ഫെയര്‍നസ് ക്രീമുകള്‍ ഉപയോഗിച്ചാല്‍ നമ്മളെയൊക്കെ കാണാന്‍ രസമായിരിക്കുമെന്നാണ് ചലച്ചിത്ര താരങ്ങള്‍ അടക്കമുള്ളവരുടെ ഉപദേശം. എന്നാല്‍, ഈ ഉല്‍പ്പന്നങ്ങളിലും ‘രസം’ ഉണ്ടെന്നാണ് ഒരു പഠനം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ രസമാകട്ടെ, ലോകം മുഴുവന്‍ അങ്ങേയറ്റം വിഷകരമായി കണക്കാക്കുന്ന ലോഹമാണെന്ന് മാത്രം. പല സ്ത്രീകളുടേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ലിപ് സ്റ്റിക്ക് ആകട്ടെ, കാന്‍സറിന് കാരണമാകുന്ന ക്രോമിയം അനുവാദനീയമായ അളവിലും കൂടുതല്‍ അടങ്ങുന്നതും.
സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളിലെ ഖനലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ ലക്ഷ്യമിട്ട് ഡെല്‍ഹിയില്‍ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്വയന്മെന്റ് (സി.എസ്.ഇ) നടത്തിയ പഠനമാണ് ആശങ്കാജനകമായ ഈ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളില്‍ രസം (Mercury) ചേര്‍ക്കാന്‍ അനുവാദമില്ല. എന്നാല്‍, പരിശോധിച്ച ഫെയര്‍നസ് ക്രീം സാമ്പിളുകളില്‍ 44 ശതമാനത്തിലും രസത്തിന്റെ സാന്നിധ്യം കണ്ടെത്തി. ലിപ് സ്റ്റിക്ക് സാമ്പിളുകളില്‍ പകുതി എണ്ണത്തില്‍ ക്രോമിയവും 43 ശതമാനം എണ്ണത്തില്‍ നിക്കലും കണ്ടെത്തി. ലെഡ്, കാഡ്മിയം എന്നീ ലോഹങ്ങളുടെ സാന്നിധ്യവും പരിശോധിച്ചെങ്കിലും ഇവ സാമ്പിളുകളില്‍ ഉണ്ടായിരുന്നില്ല.
ഉല്‍പ്പന്നങ്ങളില്‍ രസത്തിന്റെ സാന്നിധ്യം അനധികൃതവും നിയമവിരുദ്ധവുമാണെന്ന് സി.എസ്.ഇ ഡയറക്ടര്‍ സുനിത നരൈന് ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ നിയന്ത്രണങ്ങള്‍ ദുര്‍ബ്ബലവും നിലനില്‍ക്കുന്ന നിയമങ്ങള്‍ ഒട്ടും നടപ്പിലാക്കുന്നില്ല എന്നതുമാണ് ഈ കണ്ടെത്തല്‍ തെളിയിക്കുന്നതെന്ന് പരീക്ഷണത്തിന് നേതൃത്വം കൊടുത്ത ചന്ദ്ര ഭൂഷന്.
നാല് വിഭാഗങ്ങളിലെ 73 ഉല്‍പ്പന്നങ്ങളാണ് സി.എസ്.ഇയുടെ മലിനീകരണ നിരീക്ഷണ വിഭാഗം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ സ്ത്രീകള്‍ക്കുള്ള 26-ഉം പുരുഷന്മാര്ക്കുള്ള ആറും അടക്കം 32 ഫെയര്‍നസ് ക്രീമുകളില്‍ രസത്തിന്റേയും 30 ലിപ് സ്റ്റിക്കുകള്‍, എട്ടു ലിപ് ബാമുകള്‍, മൂന്ന് ആന്റി-ഏജിംഗ് ക്രീമുകളില്‍ ലെഡ്, കാഡ്മിയം, ക്രോമിയം, നിക്കല്‍ എന്നീ ലോഹങ്ങളുടെ സാന്നിധ്യവുമാണ് പരിശോധിച്ചത്. ഇന്ത്യയിലെയും വിദേശത്തേയും കമ്പനികളുടെ ഈ ഉല്‍പ്പന്നങ്ങളില്‍ ഏതാനും ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങളും അടങ്ങുന്നു.
14 ഫെയര്‍നസ് ക്രീമുകളില്‍ 0.10 മുതല്‍ 1.97 പി.പി.എം (പാര്‍ട്സ് പേര് മില്ല്യന്‍)വരെ അളവിലാണ് രസത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമവും ചട്ടങ്ങളും പ്രകാരം ഈ ഉല്‍പ്പന്നങ്ങളില്‍ രസത്തിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ബ്ലോസം കൊച്ചാര്‍ ഉല്‍പ്പാദിപ്പിക്കുന്ന അരോമ മാജിക് ഫെയര്‍ ലോഷനിലാണ് രസത്തിന്റെ അളവ് ഏറ്റവും കൂടുതല്‍ (1.97 പി.പി.എം). പ്രോക്ടര്‍ ആന്‍ഡ് ഗാമ്പിളിന്റെ ഒലെ നാച്ചുറല്‍ വൈറ്റ് (1.79 പി.പി.എം) ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ പോണ്ട്സ് വൈറ്റ് ബ്യൂട്ടി (1.36 പി.പി.എം) എന്നിവ തൊട്ടുപിന്നില്‍.
പരിശോധിച്ച 30 ലിപ് സ്റ്റിക്കില്‍ 15 എണ്ണത്തില്‍ 0.45 മുതല്‍ 17.83 പി.പി.എം വരെയാണ് ക്രോമിയത്തിന്റെ അളവ് കണ്ടെത്തിയത്. കളര്ബാറിന്റെ ഹാര്‍ട്ട്സ് ആന്‍ഡ് ടാര്ട്ട്സ് (080 V) ആണ് ഏറ്റവും കൂടുതല്‍ അളവില്‍ ക്രോമിയം അടങ്ങിയിട്ടുള്ളത്. 0.57 മുതല്‍ 9.18 പി.പി.എം വരെയാണ് 13 ബ്രാന്‍ഡുകളില്‍ നിക്കല്‍ കണ്ടെത്തിയത്. ലോറിയല് ഉല്‍പ്പന്നത്തിലാണ് ഇതില്‍ ലോഹത്തിന്റെ അളവ് ഏറ്റവും കൂടുതല്‍.
ലിപ് ബാമുകളിലും ആന്റി ആന്റി-ഏജിംഗ് ക്രീമുകളിലും ലോഹങ്ങളുടെ സാന്നിധ്യമുള്ളതായി പരീക്ഷണത്തില്‍ കണ്ടെത്തിയില്ല.
ഇത്തരം ലോഹങ്ങള്‍ ഒരു വ്യക്തിയ്ക്ക് ഒരു ദിവസം സ്വീകാര്യമായ ഉപഭോഗത്തിന്റെ കണക്ക് (എ.ഡി.ഐ) ഇന്ത്യ നിലവില്‍ നിശ്ചയിച്ചിട്ടില്ല. എന്നാല്‍, യു.എസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ കണക്കനുസരിച്ച് രസത്തിന്റെ എ.ഡി.ഐയുടെ 71 ശതമാനം വരെ ഫെയര്‍നസ് ക്രീമുകളില്‍ നിന്ന് ലഭിക്കാമെന്ന് സി.എസ്.ഇ കണക്കാക്കുന്നു. ഭക്ഷണം, വെള്ളം, വായു തുടങ്ങിയവയില്‍ നിന്ന് ഇത് നൈസര്‍ഗ്ഗികമായി വ്യക്തിയ്ക്ക് ലഭിക്കുന്നതിന്റെ ഒപ്പം ഇത് കൂടി ചേരുമ്പോള്‍ പരിധിയില്‍ കവിഞ്ഞ അളവില്‍ ലോഹം അകത്ത് ചെല്ലാനുള്ള സാധ്യത കൂടുതലാണ്. വൃക്കയുടെ തകരാറിനും തൊലിയെ ദോഷകരമായി ബാധിക്കുന്നതിനും പുറമേ ന്യൂറോടോക്സിന്‍ ആയ കൃത്രിമ രസം ഉല്‍ക്കണ്ഠ, ഡിപ്രഷന്, മതിഭ്രമം തുടങ്ങിയ മാനസിക അസ്വസ്ഥതകള്‍ക്കും കാരണമാകാം.
പരിശോധിച്ച 13 ലിപ് സ്റ്റിക്കുകളില്‍ ഒന്ന് ദിനംദിനമായി ഉപയോഗിക്കുന്ന ഒരാളില്‍ ക്രോമിയത്തിന്റെ അളവ് എ.ഡി.ഐ പരിധിക്ക് മുകളില്‍ പോകാമെന്ന് സി.എസ്.ഐ കണക്കാക്കുന്നു. മനുഷ്യരില്‍ കാന്‍സറിന് കാരണമാകാവുന്ന ഒന്നാണ് ക്രോമിയം.
പരിശോധനാ ഫലങ്ങള്‍ ഉല്‍പ്പാദകരായ 14 കമ്പനികളെ കാണിച്ചെങ്കിലും ഏഴു കമ്പനികള്‍ മാത്രമേ പ്രതികരിച്ചുള്ളൂ എന്ന് സി.എസ്.ഇ പറയുന്നു. ഉല്‍പ്പന്നങ്ങളുടെ ഘടകങ്ങളില്‍ നിന്ന് വരുന്ന ‘ട്രേസ്’ ആണിതെന്നും ഇത് ഒഴിവാക്കാനാകില്ലെന്നുമാണ് കമ്പനികളുടെ മറുപടിയെന്ന് സി.എസ്.ഇ പറയുന്നു.