ബംഗളൂരു സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുൽ നാസർ മദനിക്ക് തല്ക്കാലം ജാമ്യമില്ലെന്ന് സുപ്രീം കോടതി. മദനി ആശുപത്രിയില്‍ തന്നെ തുടരണമെന്നും കോടതി നിര്‍ദേശിച്ചു. കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസം മദനിയെ കർണാടക പൊലീസ് മണിപ്പാൽ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. മദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ജാമ്യത്തിനും സഹതാപത്തിനും വേണ്ടിയാണ് അസുഖമുണ്ടെന്ന് പറയുന്നതെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയിൽ സത്യവാങ്മൂലം നല്‍കിയിരുന്നു.
പ്രമേഹം മൂർച്ഛിച്ച് വലതുകണ്ണിനും കൈകാലുകൾക്കും അവശതയുണ്ടെന്നും സ്വതന്ത്ര ചികിത്സയ്ക്കായി ജാമ്യം നൽകണമെന്നുമാണ് മദനിയുടെ വാദം. മദനിക്ക് ഇപ്പോള്‍ മണിപ്പാൽ ആശുപത്രിയിലും അഗർവാൾ ആശുപത്രിയിലും കോടതി നിർദേശപ്രകാരം ചികിത്സ നൽകുന്നുണ്ട്. ഇത് അപര്യാപ്തമാണെന്നാണ് അദ്ദേഹം പറയുന്നത്.
മദനിക്ക് ചികിത്സയുടെ പേരില്‍ ജാമ്യം നല്‍കരുതെന്ന് നേരത്തെ കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മദനിക്ക് ചികിത്സ നല്കാന് നാല് തവണ കര്‍ണ്ണാടക തയ്യാറായിട്ടും മദനി ചികിത്സക്ക് വഴങ്ങിയില്ലെന്ന് കോടതിയില്‍ അറിയിച്ച കര്‍ണ്ണാടക സര്‍ക്കാരിനോട് ഇക്കാര്യമറിച്ചുളള സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതിതന്നെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.