദൃശ്യം ടെലിവിഷനിൽ കാണിക്കാവുന്നതാണോ അല്ലയോ എന്നു നിശ്ചയിക്കാൻ വലിയ എഡിറ്ററുടെ ആവശ്യമില്ല. മാടിനെ അവ്വിധം കൊല്ലുന്ന ഒരു ഇറച്ചിവെട്ടുകാരനോട് ഈ ദൃശ്യം ടിവിയിൽ കാണിക്കാവുന്നതാണോ എന്നു ചോദിച്ചാൽ അയാൾ നിസ്സംശയം പറയും, അതു പാടില്ല എന്ന്. ആ ദൃശ്യങ്ങൾ കാണിച്ചതിന്റെ ന്യായീകരണം എന്നോണമാണ് ഇത്രയൊക്കെയായിട്ടും അധികൃതർ ഇതൊന്നും കണ്ട ലക്ഷണം പോലും നടിക്കുന്നില്ലെന്ന് ദേഷ്യത്തോടെ റിപ്പോർട്ടർ പ്രവീണ റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.
ഈ ദൃശ്യം കാണിച്ചത് ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചുപോലും ബന്ധപ്പെട്ട വകുപ്പുകൾ ഇട്ട് ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ കേസ്സെടുക്കാവുന്നതാണ്. ഇത്തരം റിപ്പോർട്ടിംഗാണ് കർശന നിയന്ത്രണം മാദ്ധ്യമങ്ങൾക്കു വേണമെന്ന ആവശ്യത്തിലേക്ക് പൊതുസമൂഹത്തെ എത്തിക്കുക. അപ്പോൾ ജനാധിപത്യത്തിന്റെ പേരിൽ ബഹളം കൂട്ടിയിട്ട് കാര്യമില്ല. ചുരുങ്ങിയ പക്ഷം ഇത്തരം ദൃശ്യങ്ങൾ കാണിക്കാൻ തീരുമാനിക്കുന്നതിനുമുൻപ് ബന്ധപ്പെട്ടവർ ഒരു നിമിഷം ആലോചിക്കാവുന്ന ഒന്നുണ്ട്. മാടിനെ കൊല്ലുന്ന ഒരു ഇറച്ചിവെട്ടുകാരനാണ് തീരുമാനമെടുക്കുന്ന സ്ഥാനത്തെങ്കിൽ ഇത് കാണിക്കാൻ നിശ്ചയിക്കുമോ ഇല്ലയോ എന്ന്. ഇറച്ചിവെട്ടുകാർ ഇതുവരെ പുലർത്തിയ മാദ്ധ്യമ ധർമ്മത്തിന്റെ ഫലമാണ് ഇറച്ചി കഴിക്കുന്നവരിൽ ഭൂരിഭാഗം പേരും ഇതുവരെ ആ ദൃശ്യങ്ങൾ കാണാതിരുന്നത്.