രാജ്യങ്ങളുടെ ചാരസംഘടനകളുടെ കണ്ണില്‍ നിന്ന്‍ സംരക്ഷണം നല്‍കുന്നതിനുള്ള ശ്രമവുമായി ഒരു ഇമെയില്‍ സേവനത്തിന് തുടക്കം. എന്ക്രിപ്റ്റഡ് മെസേജിംഗ് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിലൂടെ ഇന്റര്‍നെറ്റ് നിരീക്ഷണത്തിന് തടയിടാന്‍ കഴിയുമെന്ന വാഗ്ദാനവുമായാണ് ജര്‍മ്മനിയില്‍ നിന്നുള്ള ലാവാബൂം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍.എസ്.എയുടെ നിരീക്ഷണ രീതികള്‍ വെളിച്ചത്ത് കൊണ്ടുവന്ന എഡ്വേര്‍ഡ് സ്നോഡന്‍ ഉപയോഗിച്ചതായി കരുതപ്പെടുന്ന ലാവാബിറ്റ് എന്ന എന്ക്രിപ്റ്റഡ് ഇമെയില്‍ സേവനത്തില്‍ നിന്ന്‍ പ്രചോദനമുള്‍ക്കൊണ്ടാണ് ലാവാബൂമിന്റെ വരവ്. യു.എസ് സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്ന്‍ ലാവാബിറ്റ് കഴിഞ്ഞ ആഗസ്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.
സീറോ-നോളജ് പ്രൈവസി എന്ന സംവിധാനമാണ് സ്വകാര്യത ഉറപ്പ് വരുത്താന്‍ ലാവാബൂം ആവിഷ്കരിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ജാവാസ്ക്രിപ്റ്റ് കോഡ് ഉപയോഗിച്ച് തങ്ങളുടെ ബ്രൌസറില്‍ തന്നെ സന്ദേശങ്ങള്‍ എളുപ്പത്തില്‍ എന്ക്രിപ്റ്റ് ചെയ്യാനും ഡീക്രിപ്റ്റ് ചെയ്യാനും അനുവദിക്കുന്നതാണ് ഈ സംവിധാനം. സര്‍ക്കാര്‍ ഏജന്‍സികളും മറ്റും വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാന്‍ ഇതിലൂടെ കഴിയുമെന്ന് ലാവാബൂം പറയുന്നു.
ഒരു പബ്ലിക് കീയും ഒരു പ്രൈവറ്റ് കീയും ഉള്‍പ്പെടുന്ന ജോഡിയാണ് ലാവാബൂം ഉപയോക്താക്കള്‍ക്ക് നല്‍കുക. ഒരാളുടെ പബ്ലിക് കീ ഉപയോഗിച്ച് അയാള്‍ക്ക് അയക്കുന്ന സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് എന്ക്രിപ്റ്റ് ചെയ്യാം. ഉപയോക്താവിന് മാത്രമറിയാകുന്ന പ്രൈവറ്റ് കീ ഉപയോഗിച്ച് ഈ സന്ദേശം ഡീക്രിപ്റ്റ് ചെയ്ത് വായിക്കാം.
തങ്ങളുടെ ബ്രൌസറിന് പകരം ഉപയോക്താക്കളുടെ ബ്രൌസറില്‍ തന്നെ ഈ രണ്ട് കീകളും സൂക്ഷിക്കുന്നതും സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ള മറ്റൊരു നടപടിയാണ്. ഉപയോക്താവ് എന്ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളുടെ വാഹകരായി മാത്രമാണ് ലാവബൂം പ്രവര്‍ത്തിക്കുക. എന്ക്രിപ്ഷന്‍ കീയോ സന്ദേശത്തിലെ ഉള്ളടക്കമോ ലാവാബൂമിന് അറിയാന്‍ കഴിയില്ല. തന്മൂലം, എന്ക്രിപ്റ്റ് ചെയ്യാത്ത സന്ദേശങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാറുകള്‍ നിയമപരമായി ആവശ്യപ്പെട്ടാലും നല്‍കാന്‍ ഈ സംവിധാനത്തില്‍ ലാവാബൂമിന് സാധിക്കില്ല.
എന്നാല്‍, ജാവാസ്ക്രിപ്റ്റ് കോഡും പ്രൈവറ്റ് കീയും ഉപയോക്താവിന്റെ ബ്രൌസറിന്റെ കാഷ് മെമ്മറിയില്‍ സൂക്ഷിക്കുന്നത് ചില പരിമിതികളും സൃഷ്ടിച്ചേക്കാം. കീ സേവ് ചെയ്തിരിക്കുന്ന ബ്രൌസറില്‍ നിന്ന്‍ മാത്രമേ അക്കൌണ്ട് ഉപയോഗിക്കാന്‍ കഴിയൂ എന്നതാണ് ഇതില്‍ പ്രധാനം. കാഷ് ക്ലിയര്‍ ചെയ്യുന്നതും ഒഴിവാക്കേണ്ടി വരും. ലാവാബൂം കീ സൂക്ഷിക്കാത്തതിനാല്‍ കാഷ് ക്ലിയര്‍ ചെയ്ത് പ്രൈവറ്റ് കീ നഷ്ടമായാല്‍ പാസ്വേഡ് റിക്കവറിയൊന്നും സാധ്യമായെന്ന് വരില്ല.
ഇപ്പോള്‍ ബീറ്റാ സ്റ്റേജിലാണ് ലാവാബൂമിന്റെ പ്രവര്‍ത്തനം. 250 എം.ബി സേവനം (ഏകദേശം 1000 സന്ദേശങ്ങള്‍) വരെ സംഭരണ ശേഷിയുള്ള സൗജന്യ അക്കൌണ്ടുകള്‍ നല്‍കാനാണ് ലാവാബൂമിന്റെ പദ്ധതി. മാസം 11 ഡോളര്‍ നിരക്കില്‍ ഒരു ജി.ബി വരെ ഉപയോഗിക്കാവുന്ന പ്രീമിയം അക്കൌണ്ടുകളും നല്‍കും. രണ്ടാഴ്ചയ്ക്കുള്ളില്‍ അക്കൌണ്ടുകള്‍ നല്‍കിത്തുടങ്ങുമെന്നാണ് ലാവാബൂം അറിയിക്കുന്നത്.
ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായി യു.എസിലേയും വിദേശത്തേയും സാധാരണക്കാരുടേയും ഭരണാധികാരികളുടേയും ഇന്റര്‍നെറ്റ് വിവരങ്ങള്‍ എന്‍.എസ്.എ വ്യാപകമായി ചോര്‍ത്തിക്കൊണ്ടിരിക്കുന്നതായ സ്നോഡന്റെ വെളിപ്പെടുത്തല്‍ ലോകമെങ്ങും പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ഇത്തരം വിവരചോരണം തടയുക എന്നതാണ് ലാവാബൂം ലക്ഷ്യമിടുന്നത്.
എന്ക്രിപ്റ്റ് ചെയ്യാത്ത സന്ദേശങ്ങളാണ് എന്‍.എസ്.എയുടെ ചാരക്കണ്ണികളില്‍ കൂടുതലും പെടുന്നതെന്ന് ലാവാബൂമിന്റെ സ്ഥാപകന്‍ ഫെലിസ് മുള്ളര്‍-ഇരിയോണ്‍ ചൂണ്ടിക്കാട്ടുന്നു. ഒരേ മുറിയില്‍ ഒരിക്കുന്ന ഒരാള്‍ക്ക് അയക്കുന്ന മെയില്‍ ഒരുപക്ഷെ റഷ്യ, ചൈന, യു.എസ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിലൂടെ കടന്നുപോയിട്ടായിരിക്കും അയാള്‍ക്ക് ലഭിക്കുക. എന്ക്രിപ്റ്റ് ചെയ്യാതെയാണ് സന്ദേശം അയക്കുന്നതെങ്കില്‍ സ്വകാര്യമെന്ന് നിങ്ങള്‍ കരുതുന്ന സന്ദേശം എന്‍.എസ്.എയുടെ സ്ക്രീനുകളില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ഫെലിസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഡീക്രിപ്റ്റ് ചെയ്തതിന് ശേഷം ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ ചോര്‍ത്തുന്നതിനും രഹാസ്യാന്വേഷണ ഏജന്‍സികള്‍ക്ക് മാര്‍ഗ്ഗങ്ങളുണ്ട്. ഇതില്‍ നിന്ന്‍ എത്രത്തോളം സംരക്ഷണം നല്‍കാന്‍ ലാവാബൂമിന് കഴിയുമെന്ന കാര്യത്തില്‍ ഇന്റര്‍നെറ്റ് സുരക്ഷാ വിദഗ്ദ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.