യു.ഡി.എഫിന്റെ ഭാഗമായ മന്ത്രി ഷിബു ബേബിജോണ്‍ നേതൃത്വം നല്കുന്ന ആര്.എസ്.പി-ബിയും എ.എ അസീസ് എം.എല്‍.എ സംസ്ഥാന സെക്രട്ടറിയായ ആര്.എസ്.പി ഔദ്യോഗിക വിഭാഗവും തമ്മില്‍ ലയിക്കാന്‍ തീരുമാനമായി. ഇരുവിഭാഗം ആര്.എസ്.പികളുടെയും ലയന സമ്മേളനം അടുത്ത മാസം 26-ന് കൊല്ലത്ത് നടക്കുമെന്നാണ് സൂചന. ലയനത്തിന് മുന്നോടിയായി ഈ മാസം 21-ന് ഔദ്യോഗിക വിഭാഗവും 22-ന് ഷിബു ബേബി ജോണ്‍ വിഭാഗവും യോഗം ചേരും.
ഇരു പാര്‍ട്ടികളും ഒന്നാകുമെന്ന ഉറപ്പിലാണ് കൊല്ലം സീറ്റ് ആര്.എസ്.പിക്ക് നല്കാന് യു.ഡി.എഫ് തയാറായത്. കൊല്ലം ലോക്സഭാ സീറ്റ് സി.പി.ഐ.എം നിഷേധിച്ചതിനെത്തുടര്‍ന്ന് എല്‍.ഡി.എഫ് വിട്ടതായി ആര്.എസ്.പി. പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ആര്.എസ്.പി സംസ്ഥാന സമിതി ഓഫീസിലെത്തിയ ഷിബു ബേബി ജോണ്‍ ലയന സൂചന നല്‍കിയിരുന്നു. ഇതിനുപിന്നാലെ യോഗം ചേര്‍ന്ന ആര്.എസ്.പി-ബി സംസ്ഥാന സമിതി ലയനനിര്‍ദേശം അംഗീകരിക്കുകയും ചെയ്തിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷമായിരിക്കും ലയന സമ്മേളനം. ലയനതീരുമാനം പ്രഖ്യാപിക്കുന്ന മുറയ്ക്ക് ആര്.എസ്.പികളുടെ ശക്തികേന്ദ്രമായ കൊല്ലത്ത് സമ്മേളനം സംഘടിപ്പിക്കും. ആര്.എസ്.പി ഘടകങ്ങള്‍ ലയനത്തിനൊരുങ്ങുമ്പോഴും ഔദ്യോഗിക വിഭാഗത്തിന്റെ ദേശീയഘടകവും സംസ്ഥാന ഘടകവും രണ്ടുപക്ഷത്താണ്.
എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫില്‍ ചേരാനുള്ള ആര്.എസ്.പി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അഖിലേന്ത്യാ നേതൃത്വത്തിന്റെ ഭാഗമായ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ ചന്ദ്രചൂഡന് അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ അതേസമയം ചന്ദ്രചൂഡന് ഒഴികെയുള്ള ദേശീയനേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോട് ഇതുവരെ യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. അതിനാല്‍ ഇതു സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്.