തെക്കന്‍ കശ്മീരിലെ ഷോപിയാനിലെ ഒരു വസതിയില്‍ അഭയം തേടിയ മൂന്ന് അക്രമികളെ വെള്ളിയാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ആക്രമണത്തിലൂടെ സൈനികര്‍ കൊലപ്പെടുത്തി. ഒരു മേജര്‍ ഉള്‍പ്പെടെ രണ്ട് സൈനികരും ആക്രമണത്തിനിടെ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ഷോപിയാനിലെ കരേവ മലിനോ ഗ്രാമത്തില്‍ നടന്ന ഭീകരാക്രമണത്തിലാണ് മേജര്‍ മുകുന്ദ് വരദരാജനും ഒരു ജവാനും കൊല്ലപ്പെട്ടത്. രണ്ട് ഭീകരര്‍ വെള്ളിയാഴ്ച തന്നെ കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പില്‍ ഭീകരര്‍ തങ്ങിയിരുന്ന വസതി പൂര്‍ണ്ണമായും തകര്‍ന്നു.
ശനിയാഴ്ച കാലത്ത് 9.15-നാണ് വെടിവെപ്പ് നിലച്ചതെന്ന് പോലീസ് അറിയിച്ചു. പുലര്‍ച്ചെ അക്രമി സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തതോടെ തുടങ്ങിയ പരസ്പരമുള്ള വെടിവെപ്പ് മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നതായി പോലീസ് കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ ഷോപിയന്‍ ജില്ലയിലും മറ്റ് രണ്ട് പേര് സമീപ ജില്ലയായ പുല്‍വാമയിലും താമസിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണെന്നും പോലീസ് പറയുന്നു.
ശ്രീനഗറില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയുള്ള കരേവ മലിനോ ഗ്രാമത്തില്‍ തമ്പടിച്ച ഭീകരരെ കുറിച്ചുള്ള ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ചയാണ് സൈന്യം ആക്രമണം തുടങ്ങിയത്. കീഴടങ്ങാനുള്ള നിര്‍ദ്ദേശം ലംഘിച്ച് ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് വെള്ളിയാഴ്ച മേജര്‍ മുകുന്ദ് വരദരാജനും ഒരു ജവാനും കൊല്ലപ്പെട്ടത്.